മലയാളത്തിന്റെ ‘അമ്മ’യെ അവസാനമായി കണ്ട് മോഹൻലാലും മമ്മൂട്ടിയും
Mail This Article
മലയാളത്തിന്റെ ‘പൊന്നമ്മ’ കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലയാള സിനിമാ ലോകം.കവിയൂര്‍ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മലയാള സിനിമയില്‍ നിന്ന് നിരവധി പേരാണ് പൊതുദര്‍ശനം നടക്കുന്ന കളമശേരി ടൗണ്‍ ഹാളിലേയ്ക്ക് ഒഴുകിയെത്തുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, സിദ്ദീഖ്, കുഞ്ചന്‍, മനോജ് കെ ജയന്‍, രവീന്ദ്രന്‍ സംവിധായകന്മാരായ രഞ്ജി പണിക്കര്‍, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങി നിരവധി പേർ അവസാനമായി ഒരുനോക്ക് കാണാൻ എത്തി.
കാൻസർ രോഗചികിത്സയിലായിരുന്ന പൊന്നമ്മയുടെ അന്ത്യം ഇന്നലെ വൈകിട്ട് 5.30ന് ലിസി ആശുപത്രിയിൽ ആയിരുന്നു. ഇന്നു രാവിലെ 9 മുതൽ 12 വരെ കളമശേരി ടൗൺഹാളിലെ പൊതുദർശനത്തിനുശേഷം വൈകിട്ട് 4 ന് ആലുവയ്ക്ക് സമീപം കരുമാലൂരിലെ വീട്ടുവളപ്പിൽ സംസ്കാരം.
സംവിധായകനും തിരക്കഥാകൃത്തുമായ പരേതനായ മണി സ്വാമിയാണു ഭർത്താവ്. യുഎസിലുള്ള ഏക മകൾ ബിന്ദു കഴിഞ്ഞ ദിവസം അമ്മയെ കണ്ടു മടങ്ങിയിരുന്നു. മരുമകൻ വെങ്കട്ടറാം അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് മിഷിഗനിൽ പ്രഫസറാണ്. അന്തരിച്ച നടി കവിയൂർ രേണുക സഹോദരിയാണ്.
15–ാം വയസ്സിൽ നാടക രംഗത്തെത്തിയ പൊന്നമ്മ 4 വർഷങ്ങൾക്കുശേഷം സിനിമയിലും ചായംപൂശി. 21–ാം വയസ്സിൽ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ട പൊന്നമ്മയെ തേടി പിന്നീടെത്തിയതെല്ലാം പ്രായത്തെക്കാൾ പക്വതയുള്ള കഥാപാത്രങ്ങൾ. 6 പതിറ്റാണ്ടോളം മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങി. എണ്ണൂറിലേറെ സിനിമകളിൽ വേഷമിട്ടു.