എന്റെ സെറ്റിൽ ലഹരി പ്രോൽസാഹിപ്പിക്കാറില്ല, ആ ലേബൽ തന്നത് സംഘപരിവാർ: ആഷിഖ് അബു
Mail This Article
സെറ്റിലെ ലഹരി ഉപയോഗം നിഷേധിച്ച് സംവിധായകനും നിർമാതാവുമായ ആഷിഖ് അബു. തന്റെ സെറ്റുകളിൽ ലഹരി പ്രോൽസാഹിപ്പിച്ചിട്ടില്ല. ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ ഇടതു വിരുദ്ധനാണെന്നും ആഷിഖ് ആരോപിച്ചു. മനോരമ ന്യൂസിനോടാണ് ആഷിഖിന്റെ പ്രതികരണം.
'മട്ടാഞ്ചേരി മാഫിയ' എന്നത് സംഘപരിവാർ ചാർത്തിയ ലേബലാണ്. സിഎഎ വിരുദ്ധ സമരത്തിൽ അനുകൂല നിലപാട് എടുത്തതിനാലാണ് തനിക്കെതിരായ ആരോപണം വന്നത്. മദ്യം ഉപയോഗിക്കുന്നവർ പോലും സിനിമ നിർമാണത്തിന് തടസ്സമാണ്. സിനിമയോട് സ്നേഹമുള്ള എല്ലാവർക്കും സിനിമ മാത്രമാണ് വലുത്. അച്ചടക്കമുള്ളതുകൊണ്ടാണ് സിനിമയിൽ എവിടെയെങ്കിലും എത്തിയത്. എനിക്കോ റീമയ്‌ക്കോ, ഞങ്ങളുടെ കൂട്ടുകാരായിട്ടുള്ളവർക്കോ സ്ഥിരമായി നേരിടേണ്ടി വരാറുള്ള ആരോപണങ്ങൾ ആണിത്. അതിനെ നിയമപരമായി നേരിടാനാണ് തീരുമാനം, ആഷിഖ് അബു വ്യക്തമാക്കി.
ബി.ഉണ്ണികൃഷ്ണനെതിരായുള്ള ആരോപണങ്ങൾ ആവർത്തിച്ച ആഷിഖ് അബു, അദ്ദേഹം ഇടതുവിരുദ്ധനാണെന്നും അഭിപ്രായപ്പെട്ടു. ബി.ഉണ്ണികൃഷ്ണനെക്കുറിച്ച് നേരിട്ട് മനസിലാക്കിയിട്ടുണ്ട്. എന്റെ സുഹൃത്താണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രവർത്തികളിൽ നിന്നുമാണ് ബി.ഉണ്ണികൃഷ്ണൻ ഇടതുവിരുദ്ധനാണ് എന്ന് ഞാൻ മനസിലാക്കുന്നത്, ആഷിഖ് അബു പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഉയർന്നു വന്ന ചർച്ചകളിൽ ഫെഫ്ക നിശബ്ദത പാലിക്കുന്നുവെന്നായിരുന്നു ആഷിഖ് അബുവിന്റെ ആരോപണം. സമൂഹത്തോട് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തവും നിറവേറ്റാന്‍ ഒരു തൊഴിലാളി സംഘടനാ നേതൃത്വം തയാറാവുന്നില്ലായെന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നും ആഷിഖ് അബു പറഞ്ഞു. സംഘടനയെ കടുത്ത ഭാഷയിൽ വിമർശിച്ച ആഷിഖ് പിന്നീട് സംഘടനയിൽ നിന്ന് രാജി വയ്ക്കുകയായിരുന്നു.
നിലപാടിന്റെ കാര്യത്തിൽ കാപട്യം പുലർത്തുന്ന നേതൃത്വത്തോടുള്ള അതിശക്തമായ വിയോജിപ്പും പ്രതിഷേധവുമാണ് രാജിക്ക് പിന്നിലെന്ന് ആഷിഖ് അബു രാജിക്കത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സംഘടനയുമായുള്ള ആഷിഖിന്റെ വിയോജിപ്പ് ആശയപരമല്ലെന്നും വ്യക്തിപരമാണെന്നുമായിരുന്നു ഫെഫ്കയുടെ പ്രതികരണം.