ADVERTISEMENT

നടനും സംവിധായകനുമായ എം.എ.നിഷാദിനെക്കുറിച്ച് സിനിമാ പ്രവർത്തകനായ ജുബിൻ ജേക്കബ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. എം.എം. നിഷാദ് ഈ അടുത്ത് അഭിനയിച്ച രണ്ട് സിനിമകളിലെ കഥാപാത്രങ്ങളുടെ പ്രത്യേകതകൾ പങ്കുവച്ചുകൊണ്ടുള്ള കുറിപ്പ് ആണിത്. എം.എ. നിഷാദ് തന്നെ രചനയും സംവിധാനവും നിർവഹിക്കുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം’എന്ന സിനിമയുടെ സംവിധാനസഹായി കൂടിയാണ് ജുബിൻ.

ജുബിൻ ജേക്കബിന്റെ കുറിപ്പ് വായിക്കാം:

വൈരുധ്യങ്ങളുടെ മുഖവുമായി ഒരു നടൻ

സിനിമ കാണൽ ഒടിടിക്കുള്ളിലേക്ക് പലപ്പോഴും ഒതുങ്ങിപ്പോകുന്നത് അത്ര നല്ലതല്ലെങ്കിലും ചിലപ്പോൾ അതൊരു അനുഗ്രഹമായി മാറാറുണ്ട്. അർഹിക്കുന്ന വിജയം നേടാത്ത സിനിമകൾ, അഥവാ അധികം റിലീസ് സെന്ററുകൾ കിട്ടാതെയും നേരാംവണ്ണം പ്രമോഷൻ ലഭിക്കാതെയുമൊക്കെ തിയേറ്ററിൽ അകാലചരമം പ്രാപിച്ച് ഒടിടിയുടെ ലോകത്തേക്ക് പറന്നുപോയ നല്ല സിനിമകൾ. അവ കാണുമ്പോൾ ഏറെ വേദനയുളവാക്കുന്ന മറ്റൊരു സംഗതി കൂടിയുണ്ട്. അഭിനന്ദനാർഹമായ പ്രകടനം കാഴ്ചവച്ചിട്ടും അത് നല്ലൊരു പ്രേക്ഷകസമൂഹത്തിലേക്ക് എത്താതെ പോകുന്ന കാഴ്ച, ഒരു നല്ലവാക്കു പോലും കേൾക്കാൻ വിധിയില്ലാതെ പോയ കലാകാരന്മാരുടെ വിധിയെന്നേ പറയേണ്ടൂ.

അടുത്ത കാലത്ത് വ്യത്യസ്തത കൊണ്ട് വിസ്മയിപ്പിച്ച നടന്മാർ തുലോം വിരളമാണ്‌. ഒരേ അച്ചിൽ വാർത്ത കഥാപാത്രങ്ങളും, പാത്രനിർമിതിക്കുള്ളിൽ പതിവുകാഴ്ചകളായി മാറുന്ന അഭിനേതാക്കളുമൊക്കെ മടുപ്പുളവാക്കിത്തുടങ്ങിയിട്ട് കുറെയായിരിക്കുന്നു. അതിനൊരപവാദമായി മാറിയിരിക്കുകയാണ്‌ നിർമാതാവും, സംവിധായകനും രചയിതാവുമൊക്കെയായി മലയാളസിനിമയിലേക്ക് കടന്നുവന്ന എം.എ.നിഷാദ്. നിഷാദ് പ്രധാനവേഷങ്ങളിൽ അഭിനയിച്ച രണ്ടു സിനിമകളാണ്‌ ഈയടുത്ത കാലത്ത് കാണാനിടയായത്. സോഹൻ സീനുലാൽ സംവിധാനം ചെയ്ത ‘ഭാരത സർക്കസ്’, കെ. സതീഷ് സംവിധാനം ചെയ്ത ‘ടൂ മെൻ’ എന്നിവയാണ്‌ ആ സിനിമകൾ. ഭാരത സർക്കസിൽ സർക്കിൾ ഇൻസ്പെക്ടർ ജയചന്ദ്രൻ നായരായും, ടൂ മെനിൽ അബൂബക്കർ എന്ന ഡ്രൈവർ അബൂക്കയായുമാണ്‌ നിഷാദ് വേഷമിട്ടിരിക്കുന്നത്. എന്നാൽ ഈ രണ്ടു കഥാപാത്രങ്ങളും വിരുദ്ധ ധ്രുവങ്ങളിൽ നിലകൊള്ളുന്നവരും, വിപരീതദിശകളിൽ സഞ്ചരിക്കുന്നവരുമാണ്‌. 

