ചുരിദാർ ഇട്ടതിനാൽ കണ്ടന്റായി ആവശ്യമുള്ളത് കിട്ടിയില്ലെന്നു പറഞ്ഞു: തുറന്നു പറഞ്ഞ് മാളവിക
Mail This Article
സമൂഹമാധ്യമങ്ങളിലെ ആക്രമങ്ങളെക്കുറിച്ചും നിയന്ത്രണമില്ലായ്മയെക്കുറിച്ചും തുറന്നു പറഞ്ഞ് നടി മാളവിക മേനോൻ. സോഷ്യൽ മീഡിയയിൽ ആരുടെ മുഖമാണോ പ്രദർശിപ്പിക്കുന്നത് അവർക്കാണ് വിമർശനം ലഭിക്കുകയെന്നും മോശം രീതിയിൽ ചിത്രങ്ങളും വിഡിയോയും എടുത്ത് പ്രചരിപ്പിക്കുന്നവർക്ക് ഒന്നും സംഭവിക്കില്ലെന്നും മാളവിക പറയുന്നു.
‘സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ ഇല്ലാത്തതുകൊണ്ടാണ് തോന്നുന്നത് പറയുന്നത്. സോഷ്യൽ മീഡിയയിൽ ആരുടെ മുഖമാണോ പ്രദർശിപ്പിക്കുന്നത് അവർക്കാണ് തെറി കിട്ടുന്നത് അല്ലാതെ മോശം രീതിയിൽ ചിത്രങ്ങളും വിഡിയോയും എടുത്തിട്ടു പ്രചരിപ്പിക്കുന്നവർക്കല്ല. ഓരോരുത്തരും അവരവരുടെ പേജിനു വ്യൂ കിട്ടാൻ വേണ്ടി അവർക്ക് എന്താണോ ആവശ്യം അതാണ് പോസ്റ്റ് ചെയ്യുന്നത്. കണ്ടന്റ് ഇടുമ്പോൾ വേണമെങ്കിൽ നല്ല രീതിയിൽ ചെയ്യാം. സൈബർ അറ്റാക്ക് എപ്പോഴും ഉണ്ടാകാറുണ്ട്. സമൂഹമാധ്യമങ്ങൾ ഇപ്പോൾ കൂടുതൽ വ്യാപകമായി എല്ലാവരും ഉപയോഗിക്കുന്നതുകൊണ്ട് അത് കുറച്ചു കൂടുതലാണ്. ഒരു ലൈസൻസ് ഇല്ലാതെ എന്തും പറയുകയാണ്. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഇത് അനുഭവിക്കുന്നുണ്ട്. ഈ പ്രവണത വളരെ മോശമായിട്ടാണ് തോന്നുന്നത്. നമ്മളെ ഒന്നും നേരിട്ട് അറിയാത്ത ആൾക്കാരാണ് നമ്മളെപ്പറ്റി ഓരോന്ന് പറയുന്നത് പറയുന്നത്.’ മാളവിക പറയുന്നു.
‘ഒരിക്കൽ ഒരു പരിപാടിക്ക് പോയപ്പോൾ ഞാൻ ചുരിദാർ ആണ് ഇട്ടിരുന്നത്. എന്റെ ഒപ്പമുള്ളവരോട് നേരത്തെ തന്നെ വിളിച്ചു ചോദിക്കും എന്ത് വസ്ത്രമാണ് ഇട്ടിരിക്കുന്നത് എന്ന്. അവിടെ വന്നു വിഡിയോ എടുത്തിട്ട് പറയുകയാണ് ഞാൻ ഇത് പോസ്റ്റ് ചെയ്യില്ല കാരണം എനിക്ക് കണ്ടന്റായി ആവശ്യമുള്ളത് കിട്ടിയില്ല എന്ന്. ഇതൊക്കെ എന്ത് ചിന്താരീതിയാണ് എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്റെ കൂടെയുള്ളവർ മറുപടി അപ്പോത്തന്നെ പറഞ്ഞിട്ടുണ്ട്. നമ്മളെക്കൊണ്ട് അവർക്ക് ജീവിക്കാൻ പറ്റുന്നുണ്ടെങ്കിൽ ആയിക്കോട്ടെ എന്ന് ഞാനും ആലോചിക്കും.’ മാളവിക പറഞ്ഞു.
‘ഏതൊരു മേഖലയിലായാലും അവർക്ക് സ്‌പേസ് കിട്ടുക എന്നുള്ളത് സ്ത്രീകൾ എപ്പോഴും ആഗ്രഹിക്കുന്ന കാര്യമാണ്. നമുക്ക് ഇഷ്ടമുള്ളത് ചെയ്യാൻ ഒരു സ്പേസ് കിട്ടുക എന്നുള്ളതാണ് പ്രധാനം. അത് കിട്ടിയതിൽ സന്തോഷമുണ്ട്. പുരുഷന്മാരേക്കാൾ ഒട്ടും പിന്നിലല്ല സ്ത്രീകൾ. ഒരുപോലത്തെ പരിശ്രമം തന്നെയാണ് ചെയ്യുന്നത്. ചിലപ്പോഴെങ്കിലും ഒരുപടി മുന്നിൽ തന്നെയാണ്. എന്താണോ ചെയ്യുന്നത് അത് വിജയകരമായി ചെയ്യുക എന്നുള്ളതാണ് വേണ്ടത്.’ മാളവിക കൂട്ടിച്ചേർത്തു.