എന്റെ ബെസ്റ്റിയും ഹീറോയും: മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ
Mail This Article
മമ്മൂട്ടിക്ക് ഹൃദയത്തിൽ തൊടുന്ന പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ. ഏറ്റവും നല്ല സുഹൃത്തുക്കൾ ഒരുമിച്ചുള്ള ഫോട്ടോകൾ അവരുടെ കയ്യിലുണ്ടാകില്ലെന്ന് ദുൽഖർ പറയുന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്തും ഹീറോയുമാണ് വാപ്പയെന്നും ദുൽഖർ കുറിച്ചു.
‘‘ഏറ്റവും നല്ല സുഹൃത്തുക്കൾ ഒരുമിച്ചുള്ള ഫോട്ടോകളൊന്നും ഇല്ലെന്ന് വൈകിയാണ് ഞാൻ മനസ്സിലാക്കിയത്. പോസ് ചെയ്യുന്നതിനോ സെൽഫിയെടുക്കുന്നതിനോ പോലും സമയം പാഴാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയാത്തത്ര അമൂല്യവും രസകരവുമാണ് അവർ ഒന്നിച്ചുള്ള നിമിഷങ്ങൾ. ഓരോ വർഷവും പായുടെ പിറന്നാൾ ദിനത്തിൽ പോസ്റ്റ് ചെയ്യുന്നതിനായി ഞങ്ങൾ ഫോട്ടോകൾ എടുക്കുന്നത് പതിവാണ്. ഞങ്ങളുടെ രണ്ടുപേരുടെയും ഫോണുകളിലും ഒരുമിച്ചുള്ള ചിത്രങ്ങൾ ഉള്ളതായി തോന്നുന്നില്ല. പക്ഷേ അത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കാനും സ്നേഹിക്കാനും തുടങ്ങിയിരിക്കുന്നു. എന്റെ ബെസ്റ്റി, എന്റെ ഹീറോ, എന്റെ പിതാവിന് ജന്മദിനാശംസകൾ നേരുന്നു.’’–ദുൽഖറിന്റെ വാക്കുകൾ.
ദുൽഖറിനും കുടുംബത്തിനുമൊപ്പം ചെന്നൈയിലായിരുന്നു മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷം.
മമ്മൂട്ടിയുടെ മകൻ എന്ന ടാഗ് എല്ലാ കാലത്തും തനിക്കൊപ്പമുണ്ടായിരുന്നു എന്നും, അതുകൊണ്ട് തന്നെ കുട്ടിക്കാലത്ത് വേദികളെ അഭിമുഖീകരിക്കാൻ വലിയ പേടിയായിരുന്നു എന്നും ദുൽഖർ മുൻപ് പറഞ്ഞിരുന്നു. വളരെ കാലങ്ങൾക്കു ശേഷമാണ് ആത്മവിശ്വാസം ലഭിച്ചതെങ്കിലും അച്ഛനുമൊത്ത് സ്‌ക്രീനിൽ വരാൻ പേടി ആണെന്ന് ദുൽഖർ പറഞ്ഞിരുന്നു.
സിനിമയിലെത്തി ഇത്ര കാലമായിട്ടും ദുൽഖറും മമ്മൂട്ടിയും ഒരുമിച്ചൊരു സിനിമ സംഭവിച്ചിട്ടില്ല. ബിഗ് ബി ടൂവിൽ ഇരുവരും ഒരുമിച്ച് എത്തും എന്നാണ് അഭ്യൂഹങ്ങൾ.
നിരവധി ചലച്ചിത്രപ്രവർത്തകരാണ് മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി എത്തിയിരിക്കുന്നത്. പ്രശസ്ത ചലച്ചിത്ര നിർമാതാവ് സമദ് സമൂഹമാധ്യമത്തിൽ കുറിച്ചത് ഇങ്ങനെ;
''ഇന്ന്, ഞാൻ നിങ്ങളുടെ ജീവിതം മാത്രമല്ല, മമ്മൂട്ടി എന്ന അവിശ്വസനീയമായ വ്യക്തിയെയാണ് ആഘോഷിക്കുന്നത്. വാക്കുകൾക്ക് കൊണ്ട് പൂർണമായി പ്രകടിപ്പിക്കാൻ സാധിക്കാത്ത വിധം നിങ്ങൾ എൻ്റെ ഹൃദയത്തെ സ്പർശിച്ചിരിക്കുന്നു.നമ്മൾ പങ്കിട്ട ഓരോ നിമിഷത്തിനും ഞാൻ നന്ദിയുള്ളവനാണ്. വരാനിരിക്കുന്ന വർഷത്തിൽ അനന്തമായ സന്തോഷവും സ്നേഹവും നേരുന്നു''