'ജഗദീഷ് അന്ന് ചെയ്തതിന്റെ ദുരന്തഫലമാണിത്'; വിമർശിച്ച് അനൂപ് ചന്ദ്രൻ
Mail This Article
താരസംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ എല്ലാ അംഗങ്ങളെയും ഒറ്റയടിക്ക് പിരിച്ചു വിട്ട നടപടി ഒട്ടും ശരിയായില്ല എന്ന് നടൻ അനൂപ് ചന്ദ്രൻ. ആരോപണ വിധേയർ ഉണ്ടെങ്കിൽ അവരുടെ രാജിയാണ് എഴുതി വാങ്ങേണ്ടത്. എല്ലാവരും ഒരുമിച്ച് രാജി വച്ചത് അഞ്ഞൂറിലധികം അംഗങ്ങൾ ഉള്ള ജനറൽ ബോഡിയോടുള്ള നീതി നിഷേധമാണെന്ന് അനൂപ് ചന്ദ്രൻ പറയുന്നു. 'അമ്മ' എക്സിക്യൂട്ടീവ് കമ്മറ്റി തെരഞ്ഞെടുപ്പിന് തലേദിവസം ജഗദീഷ് എടുത്ത നിലപാടിന്റെ ദുരന്തമാണ് സംഘടന ഇപ്പോൾ അനുഭവിക്കുന്നതെന്നും അനൂപ് ചന്ദ്രൻ ആരോപിച്ചു.
സാധുക്കളായ കലാകാരന്മാരുടെ ഉന്നമനത്തിനുവേണ്ടി തുടങ്ങിയ സംഘടനയാണ് 'അമ്മ' എന്നും 'അമ്മ'യ്ക്ക് വേണ്ടി എന്നും നിലകൊള്ളുന്ന മോഹൻലാൽ തുടർന്നും 'അമ്മ'യുടെ തലപ്പത്തുണ്ടാകണം എന്നാണു തന്റെ ആഗ്രഹം എന്നും അനൂപ് ചന്ദ്രൻ പറഞ്ഞു.
"അമ്മയിൽ കൂട്ടമായി എല്ലാവരും രാജി വച്ചത് എന്തുകൊണ്ടെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കൂട്ടരാജിയെ ഞാൻ അംഗീകരിക്കുന്നില്ല. ആരോപണ വിധേയനായി ഒരാൾ ഉണ്ടെങ്കിൽ അയാളെ മാറ്റുക രണ്ടു പേരാണെങ്കിൽ അവരെ മാറ്റുക. അതല്ലാതെ ഒരു ജനറൽ ബോഡി തിരഞ്ഞെടുത്ത കമ്മിറ്റി ഒന്നടങ്കം രാജി വച്ച് പോവുക എന്ന് പറഞ്ഞാൽ വോട്ട് ചെയ്തവരെയും കേരളത്തിന്റെ സാംസ്‌കാരിക മൂല്യത്തെ ബഹുമാനിക്കുന്നവരെയും അപമാനിക്കുന്നതായാണ് എനിക്ക് തോന്നുന്നത്. ഞാൻ ഒരിക്കലും ആ കൂട്ട രാജിയെ ഉൾക്കൊള്ളുന്നില്ല," അനൂപ് ചന്ദ്രൻ വ്യക്തമാക്കി.
"രണ്ടു പേർക്കെതിരെ ആരോപണം വന്നപ്പോൾ എല്ലാവരും വെളിയിൽ പോകേണ്ടി വരും എന്ന തോന്നലിൽ നിന്നാണോ കൂട്ടരാജി വന്നത്? അതോ ആരോപണം വന്നവർക്ക് സങ്കടം വരാതിരിക്കാൻ വേണ്ടിയാണോ? അത് എന്താണെന്ന് അറിയില്ല. എന്തായാലും ഈ രാജിയെ ഒരിക്കലും ഉൾക്കൊള്ളാൻ പറ്റുന്നില്ല,' അനൂപ് പറയുന്നു.
"ഇതിനൊക്കെ മറുപടി പറയേണ്ട ഒരാൾ ശ്രീമാൻ ജഗദീഷ് അവർകൾ ആണ്. അദ്ദേഹമാണ് തിരഞ്ഞെടുപ്പിന്റെ തലേദിവസം പത്മശ്രീ മോഹൻലാൽ അവർകളെ നിർത്തിക്കൊണ്ട്, 'ഞങ്ങൾ ആണ് ഒഫീഷ്യൽ പാനൽ' എന്നും, അനൂപ് ചന്ദ്രനും ജയനും കുക്കു പരമേശ്വരനുമൊക്കെ പേരെടുത്തു പറയാതെ റിബൽ ആണെന്നും ഞങ്ങൾ ആണ് മോഹൻലാലിന് ഇഷ്ടപ്പെട്ടവർ, ഞങ്ങളാണ് അദ്ദേഹത്തിന്റെ കൂടെ നിക്കുന്നവർ, മോഹൻലാൽ എന്ന മനുഷ്യന്റെ പാനൽ ഞങ്ങളെ ആണ് ഇഷ്ടപ്പെടുന്നത് എന്നൊക്കെ പറഞ്ഞു. അന്ന് ലാലേട്ടൻ അവിടെ നിശബ്ദനായി നിന്നു കൊടുത്തു. അതിന്റെ ഒക്കെ പരിണിതഫലമാണ് ഇത്," അനൂപ് ചന്ദ്രൻ തുറന്നടിച്ചു.
