‘വേട്ടക്കാർക്കൊപ്പം സിനിമയുണ്ടാക്കി, ആർജവമുള്ള പ്രതികരണം’: പൃഥ്വിയെ തല്ലിയും തലോടിയും സോഷ്യൽ മീഡിയ
Mail This Article
മലയാള സിനിമ വിവാദങ്ങളിൽ പുകയുമ്പോൾ വേറിട്ട നിലപാടും തുറന്നു പറച്ചിലുകളുമായി എത്തിയ നടൻ പൃഥ്വിരാജിനെ അനുകൂലിച്ചും വിമർശിച്ചും സോഷ്യൽ മീഡിയ. പൃഥ്വിയുടെ വാർത്താസമ്മേളനത്തിനെയും അതിൽ പറഞ്ഞ നിലപാടുകളെയും അഡ്വക്കേറ്റ് ഹരീഷ് വാസുദേവനും എഴുത്തുകാരി രമ്യ എസ്. ആനന്ദും വിമർശിച്ചപ്പോൾ ബഷീർ വളളിക്കുന്ന്, മുരളി തുമ്മാരുകുടി എന്നിവർ പൃഥ്വിയെ അനുകൂലിച്ചു. അമ്മയിൽ നിന്ന് അതിജീവിതയെ ഒറ്റപ്പെടുത്തിയപ്പോൾ പൃഥ്വി മിണ്ടിയില്ലെന്നും വേട്ടക്കാർക്കൊപ്പം സിനിമയുണ്ടാക്കി കരിയർ മെച്ചപ്പെടുത്തുന്ന തിരക്കിലായിരുന്നു അദ്ദേഹമെന്നും ഹരീഷ് പറയുന്നു. ഈ വിഷയം പുറത്തു വന്നതിന് ശേഷം ഏറ്റവും ആർജവത്തോടെ ഉള്ള പ്രതികരണമാണ് പൃഥ്വിരാജിന്റേതെന്നും നമ്മുടെ യുവത്വത്തിലും സിനിമയുടെ ഭാവിയിലും തീർച്ചയായും പ്രതീക്ഷയുണ്ടെന്നുമാണ് മുരളി തുമ്മാരക്കുടി പറഞ്ഞത്.
ഹരീഷ് വാസുദേവൻ
പൃഥ്വിരാജിനെ ഈ ഹോൾ എപ്പിസോഡിൽ ഇതിന് മുമ്പ് ഡയലോഗുമായി കാണുന്നത് ദിലീപിനെ പുറത്താക്കുമോ ഇല്ലയോ എന്ന AMMAയുടെ മീറ്റിങ്ങിനു വെളിയിലാണ്. “ഞങ്ങൾ അകത്ത് ചിലത് പറഞ്ഞിട്ടുണ്ട്, അത് നടന്നില്ലെങ്കിൽ കാണാം” എന്ന മട്ടിൽ. അത് കഴിഞ്ഞ് അതിജീവിതയുടെ കേസ് വന്നു, അത് അട്ടിമറിക്കാൻ ശ്രമമുണ്ടായി, AMMA യിൽ നിന്ന് അവർക്ക് കടുത്ത ഒറ്റപ്പെടലുണ്ടായി. “ഉറ്റ സുഹൃത്ത്” എന്നവകാശപ്പെട്ട പൃഥ്വിരാജ് ഒരക്ഷരം മിണ്ടിയില്ല.. അങ്ങേര് ഇതിലെ വേട്ടക്കാർക്കൊപ്പം സിനിമയുണ്ടാക്കി കരിയർ മെച്ചപ്പെടുത്തുന്ന തിരക്കിലായിരുന്നു. ദിലീപിന്റെ അഭാവം ഏറ്റവും ഗുണമുണ്ടാക്കിയ ആൾ പൃഥ്വിരാജ് ആണല്ലോ. ഈയാളുകൾ എല്ലാം കേസിൽ മൊഴിമാറ്റി കൂറുമാറി. ഉറ്റസുഹൃത്തിന്റെ കേസിന് എന്ത് സംഭവിക്കുന്നു എന്ന് പോലും പൃഥ്വിരാജിനറിയില്ല. ഇന്ന് വൈകിട്ട് വരെ AMMAയിലെ ആളുകൾ കൂറുമാറിയത് പൃഥ്വിരാജ് അറിഞ്ഞിട്ടുപോലുമില്ല. ഹോ !!
