ADVERTISEMENT

ഇപ്പോൾ ഉണ്ടായിരിക്കുന്ന വിവാദങ്ങൾ ചലച്ചിത്ര മേഖലയ്ക്ക് വലിയ കളങ്കമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് നടൻ അശോകൻ. ആരോപണങ്ങൾ വന്നപ്പോൾ രാജിവച്ച നടപടി ശരിയാണെന്നും വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അശോകൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രസ്താവനകളെക്കുറിച്ചും സിനിമയിലെ പവർ ഗ്രൂപ്പ് വിഷയത്തെക്കുറിച്ചും അശോകൻ മനോരമയോടു പ്രതികരിച്ചത് ഇങ്ങനെ:

ആരോപണം വന്നപ്പോൾ തന്നെ ഉചിതമായ തീരുമാനമാണ് സിദ്ദീഖും രഞ്ജിത്തും എടുത്തത്. അതൊരു നല്ല കാര്യം തന്നെയാണ്. മാധ്യമങ്ങളിലൂടെയാണ് ആരോപണങ്ങളെ കുറിച്ച് അറിയുന്നത്. അതിൽ വാസ്തവം ഉണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് അന്വേഷണം നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേക്കുറിച്ച് കൂടുതൽ പറയാൻ ഇപ്പോൾ സാധിക്കുകയില്ല.

ഇപ്പോഴുള്ള ഈ വിവാദങ്ങൾ കൊണ്ട് ചലച്ചിത്ര മേഖലയ്ക്ക് തന്നെ വലിയൊരു കളങ്കമാണ് ഉണ്ടായിരിക്കുന്നത്. അതിൽ വലിയ വിഷമം ഉണ്ട്. ജനങ്ങൾക്കിടയിൽ ഇത്തരമൊരു മോശം ധാരണ ഉണ്ടാകുമ്പോൾ അത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ബാധിക്കുകയാണ്. അത് വളരെ സങ്കടകരമായ കാര്യമാണ്. സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന എല്ലാവരെയും ഇത്തരം കാര്യങ്ങൾ ബാധിക്കുന്നുണ്ട്. അതിൽ വളരെ ദുഃഖമുണ്ട്. അതുകൊണ്ടുതന്നെ സിനിമയിൽ ഒരു ശുദ്ധികലശം അത്യാവശ്യമുണ്ട്. കാരണം ചില കാര്യങ്ങളിൽ സത്യവും അസത്യവും ഉണ്ടാകുമല്ലോ.

സ്ത്രീകൾക്കെതിരെ അക്രമം പ്രവർത്തിക്കുന്നതിനോടും അവർക്ക് വിഷമം ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നതിനോടും യോജിപ്പില്ല.  സമൂഹത്തിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പുവരുത്തേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യം തന്നെയാണ്. അതിപ്പോൾ സിനിമയിലും രാഷ്ട്രീയത്തിലും മാത്രമല്ല എല്ലാ മേഖലയിലെ സ്ത്രീകളുടെയും സുരക്ഷ പ്രധാനം തന്നെയാണ്. സിനിമയിലും രാഷ്ട്രീയത്തിലും ഉള്ള സ്ത്രീകളുടെ കാര്യം ആകുമ്പോൾ വാർത്താ പ്രാധാന്യം കൂടുതൽ നേടുന്നു എന്നു മാത്രമാണ് ഉള്ളത്. ജനങ്ങൾക്കിടയിൽ കൂടുതൽ പ്രചാരം ലഭിക്കുന്നതും സിനിമയും രാഷ്ട്രീയവും ആയതുകൊണ്ടും ആണല്ലോ. മറ്റ് എല്ലാ മേഖലയിലും സ്ത്രീകൾ അവഗണനയും പ്രശ്നങ്ങളും നേരിടുന്നുണ്ട്. അതൊന്നും എല്ലാവരിലേക്കും എത്തപ്പെടുന്നുമില്ല.  ചില സന്ദർഭങ്ങളിൽ സ്ത്രീകൾക്ക് പുരുഷന്മാരെ നേരിടാനുള്ള ശക്തി ഉണ്ടാവണമെന്നില്ല. അത് തന്നെയാണ് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ നമുക്കിടയിൽ കൂടിയതിന്റെ ഒരു കാരണം. സിനിമയിൽ ഒരിക്കലും വന്നുകൂടാൻ പാടില്ലാത്ത ഒരു കാര്യം തന്നെയാണിത്. ദൗർഭാഗ്യകരം എന്നു മാത്രമേ പറയാൻ കഴിയുകയുള്ളൂ. സിനിമയിൽ അവർക്ക് വേണ്ട സുരക്ഷിതത്വം ഉറപ്പായും ഇനിയെങ്കിലും കൊണ്ടുവരണം. സിനിമയിൽ മാത്രമല്ല സമൂഹത്തിലെ എല്ലാ വിഭാഗത്തിൽ പെട്ട സ്ത്രീകൾക്കും തുല്യതയും സ്വാതന്ത്ര്യവും ഉറപ്പാക്കണം. 

