വിനയൻ നടത്തുന്നത് മുതലെടുപ്പ്, ആഷിക്ക് അബു തരാനുള്ളത് 40 ലക്ഷം: ഫെഫ്ക വൈസ് ചെയർമാൻ
Mail This Article
പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിട്ടും അതിൽ ജോലി ചെയ്തവർക്ക് 40 ലക്ഷത്തോളം രൂപ സംവിധായകൻ ആഷിഖ് അബു കൊടുക്കാനുണ്ടെന്ന് ഫെഫ്ക വൈസ് ചെയർമാൻ ജാഫർ കാഞ്ഞിരപ്പള്ളി, തുടക്കം മുതൽ ആഷിക്ക് അബുവിന്റെ രീതി ഇങ്ങനെയാണെന്നും യൂണിയനിൽ അംഗമല്ലാത്തവരെ വച്ച് ജോലി ചെയ്യിക്കുന്നത് ചൂണ്ടിക്കാണിക്കുമ്പോൾ അദ്ദേഹത്തിന് ബുദ്ധിമുട്ടാണെന്നും ജാഫർ കാഞ്ഞിരപ്പള്ളി ആരോപിച്ചു. ഫെഫ്കയുടെ ഔദ്യോഗിക പ്രതികരണം രണ്ടു ദിവസത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക നിലപാട് എടുക്കുന്നതിന് 21 യൂണിയനുകളുമായി കൂടിയാലോചിക്കണം. അതുകൊണ്ടാണ് വൈകുന്നതെന്നും ഫെഫ്കയിൽ ഭിന്നതയില്ലെന്നും ജാഫർ കാഞ്ഞിരപ്പള്ളി മനോരമ ഓൺലൈനോടു പറഞ്ഞു.
'വേതനം ചോദിച്ചാൽ വൈലന്റാകും'
ആഷിഖ് അബുവിന്റെ സിനിമയിൽ ജോലി ചെയ്തതിന്റെ ഭാഗമായി 40 ലക്ഷത്തിനടുത്ത് അദ്ദേഹത്തിൽ നിന്ന് കിട്ടാനുണ്ട്. ഞാൻ മെസ് വർക്കേഴ്സ് യൂണിയന്റെ പ്രതിനിധിയാണ്. എന്റെ യൂണിയനിലെ തൊഴിലാളികളെപ്പോലെ വേറെ ഡിപ്പാർട്ട്മെന്റുകളിൽ ജോലി ചെയ്തവർക്കും ശമ്പളം കിട്ടാനുണ്ട്. മൊത്തത്തിലാണ് ഞാൻ ഈ തുക പറഞ്ഞത്. കഴിഞ്ഞ ദിവസം ഇത്രയും പണം കൊടുക്കാനുള്ള കാര്യം അദ്ദേഹം തന്നെ സമ്മതിച്ചതുമാണ്. ഒരു ചാനൽ ചർച്ചയിൽ അദ്ദേഹം പരസ്യമായി ഇക്കാര്യം സമ്മതിച്ചിരുന്നു. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരുടെ വേതനമെങ്കിലും കൊടുക്കേണ്ടതല്ലേ? വാടക തുടങ്ങിയ ഇനങ്ങളിലെ പണം പിന്നീട് കൊടുക്കാമെന്നു പറഞ്ഞാലും തെറ്റില്ല. വേതനം ചോദിക്കുമ്പോൾ അദ്ദേഹം വയലന്റ് ആകുകയാണ്. ചെക്ക് മാറി വരാനൊക്കെ കാലതാമസം നേരിടുമ്പോൾ മാനുഷിക പരിഗണന വച്ച് ചില സമയങ്ങളിൽ സാവകാശം കൊടുക്കാറുണ്ട്. പക്ഷേ, ആഷിഖ് അബു തുടക്കം മുതലെ വേറെ രീതിയിലാണ്. കാർഡില്ലാത്ത ആളുകളെ പണിക്കു വയ്ക്കും. ഇതു ചോദ്യം ചെയ്തതോടെ ഫെഫ്കയുമായി വൈരാഗ്യമായി. യൂണിയനിൽ അംഗമല്ലാത്തവരെ വച്ച് ജോലി ചെയ്യിക്കുന്നത് ചൂണ്ടിക്കാണിക്കുമ്പോൾ അദ്ദേഹത്തിന് ബുദ്ധിമുട്ടാണ്.
ഇത് ഞങ്ങളുടെ ചോറ്
സിനിമ എടുക്കാൻ ആരെങ്കിലും വന്നാൽ അല്ലേ ഞങ്ങൾക്ക് അരി വാങ്ങിക്കാൻ കഴിയൂ. അതിനാൽ, പരമാവധി എല്ലാവരുമായും സഹകരിച്ചാണ് നിൽക്കാറുള്ളത്. ധിക്കാരത്തോടെ സംസാരിക്കാറില്ല. ഇപ്പോൾ തന്നെ, ഈ പ്രശ്നങ്ങൾ വന്നതുകൊണ്ട് കേരളത്തിൽ ഇപ്പോൾ ആകെ ഏഴു സിനിമകളുടെ ഷൂട്ടിങ്ങേ നടക്കുന്നുള്ളൂ. 24 സിനിമയെങ്കിലും നടക്കേണ്ട സമയത്താണ് ഇത്. ആറായിരത്തോളം തൊഴിലാളികൾ ജോലിയില്ലാതെ ഇരിക്കുകയാണ് ഇപ്പോൾ. ഞങ്ങളുടെ കുടുംബങ്ങളാണ് ഇതിലൂടെ തകരുന്നത്.
