കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അമ്മയെ ഓർമ്മിച്ചു കൂട്ടുകാരും സഹതാരങ്ങളും
Mail This Article
മധു, സിബി മലയിൽ, ടി ആർ ഓമന, ജയഭാരതി എന്നിവരുടെ മനസിലെ കവിയൂർ പൊന്നമ്മ ഹൃദ്യമായ ഓർമയാണ്. കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അമ്മയെ ഓർത്തെടുക്കുകയാണ് കൂട്ടുകാരും സഹതാരങ്ങളും.
വിസ്മയിപ്പിച്ച അമ്മ; മധു പറയുന്നു
ആറന്മുള പൊന്നമ്മയ്ക്കു ശേഷം സിനിമാപ്രവർത്തകരുടെയും മലയാള ചലച്ചിത്ര പ്രേക്ഷകരുടെയും അമ്മയായിരുന്നു കവിയൂർ പൊന്നമ്മ. ഞാൻ ഇരട്ടവേഷത്തിൽ അഭിനയിച്ച ഒരു സിനിമയിൽ പൊന്നമ്മ എന്റെ ഭാര്യയായും അമ്മയായും വേഷമിട്ടിട്ടുണ്ട്. അരങ്ങിൽ പേരെടുത്ത ശേഷമാണ് പൊന്നമ്മ അഭ്രപാളികളിൽ സ്വന്തം പേരെഴുതി ചേർത്തത്.
സിനിമയിലെത്തും മുൻപേ കവിയൂർ പൊന്നമ്മയെ അറിയാമായിരുന്നു. പൊന്നമ്മ അഭിനയിക്കുന്ന നാടകങ്ങൾ കാണാൻ പോയ ഓർമ എനിക്കുണ്ട്. പ്രതിഭ ആർട്സിന്റെ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് കെപിഎസിയിലേക്കു ക്ഷണം ലഭിക്കുന്നത്. കരുണാനിധി തമിഴിൽ അദ്ദേഹത്തിന്റെ നാടകങ്ങളിലേക്കു ക്ഷണിച്ചതായും കേട്ടിട്ടുണ്ട്. മലയാള നാടകവേദി സിനിമയ്ക്കു സമ്മാനിച്ച അസാമാന്യ പ്രതിഭകളുടെ പട്ടികയിൽ പൊന്നമ്മയുണ്ട്.
പൊന്നമ്മ കുടുംബാംഗത്തെപ്പോലെയായിരുന്നു. അഞ്ചോ ആറോ വർഷങ്ങൾ മുൻപാണു അവസാനമായി നേരിൽ കണ്ടത്. നേരത്തേ തിരുവനന്തപുരത്തു വന്നാൽ കാണും. ഇടയ്ക്കെല്ലാം ഫോണിൽ വിവരങ്ങൾ തിരക്കിയിരുന്നു. അസുഖം മൂർച്ഛിച്ചതായി അറിഞ്ഞിരുന്നു. എങ്കിലും ഇത്ര വേഗമാകുമെന്നു കരുതിയതല്ല. പൊന്നമ്മ ജീവിതത്തിൽ ഒരുപാടു വേദനകൾ സഹിച്ചു. എല്ലാവരുമുണ്ടെങ്കിലും ആരുമില്ലാത്ത സ്ഥിതിയിലൂടെയും കടന്നുപോയി. പ്രിയപ്പെട്ട സഹപ്രവർത്തകയുടെ വേർപാടിൽ അശ്രുപൂജ!
അനായാസം അഭിനയം; സിബി മലയിൽ
എന്റെ ‘കിരീട’ത്തിൽ മോഹൻലാലിന്റെ കഥാപാത്രമായ സേതുമാധവന്റെ മുടിയിൽ വിരലോടിച്ചു കവിയൂർ പൊന്നമ്മ രാമായണകഥ വായിച്ചു കൊടുക്കുന്ന ഒരു രംഗമുണ്ട്
അമ്മയും മകനും തമ്മിലുള്ള അതിശക്തമായ ആത്മബന്ധം അത്രമേൽ കൃത്യമായി വെളിപ്പെടുത്തിയ ആ രംഗം എന്റെ പ്രിയപ്പെട്ട സീനാണ്, എല്ലാ കാലത്തും. വർഷങ്ങൾക്കു ശേഷം കിരീടത്തിന്റെ തുടർച്ചയായ ‘ചെങ്കോൽ’ എന്ന ചിത്രത്തിലേക്കു വരുമ്പോൾ അതിലും ഇതിനെ അനുസ്മരിപ്പിക്കുന്ന മറ്റൊരു രംഗമുണ്ട്. വ്യക്തിപരമായി ഏറെ നഷ്ടങ്ങൾ നേരിട്ട അമ്മയുടെയും മകന്റെയും ഹൃദയങ്ങൾ തമ്മിലുള്ള ഇഴയടുപ്പവും ഇരുവരുടെയും വേദനകളും ആ സീനിലുണ്ട്. ‘തനിയാവർത്തന’ത്തിൽ മമ്മൂട്ടിയുടെ അമ്മയായാണു പൊന്നമ്മച്ചേച്ചി എന്റെ ചിത്രത്തിൽ ആദ്യം അഭിനയിക്കുന്നത്. പിന്നീട് കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം തുടങ്ങിയ ചിത്രങ്ങളിലൊക്കെ ചേച്ചി ഉണ്ടായിരുന്നു.
