കേരളത്തിലെ 700 സ്ക്രീനുകളില്‍ നാലായിരം ഷോ; ‘ഗോട്ടിന്’ അഡ്വാൻസ് ബുക്കിങ് 3 കോടി
Mail This Article
വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗോട്ട്, തിയറ്ററുകളിലെത്തുന്നതിനു മുന്‍പേ തന്നെ ചരിത്രം സൃഷ്ടിക്കുകയാണ് സിനിമ. നാളെ റിലീസിനെത്തുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് വൻ റെക്കോർഡിലേക്ക് കുതിക്കുകയാണ്. കേരളത്തിൽ നിന്നും മൂന്ന് കോടിക്കു മുകളിലാണ് അഡ്വാൻസ് ബുക്കിങ് നടന്നിരിക്കുന്നത്. വെളുപ്പിന് നാല് മണി മുതൽ ഫാൻസ് ഷോ ആരംഭിക്കും.
വെങ്കട്ട് പ്രഭു സംവിധാനത്തില്‍ പുറത്തുവരുന്ന ചിത്രത്തിന്റ ആദ്യദിനത്തിനായി ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നത് ലക്ഷക്കണക്കിന് ആളുകളാണ്. തമിഴ്നാട്ടിൽ മാത്രം ഏകദേശം 15.4 കോടി രൂപ മൊത്ത വരുമാനം നേടിയതായി ട്രേഡ് വെബ്‌സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.
കേരളത്തില്‍ ഗോകുലം ഗോപാലന്‍ ടീമാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. 700ല്‍പരം സ്ക്രീനുകളില്‍ നാലായിരത്തോളം ഷോ ആണ് ഗോട്ടിനായി മാറ്റി വച്ചിരിക്കുന്നത്. ആദ്യദിന കലക്‌ഷൻ തന്നെ മറ്റൊരു ചരിത്രമാകുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.
മൊത്തം പ്രീ സെയില്‍ വരുമാനമായി കണക്കാക്കുന്നത് 50 കോടിക്കും മുകളിലാണ്. ഈ വര്‍ഷം ഒരു തമിഴ് സിനിമക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രീ സെയില്‍ കണക്കാണിത്. ഇന്ത്യന്‍ 2ന്റെ നിലവിലെ റെക്കോര്‍ഡുകളെല്ലാം മറി കടന്നാണ് ഇപ്പോള്‍ ഗോട്ടിന്റെ കുതിപ്പ്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. പുലര്‍ച്ചെ 4 മുതല്‍ തന്നെ തമിഴ്നാടിനു പുറത്ത് ഷോകള്‍ ഷെഡ്യൂള്‍ ചെയ്തു കഴിഞ്ഞു.
താരം ഇരട്ടവേഷത്തിലെത്തുന്ന ചിത്രം ആരാധകര്‍ക്ക് ഒരു വിരുന്നായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സ്റ്റണ്ട് മാസ്റ്റര്‍ ദിലീപ് സുബ്രയന്റെ അതിവിദഗ്ധ ആക്ഷന്‍ സ്വീക്വന്‍സുകളും സീനുകളും കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍.