ADVERTISEMENT

ആരാണ് മമ്മൂട്ടി? എന്താണ് മമ്മൂട്ടി? അറിയാത്ത ഒരു മലയാളി പോലുമുണ്ടാവില്ല. എന്നാല്‍ നമ്മള്‍ കാണുന്നതിനപ്പുറം കാണാത്ത ഒരു മമ്മൂട്ടിയുണ്ട്. അതാണ് യഥാര്‍ഥ മമ്മൂട്ടിയെന്ന് പറഞ്ഞാലും അതിശയോക്തിയില്ല. മമ്മൂട്ടി ഒരിക്കല്‍ പറഞ്ഞ വാചകത്തില്‍ അദ്ദേഹത്തെ സംബന്ധിച്ച എല്ലാമുണ്ട്. ‘‘മോഹന്‍ലാല്‍ അടക്കം പലരും ഇന്‍ബോണ്‍ ആക്‌ടേഴ്‌സാണ്. ഞാനൊരു ആഗ്രഹ നടനാണ്. സിനിമയില്‍ അഭിനയിക്കണമെന്ന തീവ്രമായ ആഗ്രഹം ഒന്നുകൊണ്ട് മാത്രം നടനായി മാറിയ ഒരാള്‍’’

അങ്ങനെയൊരാള്‍ക്ക് ഇത്രയും ഉയരങ്ങള്‍ താണ്ടാന്‍ കഴിയുമോ? കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് മമ്മൂട്ടി. സ്വന്തം പ്രതിഭ നിരന്തരമായി സ്വയം ഉരച്ച് പരുവപ്പെടുത്തുന്ന നടനാണ് മമ്മൂട്ടി. വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ക്കായി കൊതിയോടെ കാത്തിരിക്കുന്ന മനസ്. ‘‘സിനിമയ്ക്ക് നമ്മളെ ആവശ്യമില്ല, നമുക്കാണ് സിനിമ ആവശ്യമായിട്ടുളളത്’’ എന്ന് തുറന്ന് പറയാനുളള സത്യസന്ധതയും അദ്ദേഹത്തിനുണ്ട്. ഇന്നും കഴിവ് തെളിയിച്ച ഒരു പുതുമുഖ സംവിധായകനോട് അടുത്ത പടത്തില്‍ നമുക്ക് റോളൊന്നുമില്ലേടേയ് എന്ന് ചോദിക്കാനുളള മനസ് മമ്മൂട്ടിക്കുണ്ട്.

അതുപോലെ നവാഗതരെ കണ്ടെത്തുന്നതിലും തിരിച്ചറിയുന്നതിലും അദ്ദേഹത്തിനുളള മിടുക്കും പ്രസിദ്ധമാണ്. മമ്മൂട്ടിയെ നായകനാക്കി സിനിമയെടുത്ത് വിജയിച്ച ചില ചലച്ചിത്രകാരന്‍മാര്‍ പറഞ്ഞു കേട്ട അനുഭവകഥയുണ്ട്. അവര്‍ ആദ്യം സമീപിച്ചത് മറ്റൊരു നായക നടനെയായിരുന്നു. റിസ്‌ക് എടുക്കാന്‍ ഭയമുളള നായകന്‍ ഒരു നവാഗതനെയും ഏഴയലത്ത് അടുപ്പിക്കില്ല. നല്ല കഥകളുമായി ഡേറ്റ് ചോദിച്ചു ചെല്ലുന്നവരുടെ കഥ കേള്‍ക്കാന്‍ പോലും അവസരം കൊടുക്കില്ല. പലരോടും അദ്ദേഹത്തിന്റെ പതിവ് പല്ലവിയുണ്ട്. 

‘നിങ്ങള്‍ ആദ്യം ഒരു ചെറിയ ഹീറോയെവച്ച് ഹിറ്റുണ്ടാക്കീട്ട് വാ...’‘പിന്നെ നിങ്ങളുടെ ആവശ്യമെന്താണ്? ആ വഴിയങ്ങ് പോയാല്‍ പോരേ?’ എന്ന് തിരിച്ചു ചോദിക്കാന്‍ തന്റേടം കാണിച്ച യുവാവുമുണ്ട്.

നവാഗതരെ നിരാശപ്പെടുത്താത്ത നായകന്‍

എന്നാല്‍ മമ്മൂട്ടിയേ തേടി പോയ ആര്‍ക്കും നിരാശപ്പെടേണ്ടി വരില്ല. സ്റ്റഫുളളവര്‍ക്ക് കൈ കൊടുത്ത് ഒപ്പം കൊണ്ടു നടക്കാന്‍ അദ്ദേഹത്തിന് തെല്ലും മടിയില്ലെന്ന് മാത്രമല്ല അത്തരക്കാരെക്കുറിച്ച് മറ്റുളളവരോട് വാചാലനാകുന്ന പതിവുമുണ്ട്. സംവിധായകനാകാന്‍ കാഴ്ചയുടെ കഥയുമായി ചെന്ന ബ്ലെസിക്ക് മമ്മൂട്ടി കഥ കേട്ട മാത്രയില്‍ തന്നെ ഡേറ്റ് നല്‍കി. തിരക്കഥയ്ക്കായി അന്നത്തെ പല പ്രമുഖരെയും ബ്ലെസി സമീപിച്ചെങ്കിലും യാഥാര്‍ത്ഥ്യമായില്ല. ഇനിയെന്ത് എന്ന അനിശ്ചിതത്വത്തില്‍ നില്‍ക്കുമ്പോള്‍ മമ്മൂട്ടി പറഞ്ഞു.

‘തിരക്കഥ നീ തന്നെയെഴുത്.’

അക്കാര്യത്തില്‍ തീരെ ആത്മവിശ്വാസമില്ലാതിരുന്ന ബ്ലസി തന്റെ ആശങ്ക തുറന്ന് പറഞ്ഞു. ‘‘കഥയുടെ ഓരോ മൈന്യൂട്ട് ഡീറ്റയില്‍സും നിന്റെ മനസിലുണ്ട്. നീ എന്നോട് കഥ പറഞ്ഞ രീതിയില്‍ അങ്ങ് എഴുതിയാല്‍ മതി’’

രണ്ടും കല്‍പ്പിച്ച് ഏതാനും സീനുകള്‍ എഴുതിയ ബ്ലെസി അത് മമ്മൂട്ടിയെ കൊണ്ടുവന്ന് കാണിച്ചു. വായിച്ച മാത്രയില്‍ അദ്ദേഹം ഗ്രീന്‍ സിഗ്നല്‍ കാണിച്ചു.അന്നും ഇന്നും തന്റെ സിനിമകളുടെ കഥകള്‍ കേള്‍ക്കുന്നത് മമ്മൂട്ടി നേരിട്ടാണ്. അതില്‍ നിന്ന് ശരിയെന്ന് തോന്നുന്നത് അദ്ദേഹം തിരഞ്ഞെടുക്കും. മറ്റുളളവരുടെ അഭിപ്രായം അനുസരിച്ച് പ്രവര്‍ത്തിക്കില്ല. തന്റെ തീരുമാനം തെറ്റായാലും ശരിയായാലും നിലപാടുകളില്‍ മാറ്റമില്ലാത്ത  വ്യക്തിത്വമുളള മനുഷ്യനാണ് മമ്മൂട്ടി. പല നായകന്‍മാരും ആദ്യം തന്റെ സുഹൃത്തുക്കളോടും മാനേജര്‍മാരോടും വീട്ടിലെ കുക്കിനോട് വരെ കഥ പറയാന്‍ ആവശ്യപ്പെടും. അവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ മാത്രം നായകന്‍ കഥ കേള്‍ക്കും. മാസിന്റെ പള്‍സ് അറിയാനാണ് ഇതെന്നാണ് ഈ നായകന്‍മാരുടെ ഭാഷ്യം. അങ്ങനെ പൊട്ടിപ്പൊളിഞ്ഞ സിനിമകള്‍ നിരവധിയുണ്ട് മലയാളത്തില്‍. 

mammootty-vikram3

മുപ്പതിലേറെ നവാഗത സംവിധായകര്‍ക്ക് അവസരം നല്‍കിയ മമ്മൂട്ടിയാണ് ലോഹിതദാസിനെയും ലാല്‍ജോസിനെയും ബ്ലെസിയെയും വൈശാഖിനെയുമെല്ലാം സിനിമയിലേക്ക് കൈപിടിച്ചു നടത്തിയത്.കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡിനു മമ്മൂട്ടിയെ സമീപിക്കുന്നത് തിരക്കഥാകൃത്താകാനുളള മോഹവുമായാണ്. തിരക്കഥ വായിച്ചു കേട്ട മമ്മൂട്ടി ഇതാര് സംവിധാനം ചെയ്യുമെന്ന് ചോദിച്ചു. ഡിനു ലബ്ധപ്രതിഷ്ഠരായ പലരുടെയും പേരുകള്‍ പറഞ്ഞു. എന്നാല്‍ ഇത് സംവിധാനം ചെയ്യേണ്ടത് അവരാരുമല്ല ഡിനു തന്നെയാണെന്ന് മമ്മൂട്ടി. ഷൂട്ടിങ് പോലും നേരെ ചൊവ്വേ കണ്ടിട്ടില്ലാത്ത ഡിനുവിന് ഇക്കാര്യത്തില്‍ തീരെ ആത്മവിശ്വാസമുണ്ടായിരുന്നില്ല. ഒഴിഞ്ഞു മാറാന്‍ ശ്രമിച്ച ഡിനുവിനോട് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ നോക്കാം.

‘‘ഈ സ്‌ക്രിപ്റ്റ് ഈ ലെവലില്‍ കണ്‍സീവ് ചെയ്ത നിനക്ക് സംവിധാനം ചെയ്യാനും സാധിക്കും’’

തുടക്കക്കാരനെ വിശ്വസിച്ച് വന്‍ബജറ്റുളള പടം ഏറ്റെടുക്കാന്‍ പല നിർമാതാക്കളും തയാറായില്ല. വര്‍ഷങ്ങള്‍ കടന്നു പോയിട്ടും മമ്മൂട്ടിക്ക് ഡിനുവിലുളള വിശ്വാസം നഷ്ടമായില്ല. ഒടുവില്‍ നിര്‍മാതാവ് വന്ന് ഷൂട്ടിങ് ആരംഭിച്ചു. പിന്നീട് നടന്ന ഒരു പത്രസമ്മേളനത്തില്‍ മമ്മൂട്ടി പറഞ്ഞു. ‘‘അന്ന് ഞാന്‍ ധൈര്യം കൊടുത്തെങ്കിലും യാതൊരു പരിചയവുമില്ലാത്ത ഈ പയ്യന്‍ എങ്ങനെ പടം ചെയ്യുമെന്ന ആശങ്കയുണ്ടായിരുന്നു. പക്ഷേ ഡിനു എന്നെ ഞെട്ടിച്ചു കളഞ്ഞു. ലാപ്പ്‌ടോപ്പില്‍ സ്‌റ്റോറി ബോര്‍ഡ് ഒക്കെ തയാറാക്കി വ്യക്തമായ പ്ലാനിംഗോടെയാണ് അയാള്‍ സെറ്റി വന്നത്. പരിചയ സമ്പന്നരെ പോലെ ഓരോ ഷോട്ടും ഡിനു ചിത്രീകരിച്ചു’’

mammootty-vikram

അതാണ് മമ്മൂട്ടി. ആരും കാണാത്തത് കാണുന്നു. ആരും ഏറ്റെടുക്കാത്തത് സധൈര്യം ഏറ്റെടുക്കുന്നു. സെറ്റില്‍ നന്നായി പണിയെടുക്കുന്ന സെന്‍സിബിളായ സഹസംവിധായകരെ കണ്ടാല്‍ മമ്മൂട്ടി അങ്ങോട്ട് കയറി ചോദിക്കും. 'സ്വന്തമായി പടമൊന്നും ചെയ്യണ്ടടേയ്..നമുക്ക് പറ്റിയ കഥയുണ്ടെങ്കില്‍ പറ..'

ഡസന്‍ കണക്കിന് ഓഫറുകളുമായി വലിയ സംവിധായകര്‍ ക്യൂ നില്‍ക്കുന്ന മഹാനടനാണ് ഇത് ചോദിക്കുന്നത്. അതിന് പിന്നിലെ മനശാസ്ത്രം ലളിതമാണ്. അന്‍പതിലേറെ സിനിമകള്‍ എടുത്ത് പ്രതിഭ വറ്റിയ മുതിര്‍ന്ന സംവിധായകരേക്കാള്‍ ഒരു നടന് പ്രയോജനം ലഭിക്കുക യുവാക്കളുമായി സഹകരിക്കുമ്പോഴാണെന്ന് മമ്മൂട്ടിക്ക് അറിയാം. പുതിയ പ്രമേയങ്ങള്‍, പുതിയ മേക്കിങ്, സിനിമയോടുളള അര്‍പ്പണബോധം..ഇതെല്ലാം എങ്ങനെ സ്വന്തം കരിയറില്‍ പ്രയോജനപ്പെടുത്താമെന്ന് അദ്ദേഹം കണക്ക് കൂട്ടും. ഒപ്പം ഒരു അവസരത്തിനായി കഷ്ടപ്പെടുന്ന തുടക്കക്കാരന് കൈത്താങ്ങാകുകയും ചെയ്യും. ഈ ധീരതയ്ക്ക് കാലം നല്‍കിയ പ്രതിഫലമാണ് മമ്മൂട്ടി കണ്ടെത്തിയ മിക്കവാറും എല്ലാ സംവിധായകരും വലിയ നിലയില്‍ എത്തിയെന്നത്.

എല്ലാവരെയും ഉള്‍ക്കൊളളുന്ന മനുഷ്യന്‍

ദൃശ്യമാധ്യമ മേഖലയിലെ ഏത് ചെറിയ ചലനവും മമ്മൂട്ടിക്ക് കാണാപാഠമാണ്. സിനിമയില്‍ മാത്രമല്ല ഒരു ടിവി ചാനല്‍ പ്രോഗ്രാമിലോ എന്തിന് യൂട്യൂബില്‍ റിലീസ് ചെയ്യുന്ന ഷോര്‍ട്ട് ഫിലിമില്‍ പ്രത്യക്ഷപ്പെടുന്നവരെ പോലും മമ്മൂട്ടി ശ്രദ്ധിക്കും. അവരെക്കുറിച്ച് അന്വേഷിച്ചറിയും. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഏഷ്യാനെറ്റിലെ സിനിമാലയില്‍ വന്ന ദിലീപിനെ മമ്മൂട്ടി അന്നേ മനസില്‍ സൂക്ഷിച്ചിരുന്നു. പില്‍ക്കാലത്ത് ദിലീപ് ആദ്യം നായകനായ മാനത്തെ കൊട്ടാരത്തിലേക്ക് അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചത് പോലും മമ്മൂട്ടിയാണ്.

mammootty-ambedkar

അന്നത്തെ അവസ്ഥയില്‍ ദിലീപ് നായകനാകാന്‍  കപ്പാസിറ്റിയുളള ഒരാളാണെന്ന് ആര്‍ക്കും ഉറപ്പില്ലായിരുന്നു. എന്നാല്‍ മമ്മൂട്ടി പറഞ്ഞാല്‍ പറഞ്ഞതാണെന്ന് ബോധ്യമുളള സംവിധായകന്‍ സുനില്‍ ദിലീപിനെ മാനത്തെ കൊട്ടാരത്തിലേക്ക് കാസ്റ്റ് ചെയ്തു. സിനിമ വിജയമായെന്ന് മാത്രമല്ല ദിലീപ് മലയാള സിനിമയിലെ നെടും തൂണുകളിലൊന്നായി മാറി.

ഈ തരത്തില്‍ കാലത്തിന് മുന്‍പേ ചില ഇടപെടലുകള്‍ നടത്താന്‍ കഴിയുന്നു എന്നതാണ് മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നത്. മോട്ടിവേഷനല്‍ സ്പീക്കര്‍മാര്‍ പലയിടങ്ങളിലും മെന്‍ഷന്‍ ചെയ്യുന്ന വ്യക്തി കൂടിയാണ് മമ്മൂട്ടി. ഇന്നും ആദ്യമായി സിനിമയില്‍ അഭിനയിക്കുന്ന ഒരാളുടെ ആവേശത്തോടെയും ഉത്സാഹത്തോടെയുമാണ് മമ്മൂട്ടി സിനിമയെ നോക്കി കാണുന്നത്. തന്നെക്കുറിച്ച് ഒരു വാര്‍ത്ത വന്നാല്‍ ആ പ്രസിദ്ധീകരണം വാങ്ങാനായി അദ്ദേഹം ആളെ പറഞ്ഞയക്കുമെന്ന് ചില നിര്‍മാണ കാര്യദര്‍ശികള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അതുപോലെ സെറ്റില്‍ ഷോട്ട് എടുത്ത ശേഷം മോനിട്ടറിന് മുന്നില്‍ വന്നു നിന്ന് തന്റെ പെര്‍ഫോമന്‍സ് നിരീക്ഷിക്കുന്ന ശീലവുമുണ്ടത്രെ. അഭിനയത്തോടുളള അടങ്ങാത്ത ത്വരയാണ് മമ്മൂട്ടി എന്ന നടനെയും വ്യക്തിയെയും നയിക്കുന്നത്. 

mammootty-34

സമകാലികരായ പല താരങ്ങളും രാഷ്ട്രീയ മോഹങ്ങളുമായി അലയുമ്പോള്‍ പല കുറി ഓഫറുകള്‍ തേടി വന്നിട്ടും അതിലൊന്നും തലയിടാതെ സിനിമയാണ് തനിക്കെല്ലാമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയ നടനാണ് മമ്മൂട്ടി. സമീപകാലത്ത് ഒരു അഭിമുഖത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. ‘‘സിനിമയില്ലെങ്കില്‍ എന്റെ ശ്വാസം നിലയ്ക്കും. അതുകൊണ്ട് പ്രിയപ്പെട്ട പ്രേക്ഷകര്‍ എന്നെ ഒരിക്കലും കൈവിടരുത്’’

ഏതെങ്കിലുമൊരു പക്ഷത്ത് കക്ഷി ചേരാതെ നില്‍ക്കാനുളള തന്ത്രജ്ഞതയും അദ്ദേഹത്തിനുണ്ട്. അടിസ്ഥാനപരമായി അദ്ദേഹമൊരു ഇടതുപക്ഷ മനോഭാവക്കാരനാണെന്നത് പരസ്യമായ രഹസ്യമാണ്. ഇടതുപക്ഷം എന്നാല്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ അടിമയാണെന്ന് അര്‍ഥമില്ല.  ലെഫ്റ്റിസ്റ്റ് മനോഭാവത്തെയും ഐഡിയോളജിയിലുമാണ് അദ്ദേഹം വിശ്വസിക്കുന്നത്. അതേ മമ്മൂട്ടി തന്നെ മറ്റ് പാര്‍ട്ടികളുടെ വേദികളില്‍ പ്രത്യക്ഷപ്പെടാനും മടിക്കാറില്ല. രാഷ്ട്രീയക്കാരനായല്ല, നടനായി തന്നെ..

