പുതിയ ശബ്ദങ്ങൾ പറയട്ടെ; ഭാഗ്യലക്ഷ്മിക്ക് പറയാനുള്ളത്
Mail This Article
വെബ് സീരിസുകളും ടെലിവിഷൻ സീരിയലുകളും മൊഴിമാറ്റ സിനിമകളുമൊക്കെ സജീവമായതോടെ മിക്ക ഡബ്ബിങ് ആർട്ടിസ്റ്റുകൾക്കും ഇപ്പോൾ നല്ല തിരക്കാണ്. പുതിയ ശബ്ദങ്ങളെ അവതരിപ്പിക്കാൻ ഫെഫ്ക ഡബ്ബിങ് യൂണിയന്റെ നേതൃത്വത്തിൽ 10 കൊല്ലം മുൻപ് തന്നെ ശ്രമം നടത്തിയിരുന്നു. കേട്ടു പഴകിയ ശബ്ദം, എല്ലാ നായികമാർക്കും ഒരേ ശബ്ദം എന്നൊക്കെയുള്ള വിമർശനങ്ങളെ തുടർന്നായിരുന്നു ഇത്. ഒട്ടേറെ അപേക്ഷകൾ ഇപ്പോഴും യൂണിയനു ലഭിക്കുന്നുണ്ട്.
സംവിധായകരുടെയും സൗണ്ട് എൻജിനീയറുടെയുമെല്ലാം നേതൃത്വത്തിൽ വിവിധ പരീക്ഷകളിലൂടെയാണ് പുതിയ ശബ്ദങ്ങളെ കണ്ടെത്തുന്നത്.
മൂവായിരത്തിലധികം അപേക്ഷകളിൽ നിന്ന് പരിശോധന കഴിയുമ്പോൾ പത്തിൽ താഴെ ആളുകളെയാവും മികച്ചതായി ലഭിക്കുന്നത്.
തരക്കേടില്ലാത്ത ശബ്ദങ്ങളെയും ക്രൗഡ് വോയിസിനായും മറ്റും പരിഗണിക്കാറുണ്ട്. നല്ല ശബ്ദം മാത്രമല്ല ഒരു ഡബ്ബിങ് ആർട്ടിസ്റ്റിന്റെ യോഗ്യത. ഉച്ചാരണ ശുദ്ധി,അഭിനയം, ശബ്ദ വിന്യാസം എല്ലാത്തിനുമുപരി സിനിമയോട് അഭിനിവേശവും ക്ഷമയുമൊക്കെ ഉണ്ടാവണം.
പിന്നിട്ട ശബ്ദങ്ങൾ
മലയാള സിനിമയിലെ ആദ്യ ഡബ്ബിങ് ആർട്ടിസ്റ്റ് ആര് എന്നത് ഇന്നും ഒരു ചോദ്യ ചിഹ്നമായി നിൽക്കുന്നു. ആർക്കും അത് അറിയില്ല,അറിയാൻ താൽപര്യവുമില്ല. കഴിഞ്ഞ 10 വർഷമായി ഞാൻ ഈ ശബ്ദതാരത്തെ തേടിയുള്ള യാത്രയിലാണ്. ആദ്യത്തെ സിനിമ, നിർമാതാവ്, സംവിധായകൻ, നടൻ, നടി, സംഗീതം എല്ലാം രേഖകളിലുണ്ട്. എന്നാൽ ഡബ്ബിങ് എന്ന ആശയം, ആ ശബ്ദം ആരുടേതാണ്? ആർക്കുമറിയില്ല.
1938 ൽ ഇറങ്ങിയ ബാലൻ എന്ന ശബ്ദ ചിത്രം മുതൽ എല്ലാ സിനിമകളിലും നടീനടന്മാർ സ്വന്തം ശബ്ദമാണ് ഉപയോഗിച്ചിരുന്നത്.
അന്ന് ഡബ്ബിങ് ഇല്ല. ലൈവ് സൗണ്ട് ആയിരുന്നു. ഏത് കാലഘട്ടത്തിലാണ് ഡബ്ബിങ് എന്ന ആശയം രൂപപ്പെടുന്നത്, ആരാണ് അത് തുടങ്ങി വച്ചത് എന്നതും ആർക്കും അറിയില്ല. അൻപതുകളിൽ ബി.എസ്.സരോജ, കുശല കുമാരി എന്നീ ഇതരഭാഷാ നടിമാർ
രംഗപ്രവേശം ചെയ്തതോടെയാണ് ശബ്ദം കടമെടുത്തു തുടങ്ങിയത്. അന്ന് ആ സിനിമയിൽ ഉപനായിക, അനിയത്തി, അമ്മ വേഷങ്ങൾ ചെയ്യുന്നവരായിരുന്നു ഈ നടിമാർക്കും ശബ്ദം നൽകിയിരുന്നത്. 1950ൽ ‘ജീവിതനൗക’ എന്ന സിനിമയിൽ ബി.എസ്.സരോജയ്ക്കു ശബ്ദം നൽകിയത് ആ സിനിമയിൽ ചെറിയൊരു കഥാപാത്രത്തിൽ അഭിനയിച്ച മുതുകുളം ജഗദമ്മയാണ്. അതിന് ശേഷം ബി.എസ്.സരോജയുടെ സിനിമകൾക്കു ശബ്ദം നൽകിയത് സി.എസ്.രാധാദേവിയും, കാഞ്ചനയും, കൊച്ചിൻ അമ്മിണിയും ആയിരുന്നു. ടി.പി.രാധാമണി, രാജമ്മ മീനാക്ഷി സഹോദരിമാർ, രമണി, സംഗീത,രാജമ്മ എന്നിവരെല്ലാം 1960,70 കളിലെ നായികമാരുടെ ശബ്ദങ്ങളായിരുന്നു. 1988 വരെ ഡബ്ബിങ് ആർട്ടിസ്റ്റുകൾക്ക് കൃത്യമായ വേതന വ്യവസ്ഥ ഇല്ലായിരുന്നു. നിർമാതാക്കൾ തരുന്നത് വാങ്ങി പോവുക എന്നതായിരുന്നു രീതി. ഫെഫ്ക ഡബ്ബിങ് യൂണിയൻ രൂപീകരിച്ചതോടെയാണ് കാര്യങ്ങൾക്ക് മാറ്റമുണ്ടായത്.