മനസ്സ് തുറന്നു സന്തോഷിക്കാൻ പറ്റാത്ത ഓണമാണ് ഇക്കുറി: സത്യൻ അന്തിക്കാട്
Mail This Article
ഓരോ കാലഘട്ടത്തിലെയും നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു ഓണം. കുട്ടിക്കാലത്ത് ഓണം വരാൻ കാത്തിരിക്കുമായിരുന്നു. വായിക്കാൻ തുടങ്ങിയപ്പോൾ ഓണപ്പതിപ്പ് കിട്ടാനുള്ള കാത്തിരിപ്പായി ഓണം. പല പ്രസിദ്ധീകരണങ്ങളുടെയും മികച്ച പതിപ്പുകൾ വരിക ഓണപ്പതിപ്പായിട്ടാണ്. നല്ല കഥകൾ, കവിതകൾ എല്ലാം ഉൾച്ചേർന്ന ഓണപ്പതിപ്പുകൾ.....
ചെന്നൈയിൽ സിനിമ പഠിക്കാൻ പോയപ്പോൾ ഓണത്തെപ്പറ്റി മറന്നേ പോയി. നമ്മുടെ ജീവിതാവസ്ഥകൾക്ക് അനുസരിച്ചാണ് ഓണം എന്നു തോന്നുന്നത് അതുകൊണ്ടാണ്. സംവിധായകനായ ശേഷം ഓണത്തിനു റിലീസ് ചെയ്ത സിനിമയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പായി. ഗുണകരമായ മത്സരമായിരുന്നു അന്ന്. അഞ്ചും ആറും സിനിമകൾ ഒന്നിച്ചു റിലീസ് ചെയ്യും. ഒടിടി ഒന്നും ഇല്ലാത്ത കാലത്ത് തിയറ്ററുകളുടെ മുന്നിലാണ് ഓണം. തിയറ്ററിൽ ചെന്ന് ഓണത്തിന് സിനിമ കാണുക ഭൂരിഭാഗം മലയാളികൾക്കും ഒരു ആചാരം തന്നെയായിരുന്നു. തലയണമന്ത്രം ഉൾപ്പെടെയുള്ള എന്റെ പല സിനിമകളും ഓണത്തിന് റിലീസ് ചെയ്തതാണ്.
ഓണക്കാലത്തെ ഷൂട്ടിങ് വേറൊരു അനുഭവമാണ്. മഴവിൽക്കാവടി ഒറ്റപ്പാലത്ത് ഷൂട്ട് ചെയ്യുമ്പോഴാണ് ഓണം. അന്ന് കാരവൻ ഒന്നുമില്ലല്ലോ. ഒരു വീട്ടിൽ ആണ് ഭക്ഷണം തയാറാക്കി വച്ചിരിക്കുന്നത്. ഒടുവിലും കരമനയും ശങ്കരാടിയും ഇന്നസന്റും ജയറാമും ചേർന്നുള്ള സീൻ ആണ് ചിത്രീകരിക്കുന്നത്.
ഉച്ചയായിട്ടും ഷൂട്ടിങ് തീരുന്നില്ല. ആ വീട്ടിൽ പോയി ഭക്ഷണം കഴിച്ചു തിരിച്ചുവരുമ്പോഴേക്കും സമയം വൈകും. ഷൂട്ടിങ് നടക്കുന്ന പറമ്പിലേക്കു ഭക്ഷണം എത്തിച്ച് കഴിക്കാമെന്ന് തീരുമാനമായി. നല്ല തണലൊക്കെയുള്ള പറമ്പാണ്. ഒരു പായ വിരിച്ച്, അവിടെയായിരുന്നു ആ ഓണം; ഇരുന്നുണ്ട ഓണം. ആ സീനിൽ ഉണ്ടായിരുന്നവർക്കു പുറമേ, പറവൂർ ഭരതൻ, നിർമാതാവ് സിയാദ് കോക്കർ, ക്യാമറാമാൻ വിപിൻ മോഹൻ എന്നിവരും സെറ്റിലെ മറ്റ് സഹായികളുമുണ്ടായിരുന്നു, ആ ഓണസദ്യയ്ക്ക്.
മനസ്സ് തുറന്നു സന്തോഷിക്കാൻ പറ്റാത്ത ഓണമാണ് ഇക്കുറി. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഓണത്തിന്റെ പൊലിമ ഇല്ലാതാക്കി. സിനിമയെ മോശമായി ചിത്രീകരിക്കാനുള്ള പ്രവണത ഉണ്ടായിക്കൊണ്ടിരിക്കുന്നു. മുംബൈയിൽ നിന്നുള്ള സാങ്കേതികവിദഗ്ധർ പറയുന്നത്, അവർ ഉറ്റുനോക്കുന്നത് മലയാള സിനിമയെ ആണെന്നാണ്. അതിനിടയിലാണ് ഇവിടുത്തെ വിവാദങ്ങൾ. ചെറിയ ശതമാനത്തിനെതിരെ വന്ന പരാതികൾ ആഘോഷിക്കപ്പെടുകയാണ്. എത്രയോ നല്ല സാങ്കേതിക വിദഗ്ധരും അഭിനേതാക്കളുമാണ് നമുക്കുള്ളത്. മലയാള സിനിമയുടെ വളർച്ചയ്ക്കു കണ്ണേറ് കിട്ടിയ പോലെയായി ഇത്. സങ്കടകരമായ അവസ്ഥയാണ്.
പക്ഷേ, ഇതു താൽക്കാലികമാണെന്നാണ് എനിക്കു തോന്നുന്നത്. സത്യമുള്ള കലയാണു സിനിമ. നല്ല സിനിമകൾ കൊണ്ട് കാലം ഇതിനു മറുപടി പറയും. ഇപ്പോൾ മൗനത്തിലിരിക്കുന്ന പ്രതിഭാധനരായ സിനിമക്കാർ ഉണ്ട്. മികച്ച സിനിമകളുമായി അവർ പ്രേക്ഷകർക്കു മുന്നിലെത്തുമ്പോൾ ഈ കാർമേഘങ്ങളൊക്കെ മാഞ്ഞുപോകും. ഈ ഓണം ആ പ്രതീക്ഷകളുടേതു കൂടിയാണ്.