‘ഫെഫ്കയുടെ നയം പറയാൻ നടന്മാരുടെ അഭിപ്രായം കേൾക്കണോ ?’ വിനയൻ ചോദിക്കുന്നു
Mail This Article
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന്് ഇത്ര ദിവസങ്ങൾ കഴിഞ്ഞിട്ടും വ്യക്തമായ അഭിപ്രായ രൂപീകരണത്തിൽ എത്താൻ ഫെഫ്ക ഉൾപ്പടെയുള്ള സംഘടനകൾക്ക് സാധിക്കാത്തതെന്തെന്ന് വിനയൻ. സിനിമയിലെ ഏറ്റവും വലിയ സംഘടനയായ ഫെഫ്കയ്ക്ക് നയം പറയാൻ നടന്മാരുടെയും നിർമാതാക്കളുടെയും അഭിപ്രായം കേൾക്കേണ്ട ആവശ്യമുണ്ടോയെന്നും വിനയൻ ചോദിക്കുന്നു. സമൂഹമാധ്യമത്തിൽ പങ്കു വച്ച് കുറിപ്പിലാണ് സംവിധായകൻ ചോദ്യങ്ങൾ ഉന്നയിച്ചത്.
‘ഹേമ കമ്മിററി റിപ്പോർട്ടിനെപ്പറ്റി വ്യക്തമായ അഭിപ്രായ രൂപീകരണത്തിൽ എത്താൻ ചലച്ചിത്ര സംഘടനകൾക്കെന്തേ ഇനിയും കഴിയാത്തത് ? ചിലർ പറയുന്നു ഇതു വളരെ നല്ലതാണ് അഗീകരിക്കുന്നു. നടപ്പാക്കണമെന്ന് ചിലർ പറയുന്നു. ഇതു വിശ്വാസ യോഗ്യമല്ലന്ന് മറ്റുചിലർ. സത്യത്തിൽ കൺഫ്യൂഷനിലായത് സാധാരണ ചലച്ചിത്ര പ്രവർത്തകരാണ്. ഇക്കാര്യത്തിൽ കൃത്യമായ തീരുമാനമെടുത്ത് ചലച്ചിത്ര മേഖലയെ സംരക്ഷിച്ചില്ലെങ്കിൽ പതിനായിരങ്ങളുടെ തൊഴിലിനേയും ജീവിതത്തേയും അതു ബാധിക്കും.
മലയാള സിനിമയിലെ ഏറ്റവും ശക്തമായ സംഘടന ടെക്നീഷ്യൻ മാരുടേയും തൊഴലാളികളുടേയും ട്രേഡ് യൂണിയനാണ്. ആ ട്രേഡ് യൂണിയൻ വ്യക്തമായ ഒരു നിലപാടിൽ എത്തേണ്ടത് ഫിലിം ഇൻഡസ്ട്രിയെ സംബന്ധിച്ച് ഏറെ പ്രാധാന്യമേറിയ കാര്യമാണ്. സാമ്പത്തിക തലത്തിൽ താര സംഘടനയായ അമ്മയ്ക്കായിരിക്കാം സിനിമാ സംഘടനകളിൽ കൂടുതൽ ശക്തി. പക്ഷേ ഏഴായിരത്തിലധികം അംഗങ്ങളും, നല്ല ചിന്താശക്തിയും സംവാദന ശേഷിയുമുള്ള എഴത്തുകാരും സംവിധായകരും നേതൃത്വം നൽകുന്ന ടെക്നീഷ്യൻമാരുടെയും തൊഴിലാളികളുടെയും സംഘടന തന്നെയാണ് ഒന്നാം സ്ഥാനത്ത്.
2006-2008 കാലഘട്ടത്തിൽ അതു മാക്ട ഫെഡറേഷനായിരുന്നു. ഇന്നതു ഫെഫ്കയാണ്. ആ സംഘടനയ്ക് നടൻമാരുടെയും നിർമാതാക്കളുടെയും അഭിപ്രായം കേട്ടിട്ട് നയം രൂപീകരിക്കേണ്ട ആവശ്യമില്ലന്നാണ് എന്റെ അഭിപ്രായം. 2007–ൽ വിഡിയോ പൈറസി ശക്തമായിരുന്ന കാലത്ത് അതിനെതിരെ സെക്രട്ടറിയേറ്റ് നടയിൽ അയ്യായിരത്തിലധികം ചലച്ചിത്ര പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ വലിയ ശക്തിപ്രകടനം ഈ അവസരത്തിൽ ഓർത്തു പോകുകയാണ്. ടെക്നീഷ്യൻമാരും തൊഴലാളികളും മുന്നിട്ടിറങ്ങിയ അന്നത്തെ പ്രകടനത്തിന് സർക്കാരിനെ കൊണ്ട് ശക്തമായ തീരുമാനങ്ങൾ എടുപ്പിക്കാൻ കഴിഞ്ഞു. അന്ന് സിനിമ വ്യവസായത്തിന്റെ നിലനിൽപ്പിനു വേണ്ടി നടത്തിയ സമര പ്രകടനത്തിന്റെ സംഘാടകൻ ആയിരുന്ന വ്യക്തി എന്ന നിലയിൽ പറയട്ടേ, ഇന്നും ടെക്നീഷ്യൻമാരുടെയും തൊഴിലാളികളുടെയും സംഘടന ഉദ്ദേശിച്ചാൽ പലതും നടക്കും.
