ഭാര്യയാണ് മുന്നില്‍ നിന്നത്: സ്വന്തം വീട് വിറ്റ് കാൻസർ രോഗിക്ക് വീട് വച്ചുകൊടുത്ത സാജു നവോദയ
Mail This Article
പാഷാണം എന്ന വാക്കിനെ മോശം രീതിയിലാണ് മലയാളികൾ ഉപയോഗിക്കാറുള്ളത്. എന്നാൽ പാഷാണം ഷാജി എന്ന് വിളിപ്പേരുള്ള മിമിക്രി കലാകാരനായ സാജു നവോദയ നന്മയുടെ പര്യായമാണ്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന സാജു നവോദയ ചെയ്ത ഒരു നല്ലകാര്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ക്യാൻസർ രോഗിയായ ഒരു മനുഷ്യന് കേറിക്കിടക്കാനായി സ്വന്തം കിടപ്പാടം വിറ്റ് വീട് വച്ചുകൊടുത്തിരിക്കുകയാണ് സാജു നവോദയ. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സിനിമകളിലുമെല്ലാം സജീവമായ സാജു ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മറ്റുള്ളവർക്ക് പ്രചോദനമാകാനായി താൻ ചെയ്ത ഒരു നല്ലകാര്യത്തെപ്പറ്റി തുറന്നു പറഞ്ഞത്. പതിനഞ്ച് വർഷം വാടകയ്ക്ക് താമസിച്ച ശേഷമായിരുന്നു സാജു നവോദയ ഒരു കിടപ്പാടം സ്വന്തമാക്കിയത് എന്നാൽ മരടിലുള്ളൊരു കാൻസർ രോഗിയുടെ അവസ്ഥ കണ്ടപ്പോൾ സ്വന്തമായി വീടില്ലെങ്കിലും വേണ്ടില്ല ദുരിതമനുഭവിക്കുന്നയാൾക്ക് ഒരു കിടപ്പാടമാകട്ടെ എന്ന് കരുതിയാണ് വീട് വിറ്റ് അവർക്കൊരു വീട് നിർമ്മിച്ച് കൊടുക്കാൻ തീരുമാനിച്ചതെന്ന് സാജു പറയുന്നു.
‘‘പതിനഞ്ച് വർഷം വാടകയ്ക്ക് താമസിച്ചിട്ടാണ് ഞാനൊരു വീട് വച്ചത്. ആ വീട് വിറ്റ് പത്ത് ലക്ഷത്തിന് മേലെ മുടക്കി വേറൊരാൾക്ക് ഞാനൊരു വീട് വച്ചു കൊടുത്തു. പുള്ളിയൊരു കാൻസർ രോഗിയാണ്. അദ്ദേഹം എന്നെ വിളിച്ച് ഒരു നേരത്തെ മരുന്ന് വാങ്ങിത്തരണമെന്ന് പറഞ്ഞതുകേട്ട് ഞാനും ഭാര്യയും കൂടി പുള്ളിയെ കാണാൻ അവരുടെ വീട്ടിൽ പോയതാണ്. ആ മനുഷ്യന്റെ വീട് കണ്ടപ്പോൾ വളരെയധികം ദുഃഖം തോന്നി. ഫ്ലക്സ് മേൽക്കൂരയാക്കിയ വീട്ടിൽ ഫ്ലക്സ് വിരിച്ചാണ് രോഗി കിടക്കുന്നത്. ഞങ്ങൾ കട്ടിൽ വാങ്ങി കൊണ്ട് വരാമെന്ന് പറഞ്ഞു. അങ്ങനെ കട്ടിൽ വാങ്ങാൻ പോകുമ്പോൾ ഭാര്യ പറഞ്ഞു നമുക്കൊരു കുഞ്ഞ് വീട് വച്ച് കൊടുക്കാമെന്ന്.
