ADVERTISEMENT

പാട്ടുകാരിയാകാനായിരുന്നു പൊന്നമ്മയ്ക്ക് ആഗ്രഹം. അച്ഛൻ കവിയൂർ തെക്കേതിൽ ടി.പി ദാമോദരനു സംഗീതം പ്രാണനായിരുന്നു. നന്നായി പാടും. കോട്ടയത്ത് പൊൻകുന്നത്തു താമസിക്കുന്ന കാലത്ത് എല്ലാ ഞായറാഴ്ചയും എം.കെ. ത്യാഗരാജ ഭാഗവതരുടെ കച്ചേരി കേൾക്കാൻ പോകാറുണ്ടായിരുന്നു ദാമോദരൻ. അപ്പോൾ കുഞ്ഞുമകളെയും ഒപ്പം കൂട്ടും. ഒരിക്കൽ കച്ചേരി കേൾക്കാൻ‌ പോയപ്പോൾ, പാട്ടുകാരുടെ കയ്യിലൊരു വലിയ ചതുരപ്പെട്ടി. അതിൽനിന്നു സംഗീതം വരുന്നു. അഞ്ചുവയസ്സുകാരിയായ പൊന്നമ്മ ആ പെട്ടി വേണമെന്നു വാശി പിടിച്ചു. ഹാർമോണിയമായിരുന്നു അത്. വൈകാതെതന്നെ ദാമോദരൻ മകൾക്കായി ഒരു ഹാർമോണിയം വാങ്ങി. പാട്ടിനോടുള്ള അവളുടെ ഇഷ്ടം തിരിച്ചറിഞ്ഞ് സംഗീതം പഠിപ്പിക്കാനും വിട്ടു. എൽ.പി.ആർ. വർമയായിരുന്നു ആദ്യ ഗുരു. പിന്നീട് കണ്ണമംഗലം പ്രഭാകരപിള്ള, വെച്ചൂർ ഹരിഹരയ്യർ തുടങ്ങിയവരിൽനിന്നും സംഗീതം പഠിച്ചു. 12 വർഷത്തോളം നീണ്ടു സംഗീത പഠനം.

അന്നൊരിക്കൽ കോട്ടയം തിരുനക്കര മൈതാനത്ത് എംഎസ്.സുബ്ബലക്ഷ്മിയുടെ കച്ചേരി. അവിടെയെത്തിയപ്പോൾ വേദിയിൽ പട്ടുസാരിയും വൈര മുക്കുത്തിയും വലിയ പൊട്ടുമൊക്കെയായി ഒരു ദേവീവിഗ്രഹം പോലെ സംഗീതരാജ്ഞി. ആ കാഴ്ചയുടെയും നേരിട്ടുകേട്ട പാട്ടിന്റെയും വിസ്മയാനുഭവം എക്കാലവും തന്നിലുണ്ടായിരുന്നെന്ന് കവിയൂർ പൊന്നമ്മ പിന്നീടു പറഞ്ഞിട്ടുണ്ട്. സുബ്ബലക്ഷ്മിയുടെ വലിയ പൊട്ടിന്റെ ഭംഗി കണ്ട് അന്നുതൊട്ടാണ് പൊന്നമ്മയും വലിയ പൊട്ടു തൊട്ടു തുടങ്ങിയത്. എം.എസ്.സുബ്ബലക്ഷ്മിയെപ്പോലെ വലിയ പാട്ടുകാരിയാകാനായി പിന്നീടു മോഹം. പതിനൊന്നാം വയസ്സിലായിരുന്നു അരങ്ങേറ്റം. അന്ന് സുബ്ബലക്ഷ്മിയെ മനസ്സിൽക്കണ്ടാണ് പാടിയത്. പിന്നീട് എത്രയോ കാലം കഴിഞ്ഞ് ചെന്നൈയിൽ വച്ച് അടൂർ‌ ഗോപാലകൃഷ്ണനാണ് എംഎസ്.സുബ്ബലക്ഷ്മിയെ പൊന്നമ്മയ്ക്കു പരിചയപ്പെടുത്തിയത്.

പാട്ടു തന്നെയാണ് കവിയൂർ‌ പൊന്നമ്മയ്ക്ക് അഭിനയത്തിലേക്കും വഴി തുറന്നത്. ദേവരാജൻ മാസ്റ്ററാണ് നല്ല പാട്ടുകാരിയെന്നു പേരെടുത്ത കുട്ടിയെ നാടകത്തിൽ‌ പാടാൻ വിളിച്ചത്. തോപ്പിൽ ഭാസിയുടെ മൂലധനമായിരുന്നു നാടകം. നാടകത്തിൽ പാടി. നായികയില്ലാത്തതിനാൽ അഭിനയിക്കേണ്ടിയും വന്നു. അന്ന് അഭിനയം ഇഷ്ടമല്ലാത്തതിനാൽ കരഞ്ഞുകൊണ്ടാണ് അഭിനയിച്ചതെങ്കിലും പിന്നീട് നാടകഅരങ്ങ് പൊന്നമ്മയ്ക്കു പ്രിയപ്പെട്ടതായി. അവിടെനിന്നു സിനിമയിലെത്തിയപ്പോഴും വെള്ളിത്തിരയിലെ പേരെടുത്ത താരമായപ്പോഴും പാട്ടിനോടുള്ള പ്രിയം കൈവിട്ടില്ല. അപ്പോഴും സിനിമകളിൽ പാടി. കാട്ടുമൈന, തീർഥയാത്ര, ധർമയുദ്ധം, ഇളക്കങ്ങൾ തുടങ്ങിയ ചിത്രങ്ങളിൽ പിന്നണിഗായികയായും പൊന്നമ്മയുടെ പേരുണ്ട്.

English Summary:

musical and cinema journey of Kaviyoor Ponnamma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com