അതുപോലെ തന്നെ 2007 അവസാനം അന്ന് തുഛമായ ബാറ്റ മാത്രം ഉണ്ടായിരുന്ന ചലച്ചിത്ര തൊഴലാളികളുടെ കൂലിവർദ്ധനക്കായി നടത്തിയ നാലു ദിവസത്തെ സമരത്തെ ക്കുറിച്ചും ഈ സാഹചര്യത്തിൽ ഒന്നോർക്കുന്നതു നല്ലതാണ്. മാക്ട ഫെഡറഷൻ രൂപീകരിച്ച ഉടനെ തന്നെ ഞങ്ങൾ കൊടുത്ത ഒരു ഡിമാൻഡ് നോട്ടീസ് എന്ന നിലയിൽ അതംഗീകരിച്ചാൽ കീഴ്വഴക്കമാകുമെന്നും അതുകൊണ്ട് ഒരു രൂപ പോലും കൂട്ടാനനുവദിക്കില്ലന്നും പൊഡ്യൂസേഴ്സ് അസ്സോസിയഷൻ തീരുമാനിച്ചു. താരസംഘടനയും ഫിലിം ചേമ്പറും എല്ലാം ആ അഭിപ്രായക്കാർ ആയിരുന്നു. ഗത്യന്തരമില്ലാതെ മാക്ട ഫെഡറേഷൻ സമരം പ്രഖ്യാപിച്ചു. തൊഴിലാളികളെയും ടെക്നീഷ്യൻമാരെയും പരിഹസിച്ച പ്രമുഖൻമാരെ എല്ലാം ഞെട്ടിച്ചുകൊണ്ട് നാലു ദിവസം കേരളത്തിൽ മാത്രമല്ല മലയാള സിനിമ എവിടെ യൊക്കെ ഷൂട്ടിംഗ് ഉണ്ടയിരുന്നോ ആ സെറ്റുകളെല്ലാം സ്തംഭിച്ചു. ഒടുവിൽ നാലാം ദിവസം വൈകിട്ട് പ്രൊഡ്യൂസേഴ്സ് അസ്സോസിയഷനിൽ വിളിച്ചു കൂട്ടിയ യോഗത്തിൽ അന്ന് മാക്ട ഫെഡറേഷൻ ചോദിച്ച ശമ്പള വർദ്ധന ഒരു രൂപ പോലും കുറയ്കാതെ മുഴുവനും നിർമാതാക്കൾ സമ്മതിച്ചു. അത്രമേൽ സംഘടനാ ശക്തി അന്നുണ്ടായിരുന്നു
പിന്നീടു വന്ന നേതാക്കൻമാരുടെ ഒത്തു തീർപ്പുകളും രഹസ്യ ചർച്ചകളും കാരണം ആ സംഘടനാ ശക്തി മാറ്റുരക്കേണ്ടി വന്നിട്ടില്ല എന്നതു സത്യം. പക്ഷേ അതിന്റെ ഗുണം ആർക്കായിരുന്നു എന്നതിലേക്കു ഞാൻ ഇപ്പോൾ കടക്കുന്നില്ല. ഒരു കാര്യം പറഞ്ഞു കൊണ്ടു നിർത്താം. മറ്റ് ഏതെങ്കിലും പ്രമുഖരുടെയോ പ്രമുഖ സംഘടനയുടെയോ അഭിപ്രായം കേട്ടിട്ടു തീരുമാനം പറയേണ്ട അവസ്ഥ മലയാള സിനിമയിലെ ടെക്നീഷ്യൻമാർക്കും തൊഴിലാളികൾക്കും ഉണ്ടാകരുത് എന്നതാണ് എന്റെ അഭിപ്രായം.’ വിനയന്റെ വാക്കുകൾ