ദുൽഖറിനൊപ്പം മുണ്ടുടുത്ത് റാണ ദഗുബാട്ടി; കാന്ത’ സെറ്റിൽ ഓണാഘോഷം
Mail This Article
പുതിയ സിനിമയായ ‘കാന്ത’യുടെ സെറ്റിൽ ഓണം ആഘോഷിച്ച് ദുൽഖര്‍ സൽമാൻ. ഹൈദരാബാദ് ചിത്രീകരണം നടക്കുന്ന സെറ്റിൽ വച്ചായിരുന്നു ദുൽഖറും റാണ ദഗുബാട്ടിയും ഭാഗ്യശ്രീയും ഓണം ആഘോഷിച്ചത്. സെറ്റിലെ എല്ലാർക്കുമായി ഓണ സദ്യയും ഒരുക്കി.
ദുൽഖർ നായകനായി എത്തുന്ന കാന്ത’ എന്ന ചിത്രം നിർമിക്കുന്നത് ദുൽഖറും റാണയും ചേർന്നാണ്. സെല്‍വമണി സെല്‍വരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. ചിത്രത്തിൽ ദുൽഖറിനൊപ്പം ഭാഗ്യശ്രീയും സമുദ്രക്കനിയും വേഷമിടുന്നുണ്ട്. ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല .
കഴിഞ്ഞ വര്‍ഷം ദുല്‍ഖറിന്‍റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിച്ച ചിത്രമാണ് കാന്ത. റാണ ദഗുബാട്ടിക്കൊപ്പം സ്വപ്ന ദത്തയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. സ്പിരിറ്റ്, മീഡിയ, സ്വപ്ന സിനിമ, വേഫെറര്‍ ഫിലിംസ് എന്നിവയാണ് ബാനറുകള്‍.
തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരിക്കും കാന്ത എന്ന് ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ ദുൽഖർ പറഞ്ഞിരുന്നു. ഇതുവരെ കാണാത്ത രീതിയിൽ ആവും താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. ദുൽഖറിന്റെ പുതുതായി റീലിസിനൊരുങ്ങുന്ന ചിത്രവും തെലുക്കിൽ തന്നെയാണ്. വെങ്കി അട്‍ലൂരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ലക്കി ഭാസ്കര്‍ ആണ് ആ ചിത്രം. ചിത്രം ഒക്ടോബർ 31ന് തിയറ്ററുകളിലെത്തും.