അഭിനയത്തിന് ജാതിമത വേര്‍തിരിവുകളോ കക്ഷി രാഷ്ട്രീയമോ ഇല്ലെന്ന ബോധ്യം അദ്ദേഹത്തിനുണ്ട്. മട്ടാഞ്ചേരി മാഫിയ എന്ന വാക്കുമായി ചേര്‍ത്ത് മമ്മൂട്ടിയെ ആക്ഷേപിക്കാനും ഹേറ്റ് ക്യാംപെയ്ന്‍ നടത്താനും കച്ചകെട്ടിയിറങ്ങിയ തത്പര കക്ഷികള്‍ക്ക് അറിയില്ല. മലയാള സിനിമയില്‍ ഇതര മതവിഭാഗത്തില്‍ പെട്ട നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഏറ്റവുമധികം അവസരങ്ങള്‍ നല്‍കിയ നടനാണ് മമ്മൂട്ടി. മതനിരപേക്ഷ മനസ് സൂക്ഷിക്കുന്ന മമ്മൂട്ടിയെയാണ് അടുത്തറിയുന്നവര്‍ക്ക് പരിചയം. മറിച്ചുളള പ്രചരണങ്ങള്‍ അകലക്കാഴ്ചയിലെ തോന്നലുകള്‍ മാത്രമാണെന്ന് മമ്മൂട്ടിയെ സ്‌നേഹിക്കുന്നവര്‍ക്കറിയാം. 

സമീപകാലത്ത് മണിയന്‍പിളള രാജുവിന്റെ മകന്‍ നിരഞ്ജന്‍ നടത്തിയ ഒരു പരസ്യപ്രസ്താവന നോക്കാം. ‘‘എന്റെ അച്ഛനോട് മമ്മൂക്കയ്ക്ക് യാതൊരു വിധ കടപ്പാടുമില്ല. അച്ഛനെ സഹായിക്കേണ്ട ഒരു കാര്യവും അദ്ദേഹത്തിനില്ല. അവര്‍ ഒരുമിച്ച് അധികം സിനിമകളില്‍ അഭിനയിച്ചിട്ടു പോലുമില്ല. എന്നിട്ടും ഞങ്ങളുടെ കുടുംബം ചില പ്രതിസന്ധികള്‍ നേരിട്ട സന്ദര്‍ഭത്തില്‍ സഹായിക്കാനുളള വലിയ മനസ് അദ്ദേഹം കാണിച്ചു. സ്വന്തം കുടൂംബാംഗങ്ങളെ പോലെയാണ് അദ്ദേഹം ഞങ്ങളെ കാണുന്നത്’’

mammootty-344

3 ദേശീയ അവാര്‍ഡുകള്‍, 9 സംസ്ഥാന അവാര്‍ഡ്, 15 ഫിലിം ഫെയര്‍ അവാര്‍ഡ്, 11 ക്രിട്ടിക്‌സ് അവാര്‍ഡ്..പിന്നീട് 1998ല്‍ പത്മശ്രീയും ലഭിച്ച മമ്മൂട്ടിക്ക് കാല്‍നൂറ്റാണ്ടിന് ശേഷം പോലും പത്മഭൂഷണ്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. അതിന് പിന്നിലെ  കാരണങ്ങള്‍ എന്തെന്ന് ഇനിയും വ്യക്തമല്ല. പക്ഷെ മമ്മൂട്ടി അതിനെച്ചൊല്ലി ഒരു പരാതി പറഞ്ഞു കേട്ടിട്ടില്ല. അഭിനയം ഒരു സപര്യയായി കൊണ്ടു നടക്കുന്ന അദ്ദേഹത്തെ സംബന്ധിച്ച് തന്റെ കര്‍മ മേഖല മാത്രമാണ് മുന്നില്‍.

വിരൂപനാകാനും മടിയില്ല

വെല്ലുവിളികള്‍ ഏറ്റെടുക്കാനുളള ചങ്കൂറ്റമാണ് മമ്മൂട്ടിയുടെ മറ്റൊരു സവിശേഷത. കാഴ്ചയില്‍ രൂപഭംഗിയില്ലാത്ത നടന്‍മാര്‍ പരമാവധി പുട്ടിയടിച്ചും മേക്കപ്പു കൊണ്ട് പ്രായം മറച്ചും സ്‌ക്രീനില്‍ ചുളളനായി വന്ന് കൊച്ചുപെണ്‍കുട്ടികള്‍ക്കൊപ്പം മരം ചുറ്റി പ്രേമത്തിന് (ഇത്തരം സിനിമാ സമീപനങ്ങളൊക്കെ കാലഹരണപ്പെട്ടിട്ട് പതിറ്റാണ്ടുകളായി എന്ന് പോലും ഇവര്‍ തിരിച്ചറിയുന്നില്ല) ഒരുമ്പെടുമ്പോള്‍ മൂന്ന് പതിറ്റാണ്ട് മുന്‍പ് യൗവനയുക്തയായ ഒരു പെണ്‍കുട്ടിയുടെ പിതാവായി മമ്മൂട്ടി അമരം എന്ന സിനിമയില്‍ അഭിനയിച്ചു. തന്റെ ഇമേജല്ല കഥാപാത്രത്തിന്റെ ആഴമായിരുന്നു മമ്മൂട്ടിയെ പ്രചോദിപ്പിച്ചത്. പാഥേയത്തിലും സമാനമായ റോള്‍ ചെയ്യാന്‍ മടിച്ചില്ല.

മമ്മൂട്ടി
മമ്മൂട്ടി

ജന്മനാ സുന്ദരനായ മമ്മൂട്ടി സൂര്യമാനസം എന്ന സിനിമയില്‍ ഉന്തിയ പല്ലുകളും ഒട്ടിയ കവിളും മറ്റുമായി വിരൂപനായി പ്രത്യക്ഷപ്പെട്ടു. പൊന്തന്‍മാടയില്‍ വിരുപനും വൃദ്ധനുമായി വന്ന അദ്ദേഹം മൃഗയയിലും വിരൂപനായി വേഷമിട്ടു. ഭ്രമയുഗത്തിലെയും പൂഴുവിലെയും വിധേയനിലെയും നെഗറ്റീവ് കഥാപാത്രങ്ങള്‍ ഏറ്റെടുക്കാനും മടിച്ചില്ല. താന്‍ എപ്പോഴും സല്‍ഗുണ സമ്പന്നനായിരിക്കണമെന്ന് ശാഠ്യം പിടിക്കുന്ന നായകന്‍മാര്‍ക്കിടയിലാണ് മമ്മൂട്ടി ഇങ്ങനെയൊരു സാഹസത്തിന് തയ്യാറാവുന്നത്. അഭിനയത്തോടുളള അദമ്യവും അത്യപൂര്‍വവുമായ സ്‌നേഹമാണ് അദ്ദേഹത്തെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്.  മമ്മൂട്ടി എന്ന വ്യക്തിയെ മറന്ന് കഥാപാത്രത്തിലേക്ക് എത്തിപ്പെടാനുളള മാനസികവും ശാരീരികവുമായ ഒരുക്കങ്ങള്‍ എന്നും മമ്മൂട്ടിയെ പ്രചോദിപ്പിച്ചിരുന്നു.വടക്കന്‍ പാട്ടും ചരിത്രകഥാപാത്രങ്ങളും പോലീസ് വേഷങ്ങളും എക്‌സിക്യൂട്ടീവ് വേഷങ്ങളും മമ്മൂട്ടിയുടെ അത്ര മികവോടെ അഭിനയിച്ച പ്രതിഫലിപ്പിച്ച മറ്റൊരു നടനില്ല.

ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ, ന്യൂഡല്‍ഹി, ആവനാഴി...എന്നീ സിനിമകളിയെ മമ്മൂട്ടിയുടെ പ്രകടനം മലയാള സിനിമാ ചരിത്രത്തില്‍ നിര്‍ണ്ണായക പ്രാധാന്യത്തോടെ എഴുതി ചേര്‍ക്കേണ്ട ഒന്നാണ്.  മലയാളത്തിലെ ഒരു വലിയ നടന്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുണ്ട്. തീവ്രവൈകാരിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന സന്ദര്‍ഭങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ പലപ്പോഴും അദ്ദേഹത്തിന് കഴിയാറില്ല. പൊട്ടിക്കരയുന്നതും പൊട്ടിത്തകരുന്നതും നിസഹായതയുടെ പാരമ്യതയുമൊക്കെ കഥാസന്ദര്‍ഭങ്ങളായി വരുമ്പോള്‍ നടന്‍ പെട്ടെന്ന് തിരിഞ്ഞു നില്‍ക്കും. അല്ലെങ്കില്‍ കൈകള്‍ കൊണ്ട് മുഖം മറയ്ക്കും. അതുമല്ലെങ്കില്‍ മുഖം കുനിച്ചു കളയും.പെട്ടെന്ന് നാം ഓര്‍ക്കുന്നത് ഭൂതക്കണ്ണാടിയിലെയും തനിയാവര്‍ത്തനത്തിലെയും അമരത്തിലെയും മമ്മൂട്ടിയുടെ കഥാപാത്രങ്ങളാണ്. ഭാവാഭിനയത്തിലെ സൂക്ഷ്മതയും കൃത്യതയും അത് പ്രേക്ഷകനെ സ്പര്‍ശിക്കുന്ന തലത്തില്‍ വിന്ന്യസിക്കാനുളള സിദ്ധിയും അദ്ദേഹത്തിനുണ്ട്. 

നിലപാടുകളുടെ അപ്പോസ്തലന്‍

നിലപാടുകളാണ് മമ്മൂട്ടിയെ എന്നും വ്യത്യസ്തനാക്കുന്നത്. പടങ്ങള്‍ പരാജയപ്പെടുമ്പോള്‍ നടന്‍മാര്‍ അത് റിവ്യൂവേഴ്‌സിന്റെ തലയിലിടും. അവര്‍ നെഗറ്റീവ് പറഞ്ഞതു കൊണ്ടാണ് സിനിമ വീണതെന്ന് പറഞ്ഞ് മുഖം രക്ഷിക്കും. ഈ വിഷയത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് മമ്മൂട്ടിയുടെ മറുപടി മറ്റൊന്നായിരുന്നു. ‘‘പണം കൊടുത്ത് ടിക്കറ്റെടുത്ത് തീയറ്ററില്‍ കാണുന്ന ആര്‍ക്കും നമ്മളെ വിമര്‍ശിക്കാനും അഭിപ്രായം പറയാനുമുളള അവകാശമുണ്ട്. ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഭരണകര്‍ത്താക്കളെ പോലും വിമര്‍ശിക്കാമെന്നിരിക്കെ സിനിമകളെക്കുറിച്ച് മിണ്ടരുതെന്ന് പറയുന്നതില്‍ എന്ത് അര്‍ഥം?’’

മമ്മൂട്ടി. ചിത്രം: Filmfare Awards/ Facebook
മമ്മൂട്ടി. ചിത്രം: Filmfare Awards/ Facebook

ഈ ബുദ്ധികുര്‍മ്മതയും പ്രായോഗിക ബുദ്ധിയുമാണ് മമ്മൂട്ടിയുടെ വിജയരഹസ്യം. ഇത്രയും കാലം തനിക്ക് കയ്യടിച്ച് തന്നെ നിലനിര്‍ത്തിയ പ്രേക്ഷകര്‍ ഒരുപടം മോശമായതിന്റെ പേരില്‍ വിമര്‍ശിക്കുമ്പോള്‍ അവരെ കുറ്റപ്പെടുത്തരുതെന്ന് ചിന്തിക്കാനുളള സാമാന്യ ബുദ്ധി കൊണ്ട് കൂടിയാണ് മമ്മൂട്ടി സമാനതകളില്ലാത്ത ഒരു സിംഹാസനത്തിലിരിക്കുന്നത്. 

മമ്മൂട്ടിയുടെ ഉറച്ച നിലപാടുകള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സാധാരണ ഗതിയില്‍ പുതുമുഖങ്ങള്‍ക്ക് ആദ്യ സംവിധായകര്‍ കുറെക്കൂടി പഞ്ചുളള പേരുകള്‍ നല്‍കുന്ന പതിവുണ്ട്. അബ്ദുള്‍ ഖാദര്‍ പ്രേംനസീറായതും ഡയാന കുര്യന്‍ നയന്‍താരയായതും ധന്യാ വീണ നവ്യാ നായര്‍ ആയതുമെല്ലാം ഇങ്ങനെയാണ്. എന്നാല്‍ മമ്മൂട്ടിക്ക് പി..ജി.വിശ്വംഭരന്‍ സജിന്‍ എന്ന പേര് നല്‍കുകയും സ്‌ഫോടനം എന്ന സിനിമയുടെ ടൈറ്റിലില്‍ അത് ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ പേരുമാറ്റത്തില്‍ അതൃപ്തി തോന്നിയ മമ്മൂട്ടി തൊട്ടടുത്ത സിനിമ മുതല്‍ താന്‍ മമ്മൂട്ടിയാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. 

