ADVERTISEMENT

എത്ര തലമുറകളുടെ അമ്മയാണ് ഒരു യാത്രാമൊഴി ചൊല്ലാന്‍ നില്‍ക്കാതെ നമ്മെ വിട്ടുപോയത്. ഇന്നലെ എന്ന പോലെ അവരുടെ മധുരോദാരമായ ശബ്ദത്തിലുളള ആ വിളി കാതില്‍ മുഴങ്ങുന്നു.

''ഉണ്ണീ...ന്റെ ഉണ്ണിയല്ലേ അത്...'' ഹിസ് ഹൈനസ് അബ്ദുളള മുതല്‍ എത്രയോ സിനിമകളില്‍ ആ വിളി നാം കേട്ടു. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും അവള്‍ മാതൃഭാവത്തോടെ അങ്ങനെ വിളിച്ചപ്പോള്‍ ആ ശബ്ദവും വാത്സല്യവും പതിഞ്ഞത് നമ്മള്‍ ഓരോരുത്തരുടെയും ഹൃദയാന്തരങ്ങളിലാണ്. അത്രമേല്‍ സ്‌നേഹനിര്‍ഭരവും മാതൃഭാവം നിറഞ്ഞതുമായിരുന്നു കവിയൂര്‍ പൊന്നമ്മ അവതരിപ്പിച്ച ഓരോ അമ്മ വേഷങ്ങളും.

തനിയാവര്‍ത്തനത്തില്‍ സ്വബോധമുളള മകനെ സമൂഹം ഭ്രാന്തനാക്കി മാറ്റുമ്പോള്‍ സഹിക്കാനാവാതെ അമ്മ ഒരിറ്റ് ചോറില്‍ വിഷം ചേര്‍ത്ത് അവന് കൊടുക്കുകയും പിന്നെ സ്വയം കഴിക്കുകയും ചെയ്യുന്ന ഹൃദയഭേദകമായ ആ രംഗം അത്രയും വൈകാരിക തീവ്രമായത് അത് പൊന്നമ്മ അഭിനയിച്ചതു കൊണ്ട് മാത്രമാണ്. മമ്മൂട്ടിയും ലാലും അടക്കം പല തലമുറകള്‍ക്ക് അവര്‍ പൊന്നമ്മ ചേച്ചിയായിരുന്നു ക്യാമറയ്ക്ക് പിന്നില്‍...ചിരിച്ചുകൊണ്ടല്ലാതെ ആ മുഖം നാം കണ്ടിട്ടില്ല. കവിയൂര്‍ പൊന്നമ്മയെ പോലെ ഒരമ്മ ഉണ്ടായിരുന്നെങ്കില്‍ എന്ന് മോഹിക്കാത്ത മലയാളികളുമില്ല. സ്‌നേഹവാത്സല്യങ്ങളൂടെ ഒരാഴക്കടല്‍ തന്നെ അവര്‍ നമ്മെ അനുഭവിപ്പിച്ചിരുന്നു. 

സംഗീതം പിന്നെ അഭിനയം

1971, 72, 73 എന്നിങ്ങനെ മൂന്ന് വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ പൊന്നമ്മ 1994 ല്‍ വീണ്ടും അതേ പുരസ്‌കാരത്തിന് അര്‍ഹയായി. പത്തനംതിട്ടയിലെ കവിയൂര്‍ ഗ്രാമത്തില്‍ ജനിച്ച പൊന്നമ്മ പൊന്‍കുന്നത്താണ് വളര്‍ന്നത്. സംഗീതത്തോട് ആഭിമുഖ്യമുണ്ടായിരുന്ന അവര്‍ വിഖ്യാത സംഗീതജ്ഞന്‍ എല്‍.പി.ആര്‍ വര്‍മ്മയുടെ കീഴില്‍ സംഗീതം പഠിച്ചു. പിന്നീട് വെച്ചുര്‍ എസ്.ഹരിഹരസുബ്രഹ്‌മണ്യത്തിന്റെ കീഴിലും സംഗീത പഠനം നടത്തി. 