സ്ത്രീകൾ പൊരുതി നേടിയ വിജയത്തിന്റെ അവസാനം വന്നു മാസ് ഡയലോഗ് ഇട്ട് കൈയ്യടി നേടാൻ ഹിറോ ആയെത്തി. പഴയ സിനിമയിലൊക്കെ അടി കഴിഞ്ഞു പ്രതികളെ ജീപ്പിലിടാൻ പൊലീസ് വരുന്നത് പോലെ. സത്യത്തിൽ ഈ അഭിനയം ആട് ജീവിതത്തിലെ നജീബിനേക്കാൾ ഒറിജിനാലിറ്റി ഉള്ള അഭിനയമാണ്.. ഡയലോഗ് ഡെലിവറി സാമൂഹികമായി ഗുണമുള്ളത് കൊണ്ട് ഞാനും ആത്മാർത്ഥമായി കയ്യടിക്കുന്നു..ഈ മാറ്റം കൊണ്ടുവന്നത് മലയാള സിനിമയല്ല, കുറച്ചു പെണ്ണുങ്ങൾ മാത്രമാണ്. അതും അവരുടെ കരിയർ നശിപ്പിച്ച്. പ്രതികരിച്ച എല്ലാവര്ക്കും നഷ്ടമുണ്ടായി. മിണ്ടാതിരുന്നു കോമ്പ്രമൈസ് ചെയ്തവർക്ക് ഗുണവും. ഇരുകൂട്ടർക്കും ഒരുപോലെയല്ല റോൾ.
NB: 100 കോടി ക്ലബ്ബിലേക്കുള്ള എമ്പുരാന്റെ റിലീസ് വരുന്നുണ്ട്. മുന്നൊരുക്കങ്ങൾ വേണം.
രമ്യ എസ്. ആനന്ദ് (എഴുത്തുകാരി)
നല്ല തയാറെടുപ്പുകൾ കഴിഞ്ഞുള്ള ഒരു പത്രസമ്മേളനം ആയിരുന്നു അത്. ഒരു സിനിമയുടെ സ്ക്രിപ്റ്റ് നന്നായി വായിച്ചു കഴിഞ്ഞുള്ള അഭിനയത്തെ അനുസ്മരിപ്പിക്കുന്ന ഒന്ന്..ഒരു ഓർഡിനറി പ്രേക്ഷകൻ കൈ അടിച്ചു തിമിർത്തു പോകും..
ബഷീർ വളളിക്കുന്ന്
‘‘ഞാനതിലില്ല എന്ന് സ്ഥാപിക്കുന്നിടത്ത് തീരുന്നില്ല എന്റെ ഉത്തരവാദിത്വം. ഇന്നത്തെ പ്രൈം ടൈമിന്റെ ഹെഡ്‍ലൈൻ കണ്ടെത്തുന്നതിൽ തീരുന്നില്ല നിങ്ങളുടെ ഉത്തരവാദിത്വവും. കൃത്യമായ അന്വേഷണം നടക്കണം. നടപടികൾ ഉണ്ടാകണം. ആരോപണ വിധേയരുടെ പേരുകൾ അല്ല, ഇരകളുടെ പേര് മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടത്. എല്ലാ സംഘടനകളുടെ തലപ്പത്തും വനിതകളുടെ പ്രാതിനിധ്യം വേണം. 'അമ്മ'ക്ക് മാത്രമായി അതിൽ നിന്ന് ഒരു എക്സ്ക്ലൂസിവിറ്റിയുമില്ല. എനിക്ക് ബാധിച്ചിട്ടില്ല എന്ന കാരണത്താൽ ഒരു പവർ ഗ്രൂപ്പില്ല എന്ന് പറയാൻ കഴിയില്ല, അത്തരമൊരു ബോഡി പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് ഇല്ലാതാകണം. ഒരു പൊസിഷൻ ഓഫ് പവർ ഉള്ള സമയത്ത് ആരോപണങ്ങൾ ഉയർന്നാൽ ആ സ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടുകയാണ് വേണ്ടത്. അധികാരസ്ഥാനത്ത് തുടർന്ന് കൊണ്ട് അന്വേഷണം നേരിടുന്നതിൽ അനൗചിത്യമുണ്ട്.’’
ഡിപ്ലോമസിയില്ല, ഉരുണ്ട് കളിയില്ല, കൃത്യമായ നിലപാട്. ക്ലാരിറ്റിയുള്ള സമീപനങ്ങൾ. അറ്റ് ലീസ്റ്റ്, ആർജവമുള്ള ഒരു പ്രതികരണമെങ്കിലും ഒരു നായക താരത്തിൽ നിന്നുണ്ടായി. അത്രയും ആശ്വാസം. പൃഥ്വിരാജ് സുകുമാരൻ.
മുരളി തുമ്മാരുകുടി
എന്തുകൊണ്ടാണ് മലയാള സിനിമയിലെ സ്ഫോടകാത്മകായ വെളിപ്പെടുത്തലുകൾ വന്നിട്ടും ശ്രീ പൃഥ്വിരാജ് സംസാരിക്കാത്തത് എന്ന് ചിന്തിക്കുകയായിരുന്നു. ഇന്നിപ്പോൾ അദ്ദേഹം മാധ്യമങ്ങളെ നേരിട്ട് കണ്ടു. വളരെ വ്യക്തമായി, കൃത്യമായി, ബ ബ്ബ ബ്ബ ഒന്നുമില്ലാതെ ഉള്ള പ്രതികരണം. ഈ വിഷയം പുറത്തു വന്നതിന് ശേഷം ഏറ്റവും ആർജവത്തോടെ ഉള്ള പ്രതികരണമാണ്. നമ്മുടെ യുവത്വത്തിലും സിനിമയുടെ ഭാവിയിലും തീർച്ചയായും പ്രതീക്ഷയുണ്ട്. നന്ദി പൃഥ്വിരാജ്.