കാരവൻ ഒക്കെ വരുന്നതിനു മുൻപ് കാട് പോലെയുള്ള സ്ഥലങ്ങളിൽ ഷൂട്ട് ചെയ്യുമ്പോൾ സ്ത്രീകൾക്കും അവരുടെ കൂടെ വരുന്ന അസിസ്റ്റൻസിനും ഒക്കെ ഡ്രസ്സ് മാറുന്നതിനു മറ്റ് കാര്യങ്ങൾക്കോ ഒക്കെ വളരെയധികം ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അത് ചില സന്ദർഭങ്ങളിൽ അതു മാത്രമേ ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ എന്നതും ഒരു സത്യമാണ്. പുരുഷന്മാർക്ക് വലിയ ബുദ്ധിമുട്ട് ആ സമയത്ത് അനുഭവിക്കേണ്ടി വന്നിട്ടില്ല. അന്ന് മറ്റു മാർഗ്ഗങ്ങൾ ഇല്ലാത്തതുകൊണ്ടാണ് അത്തരം പ്രശ്നങ്ങൾ ഉയർന്നത് എന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. സ്ത്രീകളെ സംബന്ധിച്ച് അത് വലിയ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എന്നാൽ ഇന്ന് അതിലൊക്കെ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. എല്ലാത്തിനും പോസിറ്റീവും നെഗറ്റീവും വശങ്ങളുണ്ട്. ഏതൊരു പുതിയ കാര്യം വന്നാലും ഗുണത്തേക്കാൾ ഏറെ ദോഷവശങ്ങളാണ് എല്ലാ കാര്യങ്ങളിലും ചർച്ച ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ആ പുതിയ വസ്തുവിന്റെ ദുരുപയോഗം വർധിക്കുകയും ചെയ്യും. എല്ലാത്തിന്റെയും നല്ലവശം കാണാൻ ഉൾക്കൊള്ളാനും ശ്രമിക്കണം എന്നാണ് എന്റെ ആഗ്രഹം.

സിനിമയിൽ ഇപ്പോഴുള്ള സ്ത്രീകൾ സുരക്ഷിതരാണ് എന്ന് ഉറപ്പുവരുത്തണം. അത് ഇനിയുള്ള തലമുറയ്ക്ക് കൂടി വേണ്ടിയാണ് ഞാൻ പറയുന്നത്. ഇപ്പോൾ സംഭവിച്ചിട്ടുള്ള കാര്യങ്ങളിൽ നിന്ന് പാഠം പഠിക്കുകയും ആ സുരക്ഷ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നുള്ള കാര്യം മനസ്സിലാക്കുകയും വേണം. എന്നാൽ മാത്രമാണല്ലോ അടുത്ത തലമുറയ്ക്ക് ധൈര്യപൂർവ്വം സിനിമയിലേക്ക് കടന്നു വരാനുള്ള ഊർജ്ജം ഉണ്ടാവുകയുള്ളൂ.

