ADVERTISEMENT

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനുള്ള അവാർഡ് ലഭിച്ച പൃഥ്വിരാജിന്റെ വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് ഭാര്യ സുപ്രിയ മേനോൻ.  മനോഹരമായ പിങ്ക് പൂക്കളുടെ ബൊക്കേയും കേക്കും പൃഥ്വിരാജിന് സമ്മാനിച്ചാണ് സുപ്രിയ ഭർത്താവിന്റെ നേട്ടം ആഘോഷിച്ചത്. 

ആടുജീവിതത്തിനൊപ്പം പൃഥ്വിരാജ് കടന്നുപോയ അതികഠിനമായ  പരിശ്രമങ്ങൾക്ക് ഒപ്പം പിന്തുണയുമായി നിന്ന വ്യക്തിയാണ് സുപ്രിയ. മരുഭൂമിയിൽ നടന്ന ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനിടെ ശരീരഭാരം കുറച്ച് ക്ഷീണിതനായിരിക്കുന്ന പൃഥ്വിരാജിനെ സുപ്രിയയും മകൾ അലംകൃതയും സന്ദർശിച്ചപ്പോഴെടുത്ത ചിത്രങ്ങൾക്കൊപ്പം വികാരഭരിതമായ കുറിപ്പ് ഒരിക്കൽ സുപ്രിയ പങ്കുവച്ചിരുന്നു.  നജീബിന്റെ ശരീരത്തിലേക്ക് കൂടുമാറാൻ ഭ്രാന്തമായ ഉപവാസങ്ങളിലൂടെ കടന്നുപോയ സ്വന്തം ഭർത്താവിനോപ്പം ആശങ്ക അടക്കിപ്പിടിച്ച് ജീവിച്ച സുപ്രിയയുടെ നേട്ടം കൂടിയാവുകയാണ് പൃഥ്വിരാജിന്റെ ഈ പുരസ്‌കാര നേട്ടം.

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം മികച്ച നടനുള്ള പുരസ്‌കാരം ഉൾപ്പടെ ഒൻപത് പുരസ്‌കാരങ്ങളാണ് സംസ്ഥാന ചലച്ചിത്ര അവാർഡിൽ നേടിയത്. ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് നടത്തിയ ത്യാഗവും സമര്‍പ്പണവും സിനിമയുടെ ചിത്രീകരണ വേളയില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു. ആടുജീവിതത്തിന് വേണ്ടി 72 മണിക്കൂറോളം തുടര്‍ച്ചയായി ഭക്ഷണം കഴിക്കാതെയിരിക്കുകയും വെള്ളമോ കാപ്പിയോ മാത്രം കുടിച്ചുമാണ് നജീബ് എന്ന കഥാപാത്രമായി പൃഥ്വിരാജ് മാറിയത്. 31 കിലോയോളം ഭാരമാണ് ആടുജീവിതത്തിന് വേണ്ടി പൃഥ്വിരാജ് കുറച്ചത്. 

ജീവിതത്തിന്റെ പരീക്ഷണഘട്ടങ്ങളില്‍ പെട്ടുപോയ ഒരു മനുഷ്യന്റെ അതിജീവനത്വരയെയും നിസ്സഹായതയെയും അതിനു ശേഷമുള്ള ശരീരഭാഷയെയും തന്മയത്വത്തോടെ അവതരിപ്പിച്ച പ്രകടന മികവിനാണ് പൃഥ്വിരാജിനെ ജൂറി ഏറ്റവും മികച്ച നടനായി തിരഞ്ഞെടുത്തത്. അവസാന വട്ട മത്സരത്തില്‍ നടന്‍ മമ്മൂട്ടിയോട് മത്സരിച്ചാണ് പൃഥ്വിരാജ് ഈ നേട്ടം സ്വന്തമാക്കിയത്.

English Summary:

Supriya Menon sweetly celebrates Prithviraj Sukumaran's Best Actor win at the 54th Kerala State Film Awards! See how she marked his "Aadujeevitham" achievement and their journey together.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com