‘ശാലിനി’യിലെ ആ കഥാപാത്രം എന്റെ ഭാഗ്യം: മോഹനെ അനുസ്മരിച്ച് ജലജ
Mail This Article
സംവിധായകൻ മോഹന്റെ മരണത്തിൽ അനുശോചനം അർപ്പിച്ച് നടി ജലജ. മോഹൻ സംവിധാനം ചെയ്ത ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയിൽ നായികയായിരുന്നു ജലജ. ‘ശാലിനി എന്റെ കൂട്ടുകാരി’യിലൂടെയാണ് ജലജ എന്ന നടി മലയാളികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയത്. തനിക്ക് പരിഭ്രമം കൂടാതെ ഏറെ സങ്കീർണമായ ആ കഥാപാത്രം ഏറ്റെടുത്തു ചെയ്യാനുള്ള ധൈര്യം തന്നത് മോഹൻ ആയിരുന്നു എന്ന് ജലജ പറയുന്നു. ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയിലൂടെയാണ് പിൽക്കാലത്ത് അറിയപ്പെട്ടതെന്നും കൂടുതൽ ചിത്രങ്ങൾ തന്നെ തേടിയെത്തിയതെന്നും ജലജ പറഞ്ഞു.
‘‘മലയാള സിനിമയ്ക്കു കുറെ നല്ല ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് മോഹൻ. അദ്ദേഹം സംവിധാനം ചെയ്ത ശാലിനി എന്റെ കൂട്ടുകാരി എന്നത് എന്റെ സിനിമാ കരിയറിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ്. അതിൽ അമ്മു എന്ന കഥാപാത്രമാണ് ഞാൻ ചെയ്തത്. ആ സിനിമയ്ക്കും അതിലെ ഗാനങ്ങൾക്കും ഇന്നും പ്രസക്തിയുണ്ട്. ഗൃഹാതുരത്വമുണർത്തുന്ന പാട്ടുകളാണ് ആ സിനിമയിലേത്. അമ്മു എന്ന കഥാപാത്രം എന്റെ സിനിമാജീവിതത്തിൽ സുപ്രധാനമായ കഥാപാത്രമാണ്. ആ കഥാപാത്രം ലഭിച്ചത് എന്റെ ഭാഗ്യമാണ്. ഞാൻ ആ സിനിമയിൽ വരുമ്പോൾ ഒരു പുതുമുഖമായിരുന്നു. പദ്മരാജൻ സാറാണ് എന്നോട് കഥ പറഞ്ഞത്.
വളരെ സെന്റിമെന്റൽ ആയിട്ടുള്ള കഥാപാത്രമാണ്. നമുക്ക് എല്ലാം പറഞ്ഞു തന്ന് ടെൻഷൻ ആകാതെ സമാധാനിപ്പിച്ച് പടം ചെയ്യാനുള്ള മനഃസാന്നിധ്യം ഉണ്ടാക്കി തന്നിട്ടുണ്ട് അദ്ദേഹം. സെറ്റിൽ ഒരു വിഷമവും ഉണ്ടായിട്ടില്ല. ഞാനും ശോഭയും ഒരുമിച്ച് വളരെ ആസ്വദിച്ച് ചെയ്ത സിനിമയാണ് അത്. കരിയറിന്റെ തുടക്കം ആയതുകൊണ്ട് തന്നെ നമ്മളെ രൂപപ്പെടുത്തി എടുത്ത സിനിമകളിൽ ഒന്നാണ് അത്. ജലജ എന്ന ഒരു കലാകാരി അറിയപ്പെട്ടു തുടങ്ങിയത് ഈ ചിത്രങ്ങളിൽ കൂടിയാണ്. ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമ കണ്ടിട്ടാണ് പിൽക്കാലത്തും കുറെ നല്ല സിനിമകൾ കിട്ടിയത്. മോഹൻ സാറിനൊപ്പം വർക്ക് ചെയ്തത് വലിയൊരു അനുഭവം ആണ്. അദ്ദേഹത്തിന്റെ മരണവാർത്ത കേട്ട് അത്യധികം ദുഃഖം തോന്നുന്നു. സംവിധായകൻ മോഹന്റെ മരണം മലയാള സിനിമയ്ക്ക് ഒരു നഷ്ടം തന്നെയാണ്.’’ ജലജ പറഞ്ഞു.