സിനിമയിൽ ഒരു പവർ ഗ്രൂപ്പ് ഉണ്ട് എന്നതിനോട് ഒന്നും യോജിപ്പില്ല. ഓരോ സിനിമ കഴിയുമ്പോഴും അവർ അവരുടെ പ്രതിഫലവും വാങ്ങി പോകുന്നു എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. സിനിമയിൽ കഴിവിനാണ് പ്രാധാന്യം. പിന്നെ കുറച്ച് ഈശ്വരാധീനവും. ഏറ്റവും പ്രാധാന്യം കഴിവിന് തന്നെയാണ്. അതുണ്ടെങ്കിൽ സിനിമയിൽ പിടിച്ചുനിൽക്കാൻ കഴിയും എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. എനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. ഞാനതിൽ വിശ്വസിക്കുന്നുമില്ല. സുഹൃദ്ബന്ധം എന്നത് സിനിമയിൽ വളരെ കുറച്ചു മാത്രമാണ് ഉള്ളത്. സിനിമയെന്നത് കച്ചവടമാണ്. സിനിമയിൽ ദീർഘകാല സൗഹൃദം എന്നത് വളരെ വിരളമാണ്. അത് എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. ഇന്ന് നമ്മുടെയെല്ലാം ജീവിതത്തിലും കച്ചവടത്തിന് തന്നെയാണ് പ്രാധാന്യം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഈ കച്ചവടത്തിനിടയിൽ വാങ്ങിക്കുന്നവനും വിൽക്കുന്നവനും തമ്മിലുള്ള ഒരു കുറച്ച് നേരത്തെ സൗഹൃദം. ചിലയിടങ്ങളിൽ അങ്ങോട്ടുമിങ്ങോട്ടും പണത്തിന്റെ പേരിലുള്ള അഡ്ജസ്റ്റ്മെന്റുകൾ നടക്കും എന്നല്ലാതെ മറ്റൊന്നും അതിൽ ഉണ്ടാവാൻ ഇടയില്ല. ഒരു കച്ചവട സമയത്ത് അതിലെ കാര്യങ്ങൾ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോവുകയും അടുത്ത സമയത്ത് വീണ്ടും ഒന്നിക്കുകയും ചെയ്യും. പിന്നീട് ഒത്തുകൂടുമ്പോൾ മുൻപത്തേത് ചിലപ്പോൾ മറന്നുപോയെന്നും വരും. അതൊക്കെ കച്ചവടത്തിൽ പറഞ്ഞിട്ടുള്ളത് ആണല്ലോ. അടിസ്ഥാനപരമായി അത് തന്നെയാണ് സിനിമ. എത്രയോ ആളുകൾ തൊഴിൽ ചെയ്യുന്ന ഒരു ഇടമാണ് സിനിമ. അതിൽ ഒരു 15 പേർക്ക് ഭരിക്കാൻ പറ്റും എന്നൊന്നും ഞാൻ കരുതുന്നില്ല. ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ ഒരു 15 പേർക്ക് എല്ലാ സിനിമയെയും ഭരിക്കാൻ പറ്റും എന്ന് കരുതുന്നുമില്ല. എല്ലാവർക്കും അവരവരുടെതായ ഓട്ടങ്ങൾ ഉണ്ടാകുമല്ലോ. നമുക്കെല്ലാവർക്കും അവരവരുടെ പവർ ഉണ്ട്. ആ ഒരു പവർ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയും എന്ന് മാത്രമാണ് ഞാൻ വിശ്വസിക്കുന്നത്. പലരും അത് മറ്റുള്ളവർക്ക് ദോഷമില്ലാത്ത തരത്തിൽ തന്നെയാണ് ഉപയോഗിക്കുന്നത്. അവിടെയും ചിലപ്പോൾ അപവാദങ്ങൾ ഉണ്ടായെന്നും വരും. സിനിമ എപ്പോഴും ഒഴുകിക്കൊണ്ടിരിക്കുകയാണ്. അത്തരം ഒഴുക്കിൽ അവയെല്ലാം മാഞ്ഞുപോവുകയും ചെയ്യും. മുൻപ് ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ആ ഒരു തലമുറ തന്നെ ഇപ്പോൾ ഇല്ല.

പിന്നെ സിനിമയിൽ ജാതിയും മതവും ഒട്ടും നോക്കാറുമില്ല. ഇനി അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ അതിനൊന്നും ഒരിക്കലും നിലനിൽപ്പും ഉണ്ടാവാറില്ല. അതെ അതെല്ലാം രാഷ്ട്രീയത്തിൽ മാത്രമാണ് ഉള്ളത്. സിനിമയിലും രാഷ്ട്രീയത്തിലും തന്ത്രങ്ങൾ അത്യാവശ്യം തന്നെയാണ്. തന്ത്രങ്ങൾ ആവാം കുതന്ത്രങ്ങൾ പാടില്ല എന്നതാണ് എൻറെ പക്ഷം.  ഒരാളുടെ നിലനിൽപ്പിനു വേണ്ടി തന്ത്രങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. കുതന്ത്രങ്ങളിലൂടെ മറ്റുള്ളവരെ വീഴ്ത്താൻ ശ്രമിക്കുന്നതിനോട് തീരെ യോജിക്കാൻ കഴിയില്ല. വളരെയധികം അധ്വാനമുള്ള ഒരു തൊഴിൽ ആണ് സിനിമ. ഒരുപാട് പണം ഇൻവെസ്റ്റ് ചെയ്യുന്ന ഒരു മേഖല. അപ്പോൾ ആ മേഖലയിൽ തൊഴിലെടുക്കുന്ന ഒരു കലാകാരൻ അതിനെ ദുരുപയോഗം ചെയ്യാതെ നേരായ വഴിയിൽ ഉപയോഗിക്കണം. അതിൻറെ നല്ല കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. നല്ല രീതിയിലുള്ള ഒരു ജനകീയതയും ആണ് ഈ മേഖലയിലെ കലാകാരന്മാർ ഫോക്കസ് ചെയ്യേണ്ടത്. അവിടെ നിന്നും ലഭിക്കുന്ന പണത്തിലൂടെ അവനവൻറെ സുഖസൗകര്യങ്ങൾ ഉറപ്പാക്കി വേണം ഓരോരുത്തരും മുന്നേറാൻ. അതിനുപകരം മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പെരുമാറി മേഖലയ്ക്ക് കളങ്കം വരുത്തുന്നതിനോട് ഒരാൾക്കും യോജിക്കാൻ കഴിയില്ലല്ലോ. പിന്നെ ഇപ്പോൾ ഉയർന്നിരിക്കുന്നത് ആരോപണങ്ങളാണ്. അന്വേഷണം ഉണ്ടാവണം.

English Summary:

Actor Ashokan reacts to Hema Committee report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com