അഭിനയം ക്യാമറയ്ക്ക് മുന്നില്‍ മാത്രം

സിനിമയ്ക്ക് പിന്നില്‍ അഭിനയിക്കാത്ത നടനാണ് മമ്മൂട്ടി. കഥാപാത്രങ്ങളുടെ ബാധ കയറിയാല്‍ മറ്റൊരാളായി മാറുന്ന മമ്മൂട്ടി ക്യാമറ ഓഫ് ചെയ്തു കഴിഞ്ഞാല്‍ തനി പച്ച മനുഷ്യനാകും. ദേഷ്യപ്പെടുകയും പൊട്ടിത്തെറിക്കുകയും വാശി പിടിക്കുകയും പിണങ്ങുകയും വഴക്കിടുകയുമൊക്കെ ചെയ്യുന്ന മമ്മൂട്ടിയുടെ ഉളളകത്തെക്കുറിച്ച് നടന്‍ ക്യാപ്റ്റന്‍ രാജു പറഞ്ഞ വാക്കുകള്‍ ഓര്‍മ്മ വരുന്നു. ‘‘എന്റെ മകന്‍ എന്‍ഐടിയില്‍ നിന്ന് ഉന്നത ബിരുദം നേടിയ സന്ദര്‍ഭത്തില്‍ എന്നേക്കാള്‍ ഉത്സാഹത്തോടെ സകലരെയും വിളിച്ച് പറഞ്ഞത് മമ്മൂട്ടിയാണ്. ആക്ഡന്റിന് ശേഷം ഒരു വശം തളര്‍ന്ന് കിടന്ന സന്ദര്‍ഭത്തില്‍ ഞാന്‍ സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്നുവെന്ന് ആരോ പറഞ്ഞറിഞ്ഞ മമ്മൂട്ടി പലരോടും എനിക്കു വേണ്ടി ശുപാര്‍ശ ചെയ്തതായി അറിയാം. അങ്ങനെ കുറെ പടങ്ങള്‍ എനിക്ക് കിട്ടി. പക്ഷേ ഒരിക്കലും മമ്മൂട്ടി താനാണ് അതിന് പിന്നില്‍ എന്ന് ആരോടും പറഞ്ഞില്ല.’’

സംവിധായകന്‍ ജേസിയും കെ.ജി.ജോര്‍ജും നടന്‍ ഭരത് ഗോപിയും സമാനമായ പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ അവരെ നിര്‍മ്മാതാക്കളുടെ സ്ഥാനത്ത് നിര്‍ത്തി പടം ഔട്ട്‌റെറ്റ് ബിസിനസാക്കി പണമുണ്ടാക്കി കൊടുത്ത ചരിത്രവുമുണ്ട് .സരോവരം, മഹാനഗരം, പാഥേയം എന്നീ സിനിമകള്‍ അങ്ങനെ സംഭവിച്ചതാണ്.താനൊരു പുണ്യാത്മാവാണെന്ന് മമ്മൂട്ടി ഭാവിക്കാറില്ല. അഭിമുഖങ്ങളില്‍ അദ്ദേഹം തുറന്ന് പറയാറുണ്ട്. മനുഷ്യ സഹജമായ എല്ലാ ഗുണങ്ങളും ദോഷങ്ങളുമുളള ഒരു പച്ച മനുഷ്യനാണ് ഞാന്‍. ദേഷ്യം വന്നാല്‍ ദേഷ്യപ്പെടും. പക്ഷെ അത് മനസില്‍ സൂക്ഷിക്കാറില്ല. ആരോടും പകയില്ല. ഇണക്കങ്ങളും പിണക്കങ്ങളും മമ്മൂട്ടിയെ സംബന്ധിച്ച് അതാത് സന്ദര്‍ഭങ്ങളുടെ ഉപോത്പന്നമാണ്.

പണത്തോട് ആസക്തിയില്ല

പണമാണ് പ്രധാനം എന്ന് വിശ്വസിക്കുന്ന നായക നടന്‍മാര്‍ കൂടി ചേര്‍ന്നതാണ് മലയാള സിനിമ. പുരസ്‌കാരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുളള ശക്തമായ കഥാപാത്രങ്ങള്‍ തേടി വരുമ്പോഴും ഒരു വാണിജ്യ സിനിമയില്‍ വാങ്ങൂന്ന പ്രതിഫലത്തില്‍ നയാപൈസ കുറയ്ക്കാന്‍ പറ്റില്ലെന്ന് ഇവര്‍ വാശി പിടിക്കും. എന്നാല്‍ മമ്മൂട്ടി നേര്‍വിപരീതമാണ്. അടൂര്‍ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ താന്‍ വാങ്ങുന്ന പണത്തിന്റെ ആയിരത്തിലൊന്ന് പോലും ഇല്ലാതെ അഭിനയിക്കാന്‍ മമ്മൂട്ടിക്ക് മടിയില്ല. രഞ്ജിത്ത് പാലേരി മാണിക്യം എടുക്കുന്നുവെന്നറിഞ്ഞ് അങ്ങോട്ട് വിളിച്ച് അഭിനയിച്ച നടനാണ് മമ്മൂട്ടി. അങ്ങേയ്ക്കു പ്രതിഫലം തരാനുളള ബജറ്റ് ഈ സിനിമയ്ക്കില്ലെന്ന് പറഞ്ഞപ്പോള്‍ പ്രതിഫലം ആര് ചോദിച്ചുവെന്നായി മമ്മൂട്ടി. വെറും ഒരു രൂപ വാങ്ങിയാണ് ആ പടത്തില്‍ അഭിനയിച്ചതെന്നും പറയപ്പെടുന്നു.

മുകേഷും ശ്രീനിവാസനും ചേര്‍ന്ന് നിര്‍മിച്ച കഥ പറയുമ്പോള്‍ എന്ന സിനിമയിലെ അതിഥി വേഷത്തിന് കരാര്‍ ഒപ്പിടാന്‍ ചെന്നപ്പോള്‍ പ്രതിഫലത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും മമ്മൂട്ടി തയാറായില്ല. സിനിമ വന്‍വിജയം നേടി കോടികള്‍ ലാഭം കൊയ്തപ്പോള്‍ മമ്മൂട്ടിക്കുളള തുകയുമായി മുകേഷും ശ്രീനിയും അദ്ദേഹത്തെ വീട്ടില്‍ ചെന്നു കണ്ടു. അപ്പോഴും പണം വാങ്ങാന്‍ വിസമ്മതിച്ച മമ്മൂട്ടി ഒരു മറുചോദ്യം കൊണ്ടാണ് നേരിട്ടത്. ‘‘വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെ.ജി.ജോര്‍ജിന്റെ മേള എന്ന സിനിമയിലേക്ക് മുന്‍പരിചയമില്ലാതിരുന്നിട്ടും ശ്രീനി എന്നെ റെക്കമെന്റ് ചെയ്തത് എന്ത് പ്രതിഫലം മോഹിച്ചായിരുന്നു’’

