കതകിൽ മുട്ടിയത് തുളസിദാസ്, സിനിമ ‘അവൻ ചാണ്ടിയുടെ മകൻ’: നടി ശ്രീദേവിക പറയുന്നു
Mail This Article
സംവിധായകൻ തുളസിദാസിനെതിരെ നടി ശ്രീദേവിക. 2006-ൽ അവൻ ചാണ്ടിയുടെ മകൻ സിനിമയുടെ സെറ്റിൽ വച്ച് ദുരനുഭവം ഉണ്ടായെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. സംവിധായകൻ രാത്രി ഹോട്ടൽ മുറിയിലെ കതകിൽ തുടർച്ചയായി മുട്ടി വിളിച്ചുവെന്ന് അവർ വ്യക്തമാക്കുന്നു. മൂന്നോ നാലോ ദിവസം കതകിൽ മുട്ടി. റിസപ്ഷനിൽ അറിയിച്ചപ്പോൾ സംവിധായകനാണ് മുട്ടിയതെന്ന് പറഞ്ഞുവെന്നും നടി പറഞ്ഞു. 2018ൽ ‘അമ്മ’ സംഘടനയ്ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി ശ്രീദേവിക കത്തയച്ചിരുന്നു. പരാതി ‘അമ്മ’ പരിഗണിക്കാതിരുന്നത് വിവാദമായിരുന്നു. കഴിഞ്ഞ വാർത്താ സമ്മേളനത്തിൽ ഈ വിഷയത്തിൽ വീഴ്ച പറ്റിയതായി സിദ്ദിഖും പറയുകയുണ്ടായി. സംവിധായകനെതിരായ പരാതിയിൽ സർക്കാരിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും ‘അമ്മ’ ഇനിയെങ്കിലും സ്ത്രീകൾക്കൊപ്പം നിന്ന് പ്രവർത്തിക്കണമെന്നും നടി പറഞ്ഞു.
ശ്രീദേവിക ‘അമ്മ’യ്ക്ക് അയച്ച കത്ത്:
‘‘2006ൽ ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ 3- 4 ദിവസം തുടർച്ചയായി ഞാൻ താമസിച്ച മുറിയുടെ വാതിലിൽ പാതിരാത്രി ആരോ മുട്ടിവിളിച്ചു. ഹോട്ടൽ റിസപ്ഷനിൽ അറിയിച്ചപ്പോൾ അവർ പരിശോധിച്ചശേഷം അത് സംവിധായകനാണെന്നു വ്യക്തമാക്കി. എന്റെ അമ്മ ഇക്കാര്യം കൂടെ അഭിനയിച്ച നടനെ അറിയിച്ചതോടെ അദ്ദേഹം താമസിക്കുന്ന നിലയിലെ മറ്റൊരു മുറിയിലേക്കു മാറി. അതോടെ സെറ്റിലടക്കം വളരെ മോശമായി പെരുമാറിയ സംവിധായകൻ ഞാനുൾപ്പെട്ട ഷോട്ടുകളും സംഭാഷണങ്ങളും വെട്ടിച്ചുരുക്കി. ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്നോ അമ്മയിൽ ഇതിനായി ഒരു പരാതിപരിഹാര സെൽ ഉണ്ടെന്നോ അറിയാത്തതിനാൽ ഉള്ളിലൊതുക്കേണ്ടി വന്നു. ‘‘പല പ്രൊഡക്ഷൻ കൺട്രോൾമാരും സിനിമയിലേക്കു വിളിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് സംവിധായകനോ നിർമാതാവിനോ നടനോവേണ്ടി ‘വിട്ടുവീഴ്ച’ ചെയ്യാൻ തയാറുണ്ടോയെന്നാണ്
ഒരു സിനിമയിൽ വാഗ്ദാനം ചെയ്ത പ്രതിഫലം തരാതെ വന്നപ്പോൾ സഹായത്തിനായി അന്നത്തെ അമ്മ സെക്രട്ടറിയെ സമീപിച്ചു. പരാതി നൽകരുതെന്നും അതു കരിയറിനെ ബാധിക്കുമെന്നുമായിരുന്നു ഉപദേശം. അതുകൊണ്ടുതന്നെ അടുത്ത സിനിമയിലും ഇതേ അനുഭവം ഉണ്ടായപ്പോൾ അമ്മയിൽ പരാതിപ്പെട്ടില്ല. പകരം പണം തരാതെ തുടർന്ന് അഭിനയിക്കില്ലെന്നു നിർമാതാവിനെ അറിയിച്ചു. അതോടെ ‘അമ്മ’ സെക്രട്ടറി വിളിച്ച് പ്രശ്നം ഉണ്ടാക്കാതെ ഷൂട്ടിനു പോകണമെന്ന് പറഞ്ഞെങ്കിലും ഞാൻ നിലപാടിൽ ഉറച്ചുനിന്നു. തുടർന്ന് നിർമാതാവ് പകുതി പ്രതിഫലം തരാൻ തയാറായി. ബാക്കി പ്രതിഫലം ഇതുവരെ തന്നിട്ടില്ല. ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്തെ ഇക്കാര്യം പറയാൻ ആദ്യം വിളിച്ചപ്പോൾ ദേഷ്യപ്പെടുകയായിരുന്നു. പരാതികൾ പുറത്തുവരാതെ ഒതുക്കി ഒറ്റക്കെട്ടാണെന്നു കാണിക്കാനാണു സംഘടനയ്ക്കു താൽപര്യം’’- ദുബായിൽ താമസമാക്കിയ നടി കത്തിൽ പറയുന്നു. വൈകിക്കിട്ടുന്ന നീതി നീതിനിഷേധമാണെന്നു വ്യക്തമാക്കിയാണ് കത്ത് അവസാനിപ്പിക്കുന്നത്.
കത്ത് അയച്ച് ആറ് വർഷമായിട്ടും നടപടിയും ഇല്ലാത്തതിനാലാണ് കഴിഞ്ഞ ഓഗസ്റ്റ് 20-ന് നടി വീണ്ടും ‘അമ്മ’യില്‍ മെയിൽ അയച്ചത്. രണ്ടാമത്തെ മെയിൽ കിട്ടിയെന്നാണ് വാർത്താ സമ്മേളനത്തിൽ ‘അമ്മ’ ഭാരവാഹികൾ അറിയിച്ചത്.