ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായി; അനുഗ്രഹിക്കാനെത്തി സുരേഷ് ഗോപി; നിറകണ്ണുകളോടെ കൂട്ടുകാരികൾ
Mail This Article
നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകൻ രാഹുല്‍ രാമചന്ദ്രനും വിവാഹിതരായി. ഇന്ന് രാവിലെ 11:20 നും 11:50 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ എറണാകുളത്ത് വച്ചായിരുന്നു വിവാഹം. സിനിമ, സീരിയൽ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും ചടങ്ങിൽ പങ്കെടുക്കാനെത്തി. നവദമ്പതികളെ അനുഗ്രഹിച്ചാണ് താരം മടങ്ങിയത്. ശ്രീവിദ്യ ആദ്യം വിവാഹക്ഷണക്കത്ത് നൽകി ക്ഷണിച്ചത് സുരേഷ് ഗോപിയെ ആയിരുന്നു.
ശ്രീവിദ്യയുടെ അടുത്ത സുഹൃത്തുക്കളായ ഐശ്വര്യയും അനുമോളും നിറകണ്ണുകളോടെയാണ് പ്രിയ കൂട്ടുകാരിയുടെ വിവാഹത്തിന് സാക്ഷികളായത്. ശ്രീവിദ്യയുടെ ദീർഘനാളത്തെ കാത്തിരിപ്പാണ് ഇപ്പോൾ സഫലമായതെന്ന് സുഹൃത്തുക്കൾ പ്രതികരിച്ചു. ഏഴു വർഷത്തെ പ്രണയത്തിനൊടുവിലാണ് ശ്രീവിദ്യയുടെയും രാഹുലിന്റെയും വിവാഹം.
ക്യാംപസ് ഡയറി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ശ്രീവിദ്യ പിന്നീട് മമ്മൂട്ടി, അനു സിത്താര എന്നിവർക്കൊപ്പം ഒരു കുട്ടനാടൻ ബ്ലോഗ്, ബിബിൻ ജോർജ്, പ്രയാഗ എന്നിവരോടൊപ്പം ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമെ ബോധിപ്പിക്കാവൂ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ടെലിവിഷൻ ഷോകളിലൂടെയാണ് ശ്രീവിദ്യ ജനപ്രീതി നേടിയത്. കാസർകോഡ് പെരുമ്പള സ്വദേശിയാണ്.
അസ്കർ അലി, അനീഷ് ഗോപാൽ, അഞ്ജു കുര്യൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ജീ ബൂം ഭാ എന്ന ചിത്രം സംവിധാനം ചെയ്താണ് രാഹുൽ രാമചന്ദ്രൻ സിനിമയിലെത്തുന്നത്. സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് രാഹുൽ ഇപ്പോൾ.