bhramayugam-mammootty - 1

കഥ പറയുമ്പോളിലെ അശോക് രാജിനെ പോലെ കഴിഞ്ഞ കാലങ്ങള്‍ ഓര്‍ക്കുന്ന നന്ദിയുളള ഒരു മനുഷ്യനെ കണ്ട് ശ്രീനിവാസന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കണം.പണത്തിനും താത്കാലിക നേട്ടങ്ങള്‍ക്കുമപ്പുറം ബന്ധങ്ങളെ കാണാന്‍ കഴിയുന്ന ഒരു മനസിന്റെ പേര് കൂടിയാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ കരിയറില്‍ ഏറ്റവുമധികം വിജയചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ഐ.വി.ശശി. സൂപ്പര്‍താരപദവിയിലേക്ക് അദ്ദേഹത്തെ കൈപിടിച്ചു നടത്തിയതില്‍ ശശി ചിത്രങ്ങള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. എന്നാല്‍ അവര്‍ക്കിടയില്‍ പിന്നീട് ഇണക്കങ്ങള്‍ പോലെ പിണക്കങ്ങളും ഉണ്ടായിട്ടുണ്ട്. ശശിക്ക് സിനിമയില്‍ പ്രസക്തി നഷ്ടപ്പെട്ട സന്ദര്‍ഭത്തിലായിരുന്നു അദ്ദേഹത്തിന്റെ മകളുടെ വിവാഹം. മദ്രാസില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തിലെ ഷൂട്ടിങ് തിരക്കിനിടയില്‍ നിന്ന് സമയം മിനക്കെടുത്തി മമ്മൂട്ടി വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. മമ്മൂട്ടിയെ പോലെ തന്നെ ശശിയോട് കടപ്പാടുളള പല നടന്‍മാരും അങ്ങനെയൊരു ചടങ്ങ് നടക്കുന്നതായി പോലും ഭാവിച്ചില്ല. അപ്പോഴും ശശി പറഞ്ഞു. ‘മമ്മൂട്ടി വരും. എനിക്കറിയാം മമ്മൂട്ടിയെ’ മമ്മൂട്ടി എത്തുമെന്നത് സംബന്ധിച്ച് ഒരു ഫോണ്‍കോള്‍ പോലും വന്നില്ല. പക്ഷേ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് കുടുംബസമേതം അദ്ദേഹം വന്ന് ചടങ്ങില്‍ പങ്കെടുത്തു. ശശിയുടെ മകളെ ആശീര്‍വദിച്ച് മടങ്ങി.

ആരോടും പരിഭവമില്ലാതെ..

അടുത്തിടെ കസബ എന്ന സിനിമയിലെ ഒരു സ്ത്രീവിരുദ്ധ രംഗത്തില്‍ അഭിനയിച്ചു എന്നതിന്റെ പേരില്‍ നടി പാര്‍വതി തിരുവോത്ത് മമ്മൂട്ടിയെ വിമര്‍ശിക്കുകയുണ്ടായി. ഫാന്‍സ് കാലങ്ങളോളം ഈയൊരു കാരണത്തിന്റെ പേരില്‍ പാര്‍വതിയെ വേട്ടയാടുകയും ചെയ്തിരുന്നു. സൈബറിടങ്ങളില്‍ പാര്‍വതിക്ക് എതിരെ ഹേറ്റ് കമന്റുകളുടെ പെരുമഴ. സ്വാഭാവികമായും മമ്മൂട്ടിക്കും പാര്‍വതിയോട് ദേഷ്യമുണ്ടാകാമെന്ന് എല്ലാവരും കരുതി. എന്നാല്‍ മമ്മൂട്ടിക്കമ്പനി നിർമിച്ച ‘പുഴു’ എന്ന സിനിമയിലേക്ക് സംവിധായിക രത്തീന പാര്‍വതിയുടെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ മമ്മൂട്ടി എതിര്‍ക്കുമെന്ന് കരുതിയവരെ ഞെട്ടിച്ചു കൊണ്ട് ചിരിച്ചുകൊണ്ടാണ് അദ്ദേഹം സമ്മതം മൂളിയത്. 

മമ്മൂട്ടിയുടെ കരിയറില്‍ ഏറ്റവും പ്രാധാന്യമുളള ഒരു വേഷം (സ്‌ഫോടനം) തുടക്ക കാലത്ത് നല്‍കിയ സംവിധായകനാണ് പി.ജി.വിശ്വംഭരന്‍. നായകന്‍ എന്ന നിലയില്‍ ആദ്യഹിറ്റും (സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്) അദ്ദേഹത്തിന്റേതായിരുന്നു. സ്ഫോടനത്തിന്റെ ഷൂട്ടില്‍ ഉയരമുളള ഒരു മതിലില്‍ നിന്നും സുകുമാരനും മമ്മൂട്ടിയും ചാടുന്ന സീനുണ്ട്. സുകുമാരന്‍ വീഴുമ്പോള്‍ പരുക്ക് പറ്റാതിരിക്കാന്‍ താഴെ മെത്തയൊരുക്കിയ സംവിധായകന്‍ മമ്മൂട്ടിക്ക് സുരക്ഷാക്രമീകരണങ്ങള്‍ ഒന്നും നല്‍കിയില്ല. പുതുമുഖമായ മമ്മൂട്ടി  ചാടി പരുക്ക് പറ്റുന്നെങ്കില്‍ പറ്റട്ടെ എന്നതായിരിക്കാം അദ്ദേഹത്തിന്റെ നിലപാട്. എന്തായാലും മമ്മൂട്ടിക്ക് പരുക്ക് പറ്റുക തന്നെ ചെയ്തു. ഇത് കണ്ട നടി ഷീല വിശ്വംഭരനോട് കയര്‍ത്ത് സംസാരിച്ചതായും പറയപ്പെടുന്നു. 

