'കൽക്കിയിൽ പ്രഭാസ് ജോക്കറിനെപ്പോലെ'; വിവാദ പ്രതികരണവുമായി ബോളിവുഡ് താരം അർഷാദ് വാർസി
Mail This Article
കൽക്കിയിൽ പ്രഭാസ് ഒരു ജോക്കറിനെ പോലെ തോന്നിയെന്ന് പ്രമുഖ നടൻ അർഷാദ് വാർസി. അടുത്തിടെ റിലീസ് ചെയ്തതിൽ ഇഷ്ടപ്പെടാത്ത ഒരു ചിത്രം ഏതാണെന്ന് ചോദിച്ചപ്പോഴാണ് താരം കൽക്കിയുടെ പേര് പരാമർശിച്ചത്. അതേസമയം, അമിതാഭ് ബച്ചൻ ചിത്രത്തിൽ അവിശ്വസനീയമായ പ്രകടനം കാഴ്ച വച്ചുവെന്നും അർഷാദ് വാർസി പ്രതികരിച്ചു. ഒരു ഹിന്ദി പോഡ്കാസ്റ്റ് സീരീസിലാണ് താരത്തിന്റെ വിവാദ പ്രതികരണം.
"കൽക്കി എഡി 2898 ഞാൻ കണ്ടു, ആ സിനിമ എനിക്ക് ഒട്ടും ഇഷ്ടമായില്ല. സിനിമ കണ്ടപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോണി. എന്നാൽ, അമിത് ജി അവിശ്വസനീയമായ പ്രകടനമാണ് കാഴ്ചവച്ചത്. എനിക്ക് ആ മനുഷ്യനെ മനസ്സിലാക്കാൻ കഴിയുന്നില്ല. അദേഹത്തിന്റെ കഴിവിന്റെ ഒരംശം എനിക്ക് ലഭിച്ചാൽ എന്റെ ജീവിതം തന്നെ മാറിമറിയും. അമാനുഷികനാണ് അദ്ദേഹം," അർഷാദ് വാർസി പറഞ്ഞു.
"പ്രഭാസ്, എനിക്ക് ശരിക്കും സങ്കടമുണ്ട്, പക്ഷേ, എന്തുകൊണ്ടാണ് അദ്ദേഹം ഒരു ജോക്കറിനെപ്പോലെ അഭിനയിച്ചത്? ഒരു മാഡ് മാക്സിനേയോ ഒരു മെൽ ഗിബ്സണെയോ കാണാനാണ് ഞാൻ ആഗ്രഹിച്ചത്. എന്നിട്ട് അദ്ദേഹം എന്താണ് ചെയ്തത്? എന്തിനാണ് നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുന്നത്?," ഇങ്ങനെയായിരുന്നു അർഷാദ് വാർസിയുടെ വിവാദ പ്രതികരണം.
ഇന്ത്യൻ സിനിമയിലെ അഭിനയ കുലപതികളായ അമിതാഭ് ബച്ചനും കമൽഹാസനും ഒരുമിച്ച കൽക്കിയിൽ കേന്ദ്രകഥാപാത്രമായ ഭൈരവനെയാണ് പ്രഭാസ് അവതരിപ്പിച്ചത്. അശ്വത്ഥാമാവിന്റെ വേഷത്തിൽ അമിതാഭ് ബച്ചനും സുപ്രീം യാസ്കിൻ എന്ന അമാനുഷികമായ കഥാപാത്രമായി കമൽഹാസനുമെത്തിയ ചിത്രം റെക്കോർഡ് ബോക്സ്ഓഫിസ് കലക്ഷൻ നേടിയിരുന്നു.
നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡി സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് തിയറ്ററുകളിൽ 50 ദിവസം പൂർത്തിയാക്കി. വൈജയന്തി മൂവീസ് നിർമിച്ച സിനിമ 1,042 കോടി രൂപയുടെ ഗ്ലോബൽ കലക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ വിപണിയിൽ നിന്ന് 767 കോടിയാണ് കൽക്കി നേടിയത്.