ADVERTISEMENT

ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ആദ്യ ബോളിവുഡ് ചിത്രത്തിന് പാക്കപ്പ്.  തന്നെ പിന്തുണച്ച് ഒപ്പം നിന്നതിന് നിർമാതാവ് സിദ്ധാർഥ് റോയ് കപൂറിനും ദേവയായി അഭിനയിച്ച ഷാഹിദ് കപൂറിനും മറ്റു സാങ്കേതിക പ്രവർത്തകർക്കും റോഷൻ ആൻഡ്രൂസ് നന്ദി പറഞ്ഞിട്ടുണ്ട്. ഷാഹിദ് കപൂറിനേയും മറ്റു അണിയറ പ്രവർത്തകരെയും ആലിംഗനം ചെയ്തു യാത്രപറയുന്ന പാക്കപ്പ് വിഡിയോയൊക്കൊപ്പമാണ് റോഷൻ ആൻഡ്രൂസ് സമൂഹ മാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചത്. റോഷൻ ആൻഡ്രൂസിനെ കയ്യടിച്ച് അഭിനന്ദിക്കുന്ന ഷാഹിദിനെയും മറ്റ് അണിയറ പ്രവർത്തകരെയും വിഡിയോയിൽ കാണാം.  

ബോബി–സഞ്ജയുടെ തിരക്കഥയിൽ ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ചിത്രമാണ് ദേവാ. ‘ദേവാ ഇന്ന് പാക്കപ്പ് ആവുകയാണ്. എല്ലാവർക്കും നന്ദി.  എൻ്റെ കാഴ്ചപ്പാടിനെ പിന്തുണച്ചതിനും എനിക്കുവേണ്ടി നിലകൊണ്ടതിനും നിർമ്മാതാവ് സിദ്ധാർഥ് റോയ് കപൂറിന് എന്റെ ആത്മാർഥമായ നന്ദി. എന്നൊപ്പം പ്രവർത്തിച്ച എല്ലാ സാങ്കേതിക വിദഗ്ധർക്കും ആലിംഗനവും സ്നേഹവും.  എന്റെ ദേവാ ഷാഹിദ് കപൂറിന് ഒരുപാട് നന്ദി.’’ റോഷൻ ആൻഡ്രൂസ് കുറിച്ചു.

‘ഒരു സിനിമയുടെ പാക്കപ്പ് പറയാൻ ഇതിലും നല്ലൊരു നിമിഷമില്ല. ഇതൊരു പ്രത്യേക അനുഭൂതിയായിരുന്നു.  ഈ ചിത്രം നിങ്ങളെ ആവേശഭരിതരാക്കാൻ എത്തുകയാണ്.  എന്നിലെ കഴിവുകളെ ഇടിച്ചുപിഴിഞ്ഞെടുത്ത ഒരു മോൺസ്റ്റർ ഫിലിമിന് ഇന്ന് പരിസമാപ്തിയാവുകയാണ്. ഫെബ്രുവരി 14-ന് ദേവ തിയറ്ററിലെത്തുമ്പോൾ നിങ്ങളോടൊപ്പം ഇത് ആസ്വദിക്കാൻ ഞാനും കാത്തിരിക്കുകയാണ്.’–ഷാഹിദ് കപൂറിന്റെ വാക്കുകൾ.

സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്ന് നിർമിക്കുന്ന ദേവാ ഒരു ആക്‌ഷൻ ത്രില്ലറാണ്.  പൊലീസ് ഉദ്യോ​ഗസ്ഥനായാണ് ഷാഹിദ് ചിത്രത്തിൽ എത്തുന്നത്.  പൂജ ഹെഗ്ഡേ നായികയായെത്തുന്ന ചിത്രത്തിൽ പാവൽ ഗുലാത്തി, പർവേഷ് റാണ എന്നിവരും പ്രധാന താരങ്ങളാകുന്നു. 85 കോടി രൂപ മുതൽമുടക്കാണ് ചിത്രം നിർമ്മിക്കുന്നത്.  അനിമൽ സിനിമയുടെ ഛായാഗ്രാഹകനായ അമിത് റോയ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

English Summary:

Applause for Roshan Andrews as 'Deva' wraps up; Shahid Kapoor and the crew applaud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com