'ഉടയാനുള്ളതൊക്കെ ഉടയട്ടെ'; 'അമ്മ'യുടെ രാജിയിൽ വിധു വിൻസന്റ്
Mail This Article
താരസംഘടനയായ അമ്മയിലെ കൂട്ടരാജിയിൽ പ്രതികരിച്ച് സംവിധായിക വിധു വിൻസന്റ്. 'ഉടയാനുള്ളതൊക്കെ ഉടഞ്ഞു തന്നെ പോകട്ടെ' എന്നായിരുന്നു വിധുവിന്റെ പ്രതികരണം. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം അടക്കമുള്ള വിഷയങ്ങൾ പൊതുചർച്ചയിലേക്ക് കൊണ്ടു വരാൻ വഴിയൊരുക്കിയ ഡബ്ല്യുസിസിയെ വിധു വിൻസന്റ് അഭിനന്ദിച്ചു.
വിധു വിൻസന്റിന്റെ വാക്കുകൾ: "ഉടയാനുള്ളതൊക്കെ ഉടഞ്ഞു തന്നെ പോകട്ടെ. സിനിമയിൽ മാത്രമല്ല ഉടയേണ്ട വിഗ്രഹങ്ങൾ രാഷ്ട്രീയ രംഗത്തും മാധ്യമ രംഗത്തും കായിക രംഗത്തും അക്കാദമിക് രംഗത്തും ഒക്കെയുണ്ട്. അഭിനന്ദനങ്ങൾ ഡബ്ല്യുസിസി."
ഹേമ കമ്മിറ്റി റിപ്പോർട്ടിനും അതിനു പിന്നാലെ ഉയർന്ന ലൈംഗികാരോപണങ്ങൾക്കും പിന്നാലെ താരസംഘടനയായ ‘അമ്മ’യിലെ പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചിരുന്നു. തുടർന്ന്, അമ്മയുടെ ഭരണസമിതി പിരിച്ചുവിടുകയും ചെയ്തു. ‘അമ്മ’ ഭരണസമിതിയിലെ ചില ഭാരവാഹികൾ നേരിട്ട ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, അതിന്റെ ധാർമികമായ ഉത്തരവാദിത്തം മുൻനിർത്തിയാണ് ഭരണസമിതിയുടെ രാജിയെന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജി വച്ച മോഹൻലാൽ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
പ്രസിഡന്റ് മോഹൻലാലിനു പുറമെ വൈസ് പ്രസിഡന്റുമാരായ ജയൻ ചേർത്തല, ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറർ ഉണ്ണി മുകുന്ദൻ തുടങ്ങിയവരും എക്സിക്യൂട്ടീവിലെ മറ്റ് അംഗങ്ങളുമാണ് രാജിവച്ചത്. കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോയി മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹനർ, ടൊവീനോ തോമസ്, സരയൂ, അൻസിബ, ജോമോൾ എന്നിവരാണു രാജിവച്ച എക്സിക്യൂട്ടീവ് അംഗങ്ങൾ.