mammootty-with-sulfath

വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി മെഗാസ്റ്റാറായി വിലസുമ്പോള്‍ വിശ്വംഭരന് പ്രസക്തി നഷ്ടപ്പെട്ട് തുടങ്ങി. അന്ന് അദ്ദേഹത്തിന്റെ പരുക്കന്‍ പെരുമാറ്റ രീതികളോടുളള പക മൂലം ഡേറ്റ് നല്‍കാന്‍ പല നടന്‍മാരും വിസമ്മതിച്ചു. മമ്മൂട്ടിയാവട്ടെ പല വിയോജിപ്പുകള്‍ക്കുമിടയിലും കാര്‍ണിവല്‍ എന്ന വിശ്വംഭരന്‍ സിനിമയില്‍ അഭിനയിച്ചു. അദ്ദേഹം അകാലത്തില്‍ മരിച്ചപ്പോള്‍ കാണാന്‍ വന്ന സിനിമാക്കാര്‍ അംഗുലീപരിമിതമായിരുന്നു. അക്കൂട്ടത്തില്‍ പ്രമുഖരെന്ന് പറയാവുന്ന ആരും തന്നെയുണ്ടായിരുന്നില്ല. മമ്മൂട്ടി വരുമോയെന്ന് പലരും പരസ്പരം ചോദിച്ചു. വരില്ലെന്ന അഭിപ്രായത്തിനായിരുന്നു മുന്‍തൂക്കം. പക്ഷേ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് മമ്മൂട്ടി തന്റെ സന്തത സഹചാരിയായ ആന്റോ ജോസഫിനൊപ്പം എത്തി അന്തിമാഞ്ജലി അര്‍പ്പിച്ചു. ഈ മാനുഷികമുഖമാണ് മമ്മൂട്ടിയെ എന്നും വേറിട്ട് നിര്‍ത്തുന്നത്. മറ്റു ചില നടന്‍മാര്‍ തങ്ങളെ സൂപ്പര്‍താര പദവിയില്‍ എത്തിച്ച സംവിധായകര്‍ മണ്‍മറയുമ്പോള്‍ സ്ഥലത്തുണ്ടായിട്ടും പലരും നിര്‍ബന്ധിച്ചിട്ടും അവസാനമായി ഒന്ന് കാണാന്‍ കൂട്ടാക്കാത്ത കഥയും സിനിമയില്‍ പാട്ടാണ്.

പകരക്കാരനല്ല, പകരം വയ്ക്കാനാകാത്ത നടന്‍

അനുഭവങ്ങള്‍ പാളിച്ചകള്‍ക്ക് ശേഷം മമ്മൂട്ടി രണ്ടാമതായി മുഖം കാണിച്ച ‘കാലചക്രം’ എന്ന സിനിമയില്‍ ഒരു വളളക്കാരനായാണ് നസീര്‍ അഭിനയിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ ജോലി നഷ്ടപ്പെട്ട അദ്ദേഹത്തിന് പകരം വളളമുന്നാന്‍ സംവിധായകന്‍ കണ്ടുപിടിച്ചത് അവസരം തേടി നടന്ന മമ്മൂട്ടി എന്ന യുവാവിനെയാണ്. നസീറിനെ പരിചയപ്പെടാന്‍ ചെന്ന മമ്മൂട്ടിയോട് അദ്ദേഹം ആദ്യം പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു.

‘എനിക്ക് പകരം വന്ന ആളാണല്ലേ?’

ആ വാക്കുകള്‍ അന്വര്‍ഥമായെന്ന് പില്‍ക്കാലത്ത് പലരും പറഞ്ഞു നടന്നു. വാസ്തവത്തില്‍ അവര്‍ ചിന്തിക്കുന്നതിനും അപ്പുറമാണ് കാര്യങ്ങള്‍. 420 സിനിമകളില്‍ അഭിനയിച്ച മമ്മൂട്ടിക്ക് ഒരിക്കലും 720 സിനിമകളിലുടെ പ്രേംനസീര്‍ സൃഷ്ടിച്ച റിക്കാര്‍ഡ്  മറികടക്കാനായെന്ന് വരില്ല. എന്നാല്‍ നസീറിനെ പോലൊരാള്‍ക്ക് സങ്കല്‍പ്പിക്കാനാവാത്ത വിധം അഭിനയകലയുടെ അവസാന വാക്കുകളിലൊന്നായി മമ്മൂട്ടി വളര്‍ന്നു. എണ്ണപ്പെരുക്കത്തില്‍ മുന്നില്‍ നില്‍ക്കുന്ന നസീര്‍ അദ്ദേഹം ജീവിച്ചിരുന്ന കാലത്തും അഭിനയത്തില്‍ സത്യന് പിന്നിലായിരുന്നു. അഭിനയ ചക്രവര്‍ത്തി എന്ന് അറിയപ്പെട്ട സത്യന്റെ സിംഹാസനത്തിന് ഉടമയെന്നും ചിലര്‍ മമ്മൂട്ടിലെ വിശേഷിപ്പിക്കുകയുണ്ടായി. ഇത്തരം ആലങ്കാരികതകള്‍ക്കപ്പുറമാണ് മമ്മൂട്ടി.

മമ്മൂട്ടി
മമ്മൂട്ടി

അദ്ദേഹം മറ്റാര്‍ക്കും സ്പര്‍ശിക്കാനാവാത്ത വിധം തന്റേതുമായ ഒരു സിംഹാസനം പണിതിട്ട് അതില്‍ ഉപവിഷ്ഠനായ മഹാനടന്‍ തന്നെയാണ്. എത്ര വലിയ നടനും താരവും തങ്ങളുടെ അറുപതുകളില്‍ പ്രഭാവം മങ്ങി എഴുപതുകളില്‍ വിശ്രമ ജീവിതം നയിക്കുകയോ അച്ഛന്‍ വേഷങ്ങളില്‍ ഒതുങ്ങുകയോ ചെയ്യുന്നത് കാണാം. ഇന്നും മോസ്റ്റ് വാണ്ടഡ് നായകനായി കാലത്തിന് മുന്‍പേ സഞ്ചരിക്കുന്ന സിനിമകളും കഥാപാത്രങ്ങളുമായി മമ്മൂട്ടി മുന്നേറുകയാണ്. പ്രായം അദ്ദേഹത്തെ സംബന്ധിച്ച് കേവലം ഒരു നമ്പര്‍ മാത്രമാണ്. മനസിലും ശരീരത്തിലും ചിന്തകളിലും യുവത്വം സൂക്ഷിക്കുന്ന മമ്മൂട്ടി തന്നെയാണ് ഇന്നും മലയാള സിനിമയിലെ യൂത്ത് ഐക്കണ്‍.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സിനിമാ വാരികയില്‍ വന്ന പരസ്യം ഓര്‍മ വരുന്നു. ‘പി.ഐ.മുഹമ്മദ് കുട്ടി...വയസ്സ് 25...അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. പുതുമുഖങ്ങളെ തേടുന്നവര്‍ ബന്ധപ്പെടുക’’

അവസരങ്ങള്‍ക്കായി പരസ്യം നല്‍കി പ്രതീക്ഷയോടെ കാത്തിരുന്ന ആ പുതുമുഖ നടന്റെ അതേ മനസാണ് അരനൂറ്റാണ്ടിനിപ്പുറവും മമ്മൂട്ടിക്ക്. ആരും പ്രതീക്ഷിക്കാത്ത കഥാപാത്രങ്ങളിലുടെ വന്ന് മലയാളികളെ ഞെട്ടിക്കാന്‍.ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ മമ്മൂട്ടിക്ക് കഴിയട്ടെയെന്ന് ഈ ജന്മദിനത്തില്‍ നമുക്ക് ആശംസിക്കാം.

English Summary:

Mammootty: The Untold Story of Passion and Humility Behind the Megastar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com