ADVERTISEMENT

തമിഴ് ഗായിക സുചിത്ര തനിക്കെതിരെ ഉന്നയിച്ച  ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുകയാണെന്നും നടി റിമ കല്ലിങ്കൽ. സമൂഹമാധ്യമത്തിൽ പങ്കു വച്ച് കുറിപ്പിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. റിമ എഴുതിയ കുറിപ്പ് ഇപ്രകാരം. 

‘വർഷങ്ങളായി നിങ്ങളിൽ പലരും ഡബ്ല്യുസിസിക്കും അതിന്റെ ലക്ഷ്യത്തിനും ഒപ്പം നിൽക്കുന്നുണ്ട്. ഈ പിന്തുണയും വിശ്വാസവുമാണ് ഇപ്പോൾ നിങ്ങൾക്കായി ഇതെഴുതാൻ എന്നെ പ്രേരിപ്പിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തമിഴ് ഗായിക സുചിത്ര നടത്തിയ പ്രസ്താവനകൾ കഴിഞ്ഞ രണ്ട് ദിവസമായി നിരവധി വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.  30 മിനിറ്റ് നീണ്ട അഭിമുഖത്തിൽ 2017 ലെ ലൈംഗികാതിക്രമത്തെ അതിജീവിച്ചയാളെ പേരെടുത്ത് പറഞ്ഞ് അപമാനിക്കുക മാത്രമല്ല, ഇത്തരമൊരു ആക്രമണം തന്റെ നേരെ ഉണ്ടാകുമെന്നു അതിജീവിതയ്ക്ക് അറിയാമായിരുന്നു എന്നും, മുഖ്യമന്ത്രി പിണറായിയും മോഹൻലാലും മമ്മൂട്ടിയും ചേർന്ന് ഹേമ കമ്മിറ്റിയിലൂടെ ഫഹദിനെപ്പോലുള്ള നടന്മാരുടെ കരിയർ നശിപ്പിക്കാനായി ഗൂഢാലോചന നടത്തിയെന്നും അവർ ആരോപിക്കുന്നു. 

ഹേമ കമ്മിറ്റി രൂപീകരിച്ചതെന്ന് എന്തിനാണെന്ന് നമുക്കെല്ലാവർക്കും അറിയാം, ആ ഉദ്ദേശ ശുദ്ധിയെ അധിക്ഷേപിക്കുന്നവരെ ചോദ്യം ചെയ്യുക തന്നെവേണം. ഈ ആരോപണങ്ങൾ ഒന്നും തന്നെ മുഖ്യധാരാ മാധ്യമങ്ങളുടെ വാർത്തകളിൽ ഇടം പിടിച്ചില്ലെങ്കിലും, ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു എന്ന് അവർ ഏതോ ഒരു മാധ്യമത്തിൽ വായിച്ചു എന്ന അവരുടെ  അടിസ്ഥാനരഹിതമായ പ്രസ്താവന വാർത്താപ്രാധാന്യം നേടി. അങ്ങനെയൊരു കാര്യം സംഭവിച്ചിട്ടില്ല എന്ന് ഞാനിപ്പോൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഈ അടിസ്ഥാനരഹിതമായ പ്രസ്താവനയ്ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകാൻ ഞാൻ തീരുമാനിച്ചു. ഈ വ്യക്തിഅധിക്ഷേപം ചൂണ്ടിക്കാട്ടി ഞാൻ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകുകയും മാനനഷ്ടത്തിന് നോട്ടിസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾക്ക് ഇതുവരെ തന്ന പിന്തുണയ്ക്ക് ഞങ്ങളുടെ ലക്ഷ്യത്തിൽ വിശ്വസിക്കുന്ന എല്ലാവരോടും നന്ദി, നമുക്ക് ഒരുമിച്ച് മുന്നേറാം.’

കഴിഞ്ഞ ദിവസമാണ് റിമയ്ക്കും ആഷിഖ് അബുവിനുമെതിരെ കനത്ത ആരോപണങ്ങളുമായി സുചിത്ര രംഗത്തെത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് സംസാരിക്കവേയാണ് സുചിത്ര ഇക്കാര്യങ്ങൾ ആരോപിച്ചത്.

English Summary:

Rima Kallingal SLAMS Suchitra's Allegations, Announces Legal Action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com