ദേശീയ തലത്തിൽ ഇക്കുറി അനിമേഷൻ വിഭാഗവും; മികച്ച ചിത്രം ‘ബ്രഹ്മാസ്ത്ര’
Mail This Article
ദേശീയ ചലച്ചിത്ര അവാർഡുകളിൽ ഇക്കുറി എവിജിസി (അനിമേഷൻ, വിഷ്വൽ ഇഫക്ട്, ഗെയിമിങ് ആൻഡ് കോമിക്) വിഭാഗം കൂടി ഉൾപ്പെടുത്തി. അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്ര: പാർട്ട് 1 ശിവ ആണ് ഈ വിഭാഗത്തിലെ മികച്ച ചിത്രം. ‘ബ്രഹ്മാസ്ത്ര’യിലെ ഗാനങ്ങളിലൂടെ പ്രീതം മികച്ച സംഗീത സംവിധായകനായി. ഇതിലെ ‘കേസരിയ’ എന്ന ഗാനത്തിലൂടെ അർജിത് സിങ് മികച്ച ഗായകനായി.
ഇന്ദിരാ ഗാന്ധിയും നർഗീസ് ദത്തും പുറത്ത്
ന്യൂഡൽഹി ∙ ദേശീയ ചലച്ചിത്ര പുരസ്കാര സമിതിയുടെ പരിഗണനയ്ക്കു ലഭിച്ചത് 309 ചിത്രങ്ങൾ. പ്രാദേശിക ജൂറികൾ തിരഞ്ഞെടുത്തു നൽകിയ 70 ൽ ഏറെ ചിത്രങ്ങളാണു കേന്ദ്ര ജൂറിയുടെ മുന്നിലെത്തിയത്. മികച്ച നടനുള്ള പുരസ്കാരത്തിനു മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങളുടെ പേരു സജീവമായിരുന്നെങ്കിലും ഋഷഭ് ഷെട്ടിക്കൊപ്പം മറ്റാരെയും പരിഗണിച്ചിരുന്നില്ലെന്നാണു വിവരം.
പ്രാദേശിക ഭാഷകളിൽ നിന്ന് ഒട്ടേറെ മികച്ച സിനിമകൾ എത്തുന്നുണ്ടെന്നു ജൂറി അംഗങ്ങൾ പറയുന്നു. ബോളിവുഡിന്റെ പ്രാതിനിധ്യം അവാർഡിൽ കുറയാനുള്ള കാരണങ്ങളിലൊന്നും ഇതാണെന്ന് ഇവർ പറഞ്ഞു. ബോളിവുഡ് സംവിധായകൻ രാഹുൽ റവാലിയുടെ അധ്യക്ഷതയിലുള്ള 11 അംഗ കേന്ദ്ര ജൂറിയിൽ മലയാളികളായ പി. സുകുമാർ, രാജേഷ് ടച്ച്റിവർ എന്നിവരും ഉൾപ്പെട്ടിരുന്നു.
ഇക്കുറി മുതൽ വിവിധ പുരസ്കാരങ്ങളുടെ തുക വർധിപ്പിക്കുകയും ചില അവാർഡുകൾ ഒരുമിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരത്തിൽ നിന്ന് ഇന്ദിരാഗാന്ധിയുടെ പേരും മികച്ച ദേശീയോദ്ഗ്രഥന പുരസ്കാരത്തിൽ നിന്നു നർഗീസ് ദത്തിന്റെ പേരും ഒഴിവാക്കി.