വളരെ ചെറുപ്പത്തിൽ തന്നെക്കാളേറെ പ്രായമുള്ള അഭിനേതാക്കളുടെ അമ്മ വേഷം ചെയ്തു സിനിമാലോകത്തെ വിസ്മയിപ്പിച്ച വ്യക്തിയാണു പൊന്നമ്മച്ചേച്ചി.
കഥാപാത്രത്തിന്റെ പ്രായം ഒരിക്കലും ചേച്ചിക്കൊരു പ്രശ്നമായിരുന്നില്ല. അമ്മമാരുടെ മനസ്സിലെ വികാരങ്ങൾ കൃത്യമായി മുഖത്തു ചാലിക്കാൻ പ്രത്യേക കഴിവുണ്ടായിരുന്നു.
അഭിനയത്തിന്റെ മാത്രമല്ല, അനുഭവങ്ങളുടെയും പാഠശാലയായിരുന്നു എനിക്കു ചേച്ചി. മലയാളത്തിലെ പ്രശസ്തരായ സംവിധായകരുടെ സിനിമകളിൽ ആദ്യകാല നടീനടൻമാർക്കൊപ്പം അഭിനയിച്ച കഥകൾ ഇടയ്ക്കു സെറ്റിലിരിക്കുമ്പോൾ പറയും. അവ കേട്ടിരിക്കാൻ സെറ്റിലുള്ളവർക്കും ആവേശമായിരുന്നു
എന്റെ പൊന്നമ്മാമ്മ; ജയഭാരതി
ഞാൻ സിനിമയിലെത്തുമ്പോൾ ഒരിക്കൽ സെറ്റിൽ ഷീലാമ്മ ‘പൊന്നു പൊന്നു....’ എന്ന് ആരേയോ വിളിക്കുന്നു. അന്വേഷിച്ചെത്തിയത് പൊന്നമ്മാമ്മയിലാണ്. എന്റെ അമ്മയായി അഭിനയിച്ചതുകൊണ്ട് ഞാൻ ‘പൊന്നമ്മാമ്മ’ എന്നാണു വിളിച്ചിരുന്നത്. ആരെയും കുറ്റപ്പെടുത്താനോ പഴി പറയാനോ പൊന്നമ്മാമ്മ ശ്രമിക്കാറില്ല. നല്ല വാക്കുകൾ മാത്രം. മോൻ ഉണ്ണിയുടെ കല്യാണത്തിനു ഞാൻ വിളിച്ചപ്പോൾ, നീ വന്നു വിളിക്കണ്ട എനിക്ക് ആവതുണ്ടെങ്കിൽ വരുമെന്ന് പറഞ്ഞു.
പൊന്നമ്മച്ചേച്ചി പാടി ഞാൻ കേട്ടിട്ടില്ല. എല്ലാവരും ചേച്ചിയുടെ പാട്ടിനെ പ്രശംസിച്ചു കേട്ടിട്ടുണ്ട്. പെൺമയുള്ള നടിയാണ്. എല്ലാ ഐശ്വര്യങ്ങളും നിറഞ്ഞ രൂപം. അമ്മയായി പൊന്നമ്മാമ്മയ്ക്ക് അഭിനയിക്കേണ്ട കാര്യമില്ല. വന്നു നിന്നാൽ മതി. മോനേ...എന്നു വിളിച്ചാൽ ആ നിമിഷം കൂടെയുള്ളയാൾ മോനായി മാറും. മോളേ എന്നു വിളിച്ചാൽ നമ്മുടെ അമ്മ തന്നെ മുന്നിൽ. ആ വിളിയുടെ വാത്സല്യഭാവം അത്രമാത്രം ഹൃദയം തൊടുന്നതാണ്. അങ്ങനെ ഒരമ്മയെ ഞാൻ മലയാള സിനിമയിൽ കണ്ടിട്ടില്ല. ഓർമകൾക്കു പ്രണാമം.
ഒരേ നദിപോലെ; ടി.ആർ.ഓമന
‘നദി’ സിനിമയുടെ ചിത്രീകരണത്തിൽ ഞാനും പൊന്നമ്മയും 2 വള്ളങ്ങളിൽ ഇരുന്നാണ് അഭിനയിച്ചത്. പക്ഷേ, ഞങ്ങൾക്കിടയിൽ ഒരിക്കൽ പോലും അകൽച്ച ഉണ്ടായിട്ടില്ല. പല സിനിമകളിൽ ഒന്നിച്ചു ജോലി ചെയ്തു. ഒന്നിച്ച് യാത്ര ചെയ്തു. പൊന്നമ്മ പോയെന്നു കേൾക്കുമ്പോൾ വല്ലാത്ത സങ്കടം. 2 വർഷം മുൻപാണു ഞാൻ പൊന്നമ്മയെ അവസാനമായി കണ്ടത്. കൊച്ചിയിൽ ഒരു പരിപാടിക്കായി വന്നപ്പോൾ വീട്ടിലെത്തി കണ്ടു. വല്ലാതെ അവശയായിരുന്നു. ‘ഇന്നു പോകണ്ടെടോ, ഇവിടെ താമസിക്കാം..’ എന്നു പറഞ്ഞെങ്കിലും എനിക്ക് നിൽക്കാൻ പറ്റിയില്ല.
കുറച്ചു സമയമേ അവിടെ ചെലവഴിക്കാൻ പറ്റിയുള്ളൂ. പക്ഷേ, അതിനകം വർഷങ്ങൾക്കു പിന്നിലുള്ള കാര്യങ്ങൾ വരെ ഞങ്ങൾ സംസാരിച്ചു. പിന്നീടൊന്നു കാണാൻ സാധിച്ചില്ല