റി റിലീസിങ്ങിന് ‘പാലേരി മാണിക്യം’; ഫോർ കെ ട്രെയിലർ ഇന്നെത്തും
Mail This Article
വിവാദങ്ങൾക്കിടെ രഞ്ജിത് സംവിധാനം ചെയ്ത മമ്മൂട്ടിയുടെ പാലേരി മാണിക്യം സിനിമ വീണ്ടും തിയറ്ററിലെത്തുന്നു. സിനിമയുടെ ഏറ്റവും പുതിയ ഫോര്‍ കെ പതിപ്പാണ് നിര്‍മാതാക്കൾ വീണ്ടും തിയറ്ററുകളിലേക്കെത്തിക്കുന്നത്. ഫോർകെ ട്രെയിലര്‍ ഇന്ന് രാത്രി ഏഴ് മണിക്ക് പുറത്തുവിടും. നിർമാതാവ് മഹാ സുബൈറാണ് റി റിലീസിനു ഇതിനു ചുക്കാൻ പിടിക്കുന്നത്.
പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ രഞ്ജിത് മോശമായി പെരുമാറി എന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലില്‍ വിവാദം കത്തുമ്പോഴാണ് സിനിമ വീണ്ടും തിയറ്ററിലെത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്.
2009ലാണ് പാലേരി മാണിക്യം ഒരു പാതിരാ കൊലപാകത്തിന്റെ കഥ തീയറ്ററിലെത്തുന്നത്. ടി.പി.രാജീവന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഇത്. മമ്മൂട്ടി, ശ്വേത മേനോന്‍, മൈഥിലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിവിമ 2009ലെ മികച്ച ചിത്രത്തിനുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡും നേടി. എന്നാണ് പാലേരി മാണിക്യത്തിന്റെ റീ റിലീസ് തിയതി എന്ന് പ്രഖ്യാപിച്ചിട്ടില്ല.
2009ൽ സിനിമ സംസ്ഥാന പുരസ്കാരങ്ങൾ വാരിക്കൂട്ടിയ സമയത്തും ചിത്രം തിയറ്ററുകളിൽ വീണ്ടും പ്രദർശിപ്പിച്ച് വിജയം കൈവരിച്ചിരുന്നു. മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ ആരാധകർ ഇത്തവണയും തിയറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.