അബൂക്ക എന്ന അബൂബക്കർ

ഗൾഫിലെ പൊരിവെയിലിനെക്കാൾ പൊള്ളിക്കുന്ന യാഥാർത്ഥ്യങ്ങൾക്കു നടുവിൽ ഉരുകിത്തീരുന്ന ഒരു പ്രവാസിയാണ്‌ അബൂബക്കർ. പ്രാരബ്ധങ്ങൾ അയാൾക്കൊരു പുത്തരിയല്ലെങ്കിലും ഉറ്റവരായി കരുതുന്ന കുടുംബവും കൂട്ടുകാരുമൊക്കെ തന്നോട് ചെയ്യുന്നതെന്താണെന്ന് മനസ്സിലാവുമ്പോൾ തന്റെ ഏക ആശ്രയമായ ദൈവത്തോട് പ്രാർഥിക്കുന്ന ഒരു മനുഷ്യൻ. കുടുംബത്തിലെ ഒരു പ്രശ്നം പരിഹരിക്കാനുള്ള സാമാന്യം വലിയൊരു തുക സംഘടിപ്പിക്കാൻ അയാൾ ഓടുന്ന ഓട്ടത്തിനു നടുവിൽ ആകസ്മികമായി വന്നുചേരുന്ന ഒരാൾ.. നിറയെ ദുരൂഹതകളുമായി വഴിയരികിൽ നിന്നും അബൂക്കയുടെ പിക്കപ്പിന്റെ മുൻസീറ്റിലേക്ക് കയറി വന്നിരിക്കുകയാണ്‌ അയാൾ. അബൂക്കയ്ക്ക് ഒട്ടും സമരസപ്പെടാനാവാത്ത പലതും അയാൾ ചെയ്തുകൂട്ടുന്നുണ്ട്. ഒരുവേള തന്റെ മുസല്ലയെപ്പറ്റി (നിസ്കാരപ്പായ) പോലും വേപഥു പൂണ്ടൊരു മനുഷ്യനായി മാറുകയാണയാൾ. തന്റെ പ്രിയപ്പെട്ടവൾ ഉറങ്ങുന്ന മണ്ണിനെ കൈവിടാതിരിക്കാൻ മണലാരണ്യത്തിലൂടെ ഒരു ഒട്ടകത്തെപ്പോലെ അലയുകയാണയാൾ. കൂടുതൽ വിവരിക്കുന്നില്ല, സൈന പ്ളേയിൽ പോയി ടൂ മെൻ കണ്ടിട്ട് തന്നെ തീരുമാനിക്കുക..

