‘സിനിമയിലെ ആളുകളെ വിശ്വസിക്കാൻ കൊള്ളില്ല, സിനിമ എന്നാൽ മാഫിയ സംഘം’; 32 വർഷം മുൻപ് ഉഷ പറഞ്ഞത്
Mail This Article
32 വർഷങ്ങൾക്കു മുൻപ് നടി ഉഷ ഹസീന നൽകിയ ഒരു അഭിമുഖത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. മലയാള സിനിമ എന്നാൽ മാഫിയ സംഘമാണെന്നും സിനിമയിലുള്ള ആളുകളെ വിശ്വസിക്കാൻ കൊള്ളില്ലെന്നുമായിരുന്നു ഉഷയുടെ അന്നത്തെ പ്രസ്താവന. സിനിമയിൽ നിന്നും ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഉഷ വെളിപ്പെടുത്തിയിരുന്നു.
‘സിനിമയിൽ നിന്ന് നല്ല അനുഭവല്ല എനിക്കുണ്ടായത്. സിനിമയിലുള്ള ആളുകളെ വിശ്വസിക്കാൻ കൊള്ളില്ല. ഇനി വരാൻപോകുന്ന കുട്ടികളോടും ഇപ്പോൾ അപകടം പറ്റാതെ തുടരുന്ന കുട്ടികളോടും എനിക്ക് പറയാനുള്ളത്, ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്നാണ്. സിനിമ എന്നുപറയുന്നത് മാഫിയ സംഘമാണ്. ബർമുഡ ട്രയാങ്കിളിൽ പെട്ടുപോകാൻ സാധ്യതയുണ്ട്. ഞാൻ പെട്ടുപോയി. എന്റെ അനുഭവം വച്ചാണ് പറയുന്നത്. എനിക്ക് അപകടം പറ്റി. അതിന്റെ അനുഭവത്തിൽ പറയുകയാണ്. കുട്ടികൾ വളരെ ശ്രദ്ധിച്ച് നിൽക്കണം’.
ഉഷയുടെ അന്നത്തെ വാക്കുകൾ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോഴും ഉഷ പ്രതികരണവുമായി മാധ്യമങ്ങൾക്കു മുന്നിലെത്തിയിരുന്നു. മൊഴി നൽകിയ പെണ്‍കുട്ടികൾ പരാതി നൽകാൻ തയാറാകണമെന്നും പ്രതികരിച്ചതിന്റെ പേരിൽ തനിക്കും ഒരുപാട് അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്നും ഉഷ പറഞ്ഞു. ലൈംഗിക ചൂഷണം എന്നതിലുപരി അഭിപ്രായം രേഖപ്പെടുത്തിയ സന്ദർഭങ്ങളിൽ ശത്രുക്കളും അപ്രഖ്യാപിത വിലക്കുകളും ഉണ്ടായിട്ടുണ്ടെന്നും ഉഷ കൂട്ടിച്ചേർത്തു.