പതിനാലാം വയസ്സില്‍ അന്ന് ഏറെ പ്രസിദ്ധമായിരുന്ന പ്രതിഭ ആര്‍ടിസിന്റെ നാടകങ്ങളില്‍ അഭിനയിച്ചു കൊണ്ടാണ് കലാജീവിതം ആരംഭിക്കുന്നത്. പിന്നീട് കെ.പി.എ.സി യിലേക്ക് ചുവടുമാറ്റി. തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകം അവരുടെ അഭിനയചാതുര്യം എന്തെന്ന് മലയാളികളെ ബോധ്യപ്പെടുത്തി. ആയിര കണക്കിന് വേദികളിലാണ് കേരളത്തിലങ്ങോളമിങ്ങോളം അവര്‍ നാടകങ്ങള്‍ അവതരിപ്പിച്ചത്. 

തോപ്പില്‍ ഭാസിയായിരുന്നു നാടകരംഗത്ത് അവരുടെ ഗുരു. അദ്ദേഹത്തിന്റെ ശിക്ഷണം പൊന്നമ്മയിലെ അഭിനേത്രിയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചു. 1962 ല്‍ ശ്രീരാമപട്ടാഭിഷേകം എന്ന ചിത്രത്തില്‍ രാവണനായി വന്ന കൊട്ടാരക്കര ശ്രീധരന്‍ നായരുടെ സഹോദരി മണ്ഡോദരി എന്ന കഥാപാത്രമായിരുന്നു പൊന്നമ്മയ്ക്ക്. അതായിരുന്നു അവരുടെ ആദ്യചിത്രം. ശശികുമാര്‍ സംവിധാനം ചെയ്ത കുടുംബിനിയിലൂടെ ശ്രദ്ധനേടി. പൊന്നമ്മ ആദ്യമായി നായികാ വേഷം കെട്ടിയ റോസിയുടെ നിര്‍മാതാവായിരുന്നു മണിസ്വാമി. അദ്ദേഹം പൊന്നമ്മയെ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിച്ചു. അവര്‍ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം അധികകാലം മുന്നോട്ട് പോയില്ല. ബിന്ദു എന്ന ഒരു മകള്‍ ജനിച്ചു എന്നത് മാത്രമാണ് ആ ദാമ്പത്യത്തിന്റെ സുഖദമായ ഏക ഓര്‍മ്മ. മകള്‍ ഇപ്പോള്‍ കുടുംബസമേതം അമേരിക്കയിലാണ്. 

കവിയൂർ പൊന്നമ്മ. ചിത്രം: പി.എൻ.ശ്രീവൽസൻ/മനോരമ
കവിയൂർ പൊന്നമ്മ. ചിത്രം: പി.എൻ.ശ്രീവൽസൻ/മനോരമ

തുടർച്ചയായ അമ്മ വേഷങ്ങൾ

പൊന്നമ്മയുടെ മുഖത്തും ഭാവഹാവാദികളിലുമുളള മാതൃഭാവമാണ് അവരെ അത്തരം വേഷങ്ങളില്‍ കാസ്റ്റ് ചെയ്യാന്‍ സംവിധായകരെ പ്രേരിപ്പിച്ചത്. വേറിട്ടൊരു കഥാപാത്രം നൽകാൻ തിരക്കഥാകൃത്തുക്കളും മുതിർന്നില്ല. അത് പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ പിന്നീട് വന്ന നിരവധി തലമുറകളില്‍ പെട്ട നായകനടന്‍മാരുടെ അമ്മയായി അവര്‍ മാറി. തന്റെ ഇരുപതുകളില്‍ തന്നെ അമ്മയായി നരയിട്ട പൊന്നമ്മ പിന്നീട് നരച്ചും നരയ്ക്കാതെയും അമ്മയായി. ചെറുപ്രായത്തില്‍ വൃദ്ധവേഷം കെട്ടുന്നതില്‍ അവര്‍ ഒരു വിയോജിപ്പും പ്രകടിപ്പിച്ചില്ല. അഭിനയത്തെ അഭിനയമായി തന്നെ കാണണം എന്നതായിരുന്നു നിലപാട്. 

വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ എന്നും ആഗ്രഹമുണ്ടായിരുന്നതായി കവിയൂർ പൊന്നമ്മ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പക്ഷേ മലയാളത്തിന്റെ അമ്മ എന്ന വിശേഷണം, അവർ പോലുമറിയാതെ മലയാള സിനിമ അവർക്കു ചാർത്തി നൽകി.

kaviyoor-ponnamma-2434

പല തലമുറകളുടെ അമ്മയായി

റോസിയില്‍ പ്രേംനസീറിന്റെ നായികയായിരുന്ന പൊന്നമ്മ പിന്നീട് നിരവധി സിനിമകളില്‍ അദ്ദേഹം ഉള്‍പ്പെടെ തന്നിലും ഏറെ പ്രായം കുറഞ്ഞ പലരുടെയും അമ്മയായി. തൊമ്മന്റെ മക്കള്‍ എന്ന സിനിമയില്‍ അവര്‍ ഒരേസമയം സത്യന്റെയും മധുവിന്റെയും അമ്മയായി. സോമന്റെയും സുകുമാരന്റെയുമെല്ലാം അമ്മയായ അവര്‍ ഏറ്റവും കുടുതല്‍ സിനിമകളില്‍ അമ്മയായത് മോഹന്‍ലാലിന്റെ ഒപ്പമാണെന്ന് പറയപ്പെടുന്നു. അതെന്തായാലും അത്രയും ചേര്‍ച്ചയുളള ഒരു അമ്മയും മകനും മലയാള സിനിമാ ചരിത്രത്തില്‍ അതിന് മുന്‍പും പിന്‍പും ഉണ്ടായിട്ടില്ല. അത്ര പൊരുത്തമായിരുന്നു അവര്‍ തമ്മില്‍. അഭിനയത്തിലെ ഗീവ് ആന്‍ഡ് ടേക്ക് തിയറി ഏറ്റവും ഫലപ്രദമായ ഒരു കോംബിനേഷന്‍.

kaviyoor-ponnamma-2

കിരീടത്തിലെ അമ്മയും മകനും പോലെ അത്ര ഊഷ്മളമായ ബന്ധം ജീവിതത്തില്‍ പോലും കണ്ടെത്താനാവില്ല. മകന്‍ അമ്മയുടെ മടിയില്‍ കിടന്നുകൊണ്ട് രാമായണം സീരിയലിന്റെ തിരക്കഥ പത്രം നോക്കി വായിക്കുമ്പോള്‍ അവന്റെ മുടിയില്‍ വിരലുകള്‍ കൊണ്ട് തടവുന്ന അമ്മയുടെ ദുശ്യം വാത്സല്യത്തിന്റെ ഒരു രവിവര്‍മ്മ ചിത്രമാണ്. 1976 ല്‍ പെരിയാര്‍ എന്ന ചിത്രത്തില്‍ തിലകന്റെ അമ്മയായി അഭിനയിച്ച പൊന്നമ്മ പിന്നീട് നിരവധി ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ ഭാര്യയായി. ഓടയില്‍ നിന്ന് എന്ന പടത്തില്‍ സത്യന്റെ നായികയായ പൊന്നമ്മ അതേ വര്‍ഷം തന്നെ അദ്ദേഹത്തിന്റെ അമ്മയായും അഭിനയിച്ചു. 

തീര്‍ത്ഥയാത്ര എന്ന സിനിമയിലെ അംബേ ജഗദംബേ എന്ന ഗാനം ആലപിച്ചുകൊണ്ട് ഗായികയാവുക എന്ന സ്വപ്നവും അവര്‍ സാക്ഷാത്കരിച്ചു. മലയാളിയുടെ മാതൃസങ്കല്‍പ്പത്തിന്റെ മഹനീയ മാതൃകയാണ് പൊന്നമ്മയുടെ വിയോഗത്തോടെ കാലയവനികയ്ക്കുളളില്‍ മറയുന്നത്.

English Summary:

The Unforgettable Voice of "Unni": Remembering Kaviyoor Ponnamma's Legacy of Love

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com