സിഐ ജയചന്ദ്രൻ നായർ

സിനിമ തുടങ്ങുമ്പോൾ നാം കാണുന്നത് നല്ലൊരു പൊലീസ് ഓഫിസറായ ജയചന്ദ്രൻ നായരെയാണ്‌. എന്നാൽ പോകെപ്പോകെ അയാളുടെ മുഖത്തൊരു ചെന്നായയുടെ ഭാവം വരുന്നുണ്ട്.. അയാളുടെ ആട്ടിൻതോലിൽ മയങ്ങി കുടുങ്ങിയവർ ഒരുവേള പെട്ടെന്ന് മരിച്ചുപോകുമോ എന്നു പോലും നമുക്കു തോന്നാം. എന്നാൽ കുടിലതകളാൽ അയാൾ തീർത്ത പത്മവ്യൂഹവും ഭേദിച്ച് തന്റെ ഇര രക്ഷപ്പെട്ടു പോകുമെന്ന് തോന്നുന്നിടത്ത് അയാൾ കൗശലക്കാരനായ ഒരു പൂച്ചയെപ്പോലെ തന്റെ തടിരക്ഷിക്കാൻ ഒരു വിഫലശ്രമം നടത്തുന്നുമുണ്ട്. അതെന്തുകൊണ്ടാണെന്ന് മനസ്സിലാവുമ്പോഴാണ്‌ യഥാർത്ഥത്തിൽ ചിരി വരിക. മലയാളസിനിമയിൽ അത്ര കണ്ടു പരിചയമില്ലാത്ത ഒരു പൊലീസുകാരനാണ് സി.ഐ. ജയചന്ദ്രൻ നായർ.

ഈ രണ്ടു വേഷങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാൽ കാണാനാവുന്നത് ഒന്നോടൊന്ന് സാമ്യമേതുമില്ലാത്ത രണ്ടു മനുഷ്യരെയാണ്. കേവലം രൂപഭാവങ്ങളിലെ മാറ്റം മാത്രമല്ല ഒരു അഭിനേതാവിന്റെ മികവിന് മാനദണ്ഡമെന്ന് വളരെ വ്യക്തമായി സംവദിക്കുന്ന പാത്രസൃഷ്ടിയും കൂടിയാണത്.  കയ്യടക്കത്തോടെയുള്ള അവതരണവും കൂടി ഒത്തുചേരുമ്പോൾ നാം കാണുകയും ഇടപഴകുകയും ചെയ്യുന്ന മനുഷ്യരിൽ ആരോടൊക്കെയോ സാദൃശ്യം തോന്നുക സ്വാഭാവികം. ഇവിടെ തിരശ്ശീലയിൽ നാം കാണുന്നത് പത്തിൽപരം സിനിമകളുടെ സംവിധായകനായ ഒരാളെയല്ല, പ്രത്യുത കൃതഹസ്തനായ ഒരു നടനെയാണ്. 

ഈ കുറിപ്പ് എഴുതി പോസ്റ്റ് ചെയ്യുന്നതിനു തൊട്ടു മുമ്പാണ്‌ ഒരു നിമിത്തം പോലെ ‘ഒരു അന്വേഷണത്തിന്റെ തുടക്കം’എന്ന ചിത്രത്തിന്റെ സംവിധാനസഹായിയാകാൻ എനിക്ക് ക്ഷണം വരുന്നത്. എം.എ. നിഷാദ് തന്നെ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നും കൂടി അറിഞ്ഞതോടെ എനിക്ക് ആകാംക്ഷയായി. ആ സിനിമയുടെ ഭാഗമായി മാറിയിട്ട്, ഇപ്പോൾ ചിത്രീകരണം പൂർത്തീകരിച്ച് എഡിറ്റിങ് ടേബിളിലിരുന്ന് ഓരോ റീലുകളും കാണുമ്പോൾ ഒന്നുറപ്പാണ്‌. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഐസക് മാമ്മൻ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ല് തന്നെയാവും. 

മലയാള സിനിമ ഇങ്ങനെയൊരാളെ വേണ്ടവിധം പരിഗണിക്കുന്നുണ്ടോ എന്നു ചോദിച്ചാൽ അറിയില്ലെന്നാവും എന്റെ ഉത്തരം. ഇന്ന് മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം ഏറ്റുവാങ്ങിയ  എം.എ. നിഷാദിന്‌ അഭിനന്ദനങ്ങൾ നേരുന്നു, ഇനി വരുംനാളുകളിൽ ആഴമേറിയതും വൈവിദ്ധ്യമാർന്നതുമായ ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ പകരാൻ ഇദ്ദേഹത്തിനാവട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.. ഒപ്പം ഭാവുകങ്ങളും നേരുന്നു..

English Summary:

M.A. Nishad's On-Screen Brilliance: Associate Director Speaks Out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com