കാരണം പ്ലസ് വണ്ണിനും പ്ലസ് ടുവിനും പഠിക്കുന്ന രണ്ട് പെൺ മക്കളാണ് ആ വീട്ടിൽ ഉള്ളത്. പുലർച്ചെ നാല് മണിക്കോ മൂന്ന് മണിക്കോ എഴുന്നേറ്റ് പറമ്പിൽ പോകും അവര്‍. ബാത്റൂമിൽ പോകാനാണ്. വൈകുന്നേരം അർദ്ധ രാത്രിയിൽ എല്ലാവരും ഉറങ്ങിയ ശേഷവും. അതറിഞ്ഞപ്പോൾ ഭാര്യയ്ക്ക് വിഷമമായി. അങ്ങനെയാണ് വീട് വച്ചുകൊടുക്കാം എന്ന് തീരുമാനിക്കുന്നത്. ഒടുവിൽ നാട്ടുകാരൊക്കെ വന്ന് വലിയ വീട് വച്ച് കൊടുക്കാം എന്നൊക്കെ പറഞ്ഞു. കല്ലിടലിന്റെ അന്ന് ആളുകളൊക്കെ വന്നു. പക്ഷേ പിന്നീട് ആരും വന്നില്ല. ഒടുവില്‍ ഞാൻ തന്നെ നിന്ന് വീട് പണിതു. രണ്ട് മുറികളും, അറ്റാച്ഡ് ബാത്തറൂം, കിച്ചൺ തുടങ്ങി എല്ലാ സൗകര്യവും ഉള്ള നല്ലൊരു വീട് അവർക്ക് വച്ച് കൊടുത്തു. ആ കുഞ്ഞുങ്ങൾ ഇപ്പോഴും വിളിക്കാറുണ്ട്. ഞാൻ ഇപ്പോൾ വാടകയ്ക്ക് ആണ് താമസിക്കുന്നത്. അടുത്തൊരു സ്ഥലം വാങ്ങി വീട് വച്ചിട്ട് ആരോരും ഇല്ലാത്ത അമ്മമാരെ ഞങ്ങൾക്കൊപ്പം താമസിപ്പിക്കുക എന്നതാണ് ഭാര്യയുടെ ഇപ്പോഴത്തെ പ്ലാൻ. അതുതന്നെയാണ് എന്റെയും പ്ലാൻ. എന്റെയും ഭാര്യയുടെയും സന്തോഷം ആണ് ഞങ്ങളുടെ ജീവിതം.’’ സാജു നവോദയ പറഞ്ഞു.
മഴവില്‍ മനോരമയിലെ കോമഡി പരിപാടിയിലൂടെയാണ് സാജു നവോദയ ശ്രദ്ധനേടുന്നത്. സാജു നവോദയ എന്നാണ് യാഥാര്‍ത്ഥ പേരെങ്കിലും പാഷാണം ഷാജി എന്ന പേരിലാണ് താരം അറിയപെടുന്നത്. കോമഡി സ്‌കിറ്റുകളില്‍ സാജു അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണിത്. സാജുവിന്റെ ജീവിതം ഇപ്പോള്‍ കാണുന്ന രീതിയിലാവാന്‍ കാരണം ആ ഒരൊറ്റ കഥാപാത്രമാണ് എന്നതുകൊണ്ട് തന്നെ യഥാര്‍ത്ഥ പേരു വിളിക്കുന്നതിനേക്കാള്‍ സാജുവിനും ഇഷ്ടം പാഷാണം ഷാജി എന്ന വിളി കേള്‍ക്കാനാണ്.
വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ് സാജു മലയാളസിനിമയിലേക്ക് കടന്നുവരുന്നത്. നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചെയ്യുമ്പോളും തനിക്ക് കിട്ടുന്ന പ്രതിഫലത്തിന്റെ ഒരുഭാഗം പാവപ്പെട്ടവര്‍ക്കായി മാറ്റിവെക്കുകയാണ് ഈ കലാകാരന്‍. ദാരിദ്യത്തിലൂടെ കടന്നുവന്നതിലാണ് മറ്റുള്ളവരെ സഹായിക്കാനായി സാജു മുന്നിട്ടറിങ്ങുന്നത്. സാജുവിന്റെ സേവനപ്രവർത്തനങ്ങൾക് തുണയായി ഭാര്യയും കൂടെയുണ്ട്.