"അമ്മയുടെ തിരഞ്ഞെടുപ്പിന്റെ തലേദിവസം എക്‌സിക്യൂട്ടീവിൽ പോലും ഇല്ലാത്ത ജഗദീഷ് 'അമ്മ' അസോസിയേഷന്റെ ഓഫിസിൽ കയറി ഇരുന്നിട്ട് കമ്മറ്റി പിരിഞ്ഞു കഴിഞ്ഞപ്പോൾ ലാലേട്ടൻ, ബാബുരാജ്, മറ്റു മത്സരാർത്ഥികൾ ഉൾപ്പടെ നിർത്തിക്കൊണ്ട് ഞങ്ങളാണ് ഒഫീഷ്യൽ പാനൽ എന്ന് പറയുന്ന ഒരു വീഡിയോ ഉണ്ട്. മുഴുവൻ അമ്മ അംഗങ്ങൾക്കും അദ്ദേഹം ആ വീഡിയോ അയച്ചു കൊടുത്തു. അതിനെ ഏറ്റവും കൂടുതൽ ക്യാമറ അറ്റെൻഷൻ എനിക്ക് കിട്ടണം എന്ന് കരുതി പറഞ്ഞതായിട്ടേ തോന്നിയിട്ടുള്ളൂ. അതിന്റെ ദുരന്തം ആണ് ഇത്," അനൂപ് വ്യക്തമാക്കി.
"'അമ്മ' എന്നത് ഒരു സാംസ്‌കാരിക സംഘടനയാണ്. ആ സംഘടനക്ക് അതിന്റെ മൂല്യത്തോടെ പോകാൻ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന നല്ല മനുഷ്യന്മാർ അതിന്റെ തലപ്പത്തേക്ക് വരണം. ആരോപിതരായ മനുഷ്യർ മാറി നിൽക്കണം എന്നാണ് ഞാനും ജയൻ ചേർത്തലയും കുക്കു പരമേശ്വരനും ഒക്കെ പറഞ്ഞത്. തിരഞ്ഞെടുപ്പിന്റെ തലേ ദിവസം ഇങ്ങനെ ഒരു നിലപാട് ശ്രീമാൻ ജഗദീഷ് എടുത്തതിന്റെ ദുരന്തമാണ് 'അമ്മ' ഇപ്പോൾ അനുഭവിക്കുന്നത്. ഈ 506 പേർ 'അമ്മ' അസോസിയേഷന്റെ മീറ്റിങ്ങിനും തിരഞ്ഞെടുപ്പിനും ഒക്കെ വരുന്നത് ഒരുപാടു കാര്യങ്ങൾ മാറ്റി വച്ചിട്ടാണ്. അവർ എടുത്ത ഒരു തീരുമാനത്തിന് ഒരു വില കൊടുക്കാത്തത് പോലെയാണ് എനിക്ക് ഈ രാജിയെ തോന്നിയത്," അനൂപ് ചൂണ്ടിക്കാട്ടി.
"കൂടെ നടക്കുന്നവർ നിരാലംബരായി കാലിടറി വീഴുമ്പോൾ അവരെ ചേർത്ത് നിർത്താനായി ഉണ്ടാക്കിയ സംഘടനയാണ് 'അമ്മ' അസോസിയേഷൻ. അവർക്ക് കൈനീട്ടവും മറ്റു ആനുകൂല്യങ്ങളും കൊടുക്കുന്നുണ്ട്. അതിനു വേണ്ടിയാണ് സംഘടന നിലനിൽക്കുന്നത്. അതിനു 'അമ്മ' അസോസിയേഷനിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ലാലേട്ടൻ ആണ്. അദ്ദേഹത്തിന്റെ സ്നേഹവും ആത്മാർത്ഥതയും കരുണയുമാണ് ഈ സംഘടനയെ ഇങ്ങനെ നിലനിർത്തുന്നത്. അദ്ദേഹമാണ് ഇതിന്റെ നാഥൻ. 5000 രൂപ മാസം പെൻഷൻ കിട്ടുമ്പോൾ ആ പണം കൊണ്ട് മരുന്ന് വാങ്ങാൻ അല്ലെങ്കിൽ കടയിലെ പറ്റു തീർക്കാം എന്ന് കരുതി ഇരിക്കുന്ന അംഗങ്ങൾ കൂടിയുള്ള സംഘടനയാണ് അമ്മ. കോടിക്കണക്കിന് ശമ്പളം വാങ്ങുന്ന ആൾക്കാരുടെയും സംഘടനയാണ് 'അമ്മ'. അതിനെ നിലനിർത്താൻ ലാലേട്ടൻ എപ്പോഴും സംഘടനയുടെ അമരത്ത് വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു," അനൂപ് ചന്ദ്രൻ പറഞ്ഞു.