സിദ്ധു പനയ്ക്കൽ (പ്രൊഡക്‌ഷൻ കൺട്രോളർ)
ഈ അടുത്തകാലത്ത് കണ്ട പത്രസമ്മേളനങ്ങളിൽ പവർഫുൾ എന്ന് പറയാം പൃഥ്വിരാജിന്റെ പത്രസമ്മേളനം. ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെയും പുതിയ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിൽ ആയിരുന്നു ചോദ്യങ്ങൾ. പത്രക്കാർ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ മറുപടി നൽകി പൃഥ്വിരാജ്. സാധാരണ പത്രസമ്മേളനങ്ങളിൽ കാണാറുള്ളത് ഒരാൾ ചോദ്യം ചോദിച്ച് മറുപടി പറയുന്നതിന് മുൻപ് തന്നെ അടുത്ത പത്രപ്രവർത്തകൻ ചോദിക്കുകയും ചോദിക്കുന്നത് എന്താണ് പറയുന്നത് എന്താണ് എന്ന് കേൾക്കുന്നവർക്ക് മനസ്സിലാകാത്ത രീതിയിൽ ആയിരുന്നു പലപ്പോഴും ഇത്തരം പത്രസമ്മേളനങ്ങൾ. ഒരു ചോദ്യം ചോദിച്ചാൽ അതിനു മറുപടി പറയുന്നതിനുമുമ്പ് അതുമായി ബന്ധപ്പെട്ട് വീണ്ടും ഉപചോദ്യങ്ങൾ ചോദിക്കുന്നതും കാണാം. മറുപടി പറയുമ്പോൾ പറയുന്ന ആൾ മറുപടി പറയാൻ ബുദ്ധിമുട്ടുന്നുണ്ട് അല്ലെങ്കിൽ അല്ലെങ്കിൽ മറുപടി പറയാൻ സമയം എടുക്കുന്നുണ്ട് എന്ന് ബോധ്യം വന്നാൽ ചോദ്യകർത്താക്കൾ കൂട്ടത്തോടെ ആക്രമിക്കും.
പക്ഷേ പൃഥ്വിരാജിന്റെ മറുപടിയിൽ ഒരാൾക്കും തിരിച്ചൊരു ചോദ്യം ചോദിക്കാൻ ഇല്ലായിരുന്നു. എല്ലാ ചോദ്യങ്ങൾക്കും കിറുകൃത്യമായി മറുപടി.ഒരു പത്രക്കാരനും ഇന്ന് കൂട്ടത്തോടെ ചോദ്യം ചോദിച്ചില്ല. പത്രസമ്മേളനങ്ങൾ ഇതുപോലെ ആയാൽ ചോദിക്കുന്നതും പറയുന്നതും എന്താണെന്ന് പൊതുജനങ്ങൾക്ക് വ്യക്തമായി മനസ്സിലാവും. പത്രക്കാർ അവരുടെ ചോദ്യങ്ങളുടെ ഭാഗമായി സെൻസേഷൻ ന്യൂസുകൾക്ക് വേണ്ടി ശ്രമിക്കും. വലിയ മത്സരം നടക്കുന്ന ചാനൽ മേഖലയിൽ, അത് അവരുടെ ജോലിയുടെ ഭാഗവുമാണ്. ഇന്ന് പൃഥ്വിരാജ് പറഞ്ഞതുപോലെ ഉറച്ച, വ്യക്തതയുള്ള മറുപടിയാണ് പറയുന്നതെങ്കിൽ ഒരാൾക്കും തിരിച്ചൊന്നും ചോദിക്കാൻ ഉണ്ടാവില്ല. പ്രത്യേകിച്ച് ഇതുപോലെ തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളിൽ.
ഒരു കാര്യത്തിൽ എനിക്ക് പൃഥ്വിരാജിനോട് അഭിപ്രായവ്യത്യാസം ഉണ്ട്. ഒരു വനിതാ പത്രപ്രവർത്തകയുടെ ചോദ്യം ഉണ്ടായിരുന്നു ഈ റിപ്പോർട്ടിൽ അടക്കം പറയുന്ന സിനിമ വിലക്ക് ഉദാഹരണത്തിന് നമ്മുടെ പാർവതി തിരുവോത്ത് അടടക്കമുള്ളവരുടെ അനുഭവം ഇത് യാഥാർഥ്യമാണെന്നാണോ അഭിപ്രായം. പാർവതിക്ക് മുമ്പ് നിങ്ങളുടെ മുൻപിലുള്ള ഉദാഹരണം ഞാനല്ലേ എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ആ മറുപടിയോട് എനിക്ക് യോജിപ്പില്ല. പൃഥ്വിരാജ് അല്ല അദ്ദേഹത്തിന്റെ അച്ഛൻ സുകുമാരൻ സാറാണ് ഈ അനുഭവം ആദ്യം നേരിട്ടത്. അന്ന് കുട്ടിയായതുകൊണ്ട് ഒരുപക്ഷേ രാജുവിന് ഇത് ഓർമയില്ലാതെ പോയതാവാം.