ADVERTISEMENT

മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരാമർശിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിട്ടതിന്റെ സന്തോഷം പങ്കുവച്ച് ഡബ്ല്യൂസിസി. 'ഇത് ചരിത്ര നിമിഷം' എന്ന അടിക്കുറിപ്പോടെ ഡബ്ല്യൂസിസി അംഗങ്ങളുമായുള്ള വിഡിയോ കോളിന്റെ സ്ക്രീൻഷോട്ട് നടിയും സംവിധായികയുമായ രേവതി സമൂഹമാധ്യമത്തിൽ പങ്കുവച്ചു. 

രേവതിയുടെ വാക്കുകൾ: "2024 ഓഗസ്റ്റ് 19, ഉച്ചയ്ക്ക് 2:30: തീർച്ചയായും ഇതൊരു ചരിത്ര നിമഷമാണ്. അഞ്ചു വർഷത്തെ കോടതി സ്‌റ്റേകൾക്കും ഡബ്ല്യൂസിസിക്കുള്ളിലെ മണിക്കൂറുകളോളം നീണ്ട ചർച്ചകൾക്കും അഭിഭാഷകരുമായുള്ള സംവാദങ്ങൾക്കും അവരുടെ ഉപദേശങ്ങൾക്കും മറ്റു തടസങ്ങൾക്കും ഒടുവിൽ 233 പേജുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് കേരള സർക്കാർ പുറത്തിറക്കി. ഇനിയാണ് ഞങ്ങളുടെ ശരിക്കുള്ള ജോലികൾ തുടങ്ങുന്നത്. റിപ്പോർട്ടിലെ കാര്യങ്ങൾ വായിച്ചു മനസിലാക്കി അതിലെ നിർദേശങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്. ഒരു ഡബ്ല്യൂസിസി അംഗമെന്ന നിലയിൽ ഈ റിപ്പോർട്ടിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കിയ എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ഈ സമൂഹത്തിൽ ഞങ്ങൾക്കെല്ലാവർക്കും ഒരു വ്യക്തിത്വം നൽകിയ ഫിലിം ഇൻഡസ്ട്രിയെ കൂടുതൽ സുരക്ഷിതവും മെച്ചപ്പെട്ടതുമായ ഒരു മേഖലയാക്കി പരിവർത്തനം ചെയ്യാൻ ഞങ്ങൾ തുടർന്നും പരിശ്രമിക്കും. ഇതിനൊപ്പം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ദീർഘനാളത്തെ വൈകാരിക യുദ്ധങ്ങൾക്കും ചർച്ചകൾക്കും ഒടുവിലെ യഥാർഥ സന്തോഷത്തിന്റേതാണ്. ഉദ്വേഗഭരിതമായ ഈ അവസാനം തീർച്ചയായും എല്ലാക്കാലവും ഓർമിക്കപ്പെടും. ഡബ്ല്യൂസിസി എന്ന നിലയിൽ ഞങ്ങളെ വിശ്വസിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി." 

ചലച്ചിത്രമേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ 233 പേജുകൾ വിവരാവകാശ നിയമപ്രകാരം സർക്കാർ പുറത്തുവിട്ടിരുന്നു. ഉച്ചയ്ക്കു രണ്ടരയോടെയാണു വിവരങ്ങൾ പുറത്തുവിട്ടത്. റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മിഷൻ ജൂലൈ 5നു നൽകിയ ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായാണു നടപടി. 

ജൂലൈ 25നു മുൻപ് റിപ്പോർട്ട് പുറത്തുവിടാനാണ് കമ്മിഷൻ നിർദേശിച്ചതെങ്കിലും ഹൈക്കോടതിയിൽ വന്ന ഹർജികളെ തുടർന്നു നടപടികൾ നീണ്ടുപോയി. റിപ്പോർട്ട് ലഭിക്കാൻ കമ്മിഷന് അപ്പീലും പരാതിയും നൽകിയവരുമായ 5 പേർക്കും കൂടാതെ പിന്നീട് അപ്പീൽ നൽകിയവരായ 12 പേർക്കുമാണ് റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാൻ അർഹതയുണ്ടായിരുന്നത്. മുൻപു സാംസ്കാരിക വകുപ്പിൽ അപ്പീൽ നൽകിയിട്ടും റിപ്പോർട്ട് ലഭിക്കാത്തവരാണ് കമ്മിഷന് മുൻപിൽ പരാതി നൽകിയത്.

English Summary:

'This is a historic moment'; WCC celebrates release of Hema Committee report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com