ഔദ്യോഗിക പ്രതികരണം ഉടൻ
ഫെഫ്കയുടെ ഔദ്യോഗിക പ്രതികരണം രണ്ടു ദിവസത്തിനകം വരും. ഞങ്ങൾ 21 യൂണിയനുകളുടെ സെക്രട്ടറിമാർ കൂടിയിരുന്ന് എക്സിക്യൂട്ടിവ് വിളിച്ച്, അവർക്ക് പറയാനുള്ളത് കേൾക്കണം. എന്നിട്ടു മാത്രമെ, ബഹുമാനപ്പെട്ട ഉണ്ണി സാറിന് (ബി.ഉണ്ണികൃഷ്ണൻ) പ്രതികരിക്കാൻ കഴിയൂ. പ്രസ്ഥാനത്തെ തകർക്കുകയല്ല ഞങ്ങളുടെ ലക്ഷ്യം. സിനിമ മുൻപോട്ടു പോയെങ്കിലെ ഞങ്ങളുടെ കുടുംബങ്ങൾക്ക് ജീവിക്കാൻ കഴിയൂ.
വിനയൻ നടത്തുന്നത് മുതലെടുപ്പ്
പുതിയ തൊഴിലാളി സംഘടന രൂപീകരിക്കണമെന്ന് വിനയൻ സർ പറയുന്നതിൽ കാര്യമില്ല. ആരെങ്കിലും അദ്ദേഹത്തിനൊപ്പം പോകണ്ടേ? അദ്ദേഹത്തിനും ജീവിക്കണം. ഉണ്ണികൃഷ്ണൻ സാറിനും ജീവിക്കണം. ഞങ്ങൾക്കും ജീവിക്കണം. അങ്ങനെ ചിന്തിക്കണം. സിനിമ എന്നു പറയുന്നത് ഒരു വ്യക്തിയുടേതല്ല. എല്ലാവരും കൂടുമ്പോഴാണ് ഒരു സിനിമ ആകുന്നത്. സിനിമയിൽ വ്യക്തിവൈരാഗ്യം പാടില്ല. വിനയൻ സർ പടമെടുക്കുമ്പോൾ അദ്ദേഹത്തിന് ആവശ്യമുള്ളത് ചെയ്തു കൊടുക്കണം. അതാണ് മര്യാദ. അദ്ദേഹം ഉദ്ദേശിക്കുന്ന രീതിയിൽ അല്ല ഞങ്ങളുടെ സംഘടന ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. അദ്ദേഹം പടമെടുത്തിട്ട് ഞങ്ങൾ ആരെങ്കിലും ഉടക്കാൻ പോയിട്ടുണ്ടോ? വാർത്തയ്ക്കു വേണ്ടി അദ്ദേഹം ഓരോന്നു പറയുന്നതാണ്. എന്തു അടിസ്ഥാനത്തിലാണ് അദ്ദേഹം ബി.ഉണ്ണികൃഷ്ണനെ മാറ്റണമെന്നു പറയുന്നത്? അദ്ദേഹത്തിന്റെ പടത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ട് ഉണ്ടായോ? അദ്ദേഹം ഈ അവസരത്തെ മുതലെടുക്കുകയാണ്.
സിനിമകളുടെ സമസ്ത മേഖലകളിലും പ്രവർത്തിച്ചിട്ടുള്ളയാളാണ് ജാഫർ കാഞ്ഞിരപ്പള്ളി. സിനിമാ തിയറ്റർ ഓപ്പറേറ്റർ, വിതരണക്കാരൻ, നിർമ്മാതാവ്, അഭിനേതാവ് എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കിന്നാരത്തുമ്പികൾ, വേഴാമ്പൽ, തങ്കത്തോണി, രാക്ഷസ രാജ്ഞി തുടങ്ങിയവ അദ്ദേഹം നിർമ്മിച്ച ചിത്രങ്ങളിൽ ചിലതാണ്.
ഫെഫ്ക മെസ് വർക്കേഴ്സ് യൂണിയന്റെ ജനറൽ സെക്രട്ടറി, ഫെഫ്ക ഫെഡറേഷന്റെ വൈസ് ചെയർമാൻ എന്നീ നിലകളിൽ 12 വർഷമായി പ്രവർത്തിക്കുന്നു. വർഷങ്ങളായി മലയാള സിനിമയ്ക്കും സീരിയലിനും ഭക്ഷണം വിതരണം ചെയ്യുന്ന ജോലിയും ജാഫർ ചെയ്യുന്നുണ്ട്.