പണ്ട് സൗകര്യങ്ങൾ കുറവ്, ഇപ്പോഴും അങ്ങനെയെങ്കിൽ തെറ്റ്; പഠിച്ചിട്ട് പ്രതികരിക്കാമെന്ന് ബാബുരാജ്
Mail This Article
ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ചതിനു ശേഷം മാത്രമേ കൂടുതൽ പ്രതികരിക്കാൻ കഴിയൂ എന്ന് നടനും താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് അംഗവുമായ ബാബുരാജ്. ധാരാളം പേജുകളുള്ള റിപ്പോർട്ടിലെ ചില വിവരങ്ങൾ മാത്രമാണ് മാധ്യമങ്ങൾ കാണിക്കുന്നത്. പണ്ട് വസ്ത്രം മാറാൻ സാരി വലിച്ചു കെട്ടിയ ഒരു മറ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഭാര്യയും നടിയുമായ വാണി വിശ്വനാഥ് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ന് അങ്ങനെ അല്ല. കാരവൻ ഒക്കെ ഉള്ള അവസ്ഥയിലും സ്ത്രീകൾക്ക് സൗകര്യങ്ങൾ നൽകുന്നില്ലെങ്കിൽ അത് തെറ്റാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു താരം.
ബാബുരാജിന്റെ വാക്കുകൾ: "ധാരാളം പേജുകളുള്ള ഒരു റിപ്പോർട്ടാണ് ഹേമ കമ്മറ്റി റിപ്പോർട്ട്. ചാനലിൽ കാണിക്കുന്നത് ഹേമ കമ്മിഷൻ റിപ്പോർട്ടിലെ ഏതാനും വരികൾ മാത്രമാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ അത് കാണിക്കുന്നത് എന്നുള്ളത് ജനറൽ സെക്രട്ടറി മുതൽ ഞങ്ങൾക്ക് എല്ലാവർക്കും റിപ്പോർട്ട് വിശദമായി പഠിച്ചതിനുശേഷം മാത്രമേ മറുപടി പറയാൻ കഴിയൂ. അതിനകത്ത് എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് അറിഞ്ഞിട്ടേ പറയാൻ കഴിയൂ."
"ഇപ്പോൾ വാർത്തകൾ വരുന്നതിൽ ജൂനിയർ ആർട്ടിസ്റ്റ് എന്നൊക്കെ പറയുന്നുണ്ട്. ഞാൻ ഒക്കെ ജൂനിയർ ആർട്ടിസ്റ്റ് ആയി വന്ന ആളാണ്. നമ്മളൊക്കെ എത്രയോ കാലമായി വർക്ക് ചെയ്യുന്നവരാണ്. റിപ്പോർട്ടിൽ എന്താണെന്ന് പഠിച്ചിട്ട് മാത്രമേ പ്രതികരിക്കാൻ കഴിയൂ. എന്റെ ഭാര്യ വാണി പറഞ്ഞിട്ടുണ്ട് ഷൂട്ടിങ് നടക്കുമ്പോൾ ഒരു സാരി വച്ച് മറച്ചിട്ടാണ് വസ്ത്രം മാറിയിട്ടുള്ളത് എന്ന്. പണ്ടത്തെ കാലം അങ്ങനെയാണ്. ഇപ്പോഴാണ് കാരവാനൊക്കെ വന്നത്. ഇപ്പോഴും സൗകര്യം കൊടുക്കുന്നില്ലെങ്കിൽ അത് തെറ്റാണ്."
"മൊബൈൽ കാലഘട്ടം വന്നപ്പോൾ ആർക്കു വേണമെങ്കിലും എന്തും ഷൂട്ട് ചെയ്യാം, പുറത്തു വിടാം എന്ന അവസ്ഥയാണ്. സുരക്ഷിതമല്ലാത്ത ഒരു അവസ്ഥ വന്നിരിക്കുന്നു. തീർച്ചയായും റിപ്പോർട്ട് പഠിച്ചിട്ട് വേണ്ട കാര്യങ്ങൾ ചെയ്യുന്നതാണ്." ബാബുരാജ് പറഞ്ഞു.