ഒളിക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തി: മലയാള സിനിമയെക്കുറിച്ച് ഗുരുതര ആരോപണവുമായി രാധിക ശരത്കുമാർ
Mail This Article
മലയാള സിനിമാ സെറ്റിലെ കാരവനുകളിൽ ഒളിക്യാമറ ഉണ്ടെന്നുള്ള ഞെട്ടിക്കുന്ന ആരോപണവുമായി നടി രാധിക ശരത്കുമാർ. കാരവനിൽ നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്നാണ് രാധികയുടെ ആരോപണം. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടെന്നും രാധിക ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ ഉപയോഗിച്ചില്ലെന്നും നടി വെളിപ്പെടുത്തി.
‘ഞാൻ 46 വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്ന ആളാണ്. മോശമായി പെരുമാറാൻ ശ്രമിച്ച നിരവധിപേരുണ്ട്. ‘നോ’ എന്നു പറയാൻ പെൺകുട്ടികൾ പഠിക്കണം. പുരുഷന്മാരാരും ഇതുവരെ ഇതിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഇപ്പോൾ എല്ലാം പെൺകുട്ടികളുടെ തലയിലേക്ക് കെട്ടിവയ്ക്കുകയാണ്. പല നടിമാരുടെയും കതകിൽ മുട്ടുന്നത് ഞാൻ നിറയെ കണ്ടിട്ടുണ്ട്, എത്രയോ പെൺകുട്ടികൾ എന്‍റെ മുറിയിൽ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. കേരളത്തിൽ ഞാൻ കണ്ടത് പറയാം. ഞാനിങ്ങനെ നടന്നുപോകുമ്പോൾ കുറേപേർ എന്തോ വിഡിയോ ഒരുമിച്ച് ഇരുന്ന് കാണുന്നുണ്ട്. ഇതെന്താണ് കാണുന്നതെന്ന് ഞാൻ ഒരാളോട് ചോദിച്ചു. എല്ലാ കാരവനിലും ഒളിക്യാമറ വച്ച് പെൺകുട്ടികൾ വസ്ത്രം മാറുന്നത് ഷൂട്ട് ചെയ്ത് വച്ചിട്ടുണ്ടെന്നും നടിമാരുടെ പേര് വച്ച് ഫോൾഡറിൽ തിരഞ്ഞാൽ ആ വിഡിയോ കാണാനാകുമെന്നും പറഞ്ഞു. ഏത് സിനിമയുടെ ലൊക്കേഷനെന്ന് ഞാൻ പറയില്ല. പിന്നീട് എനിക്കു കാരവനിൽ പോകാൻ പോലും ഭയമായിരുന്നു.’ രാധിക പറഞ്ഞു.
‘പെൺകുട്ടികൾ വസ്ത്രം മാറുന്ന വിഡിയോ ഞാൻ കണ്ടു. പിന്നീട് ബഹളംവച്ച് ഇക്കാര്യം അറിയിച്ചു. എല്ലാവരെയും വിളിച്ച് ഇത് ശരിയല്ലെന്നും ചെരുപ്പൂരി അടിക്കുമെന്നും പറഞ്ഞു. ഭയങ്കര ദേഷ്യം വന്നിരുന്നു. പിന്നീട് കാരവൻ ഒഴിവാക്കി റൂം എടുക്കുകയായിരുന്നു. നിലത്ത് കിടന്നു തുപ്പിയാൽ അത് നമ്മുടെ ദേഹത്തേക്കു തന്നെ വീഴുകയുള്ളൂ. അതുകൊണ്ടാണ് പേരു പറയാത്തത്.’–രാധിക പറയുന്നു.
കേരളത്തിൽ മാത്രമല്ലെന്നും എല്ലാ സിനിമ സെറ്റുകളിലും ഇത് നടന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ഉർവശി അടക്കമുള്ള നടിമാർ കേരളത്തിൽ ഇങ്ങനെയൊന്നും ഇല്ലെന്ന് പറയുന്നത് നാളെ മാറ്റി നിർത്തുമോ എന്ന് ഭയന്നാണെന്നും താരം അഭിപ്രായപ്പെട്ടു.