മരണത്തെക്കുറിച്ച് പൊന്നമ്മ പറഞ്ഞു...
Mail This Article
∙ ‘എത്രയോ തവണ ഞാൻ സ്ക്രീനിൽ മരിച്ചു. എന്നാൽ ‘തിങ്കളാഴ്ച നല്ല ദിവസം’ എന്ന സിനിമയിലെ രംഗം പോലെ മറ്റൊന്നും എന്നെ സ്പർശിച്ചിട്ടില്ല. അതുപോലെ ഒരു മരണരംഗവും ഉണ്ടായിട്ടില്ല. ഇതെന്റെ മരണത്തിന്റെ റിഹേഴ്സലാണോയെന്ന് ഞാൻ പത്മരാജനോടു ചോദിച്ചു. മരങ്ങൾക്കു പോലും മക്കളുടെ പേരിട്ടുവിളിച്ച സ്നേഹനിധിയായ അമ്മ ഒടുവിൽ ആർക്കും വേണ്ടാതെ ....’ പഴയൊരു അഭിമുഖത്തിൽ പത്മരാജന്റെ തിങ്കളാഴ്ച നല്ല ദിവസത്തിലെ കഥാപാത്രത്തിന്റെ കൈപിടിച്ച് കവിയൂർ പൊന്നമ്മ മരണത്തെക്കുറിച്ച് വാചാലയായി.
ജീവിതത്തിലെ പ്രിയപ്പെട്ടവരുടെ മരണത്തെക്കുറിച്ച് ഞെട്ടലോടെ കേട്ട വാർത്തകളെക്കുറിച്ചും പൊന്നമ്മ എഴുതിയിട്ടുണ്ട്. പ്രായത്തിൽ 13 വയസ്സിന് ഇളയവളായ കവിയൂർ രേണുക മരിക്കുമ്പോൾ കാശിയിൽ ഷൂട്ടിങ്ങിലായിരുന്നു. അനുജത്തിയെ ഒരുനോക്കു കാണാൻ നാട്ടിലേക്കു പോയ പൊന്നമ്മയെ കാത്ത് സെറ്റു മുഴുവൻ 2 ദിവസം കാത്തിരുന്നു. മകൾ ബിന്ദുവിന് ആദ്യമുണ്ടായ കുഞ്ഞ് ശിവശങ്കരനും വേദന നിറഞ്ഞ വേർപാടാണ്.
‘മരണത്തെ എനിക്കു പേടിയില്ല. എന്റെ പ്രായത്തിലുള്ള പലരും ഒന്നും ചെയ്യാനില്ലാതെ മരണം കാത്തിരിക്കുന്നവരാണെന്നു തോന്നാറുണ്ട്. ഒന്നും ചെയ്യാനില്ലാത്തതാണ് പലരുടെയും പ്രശ്നം. ഞാൻ അങ്ങനെയല്ല. എനിക്കാവുന്ന കാര്യങ്ങൾ ചെയ്യും. അപകടമരണവും മുങ്ങിമരണവും ഉണ്ടാവരുത് എന്നേ പ്രാർത്ഥിക്കാറുള്ളൂ’’– കവിയൂർ പൊന്നമ്മ അഭിമുഖം അവസാനിപ്പിച്ചത് നിർഭയമായ വാക്കുകൾ കൊണ്ടാണ്