'മനസിലുള്ളതു പറയുന്നത് തുടരുക പെണ്ണെ'; നിഖില വിമലിനെ പിന്തുണച്ച് ഐശ്വര്യ ലക്ഷ്മി
Mail This Article
സമൂഹമാധ്യമങ്ങളിൽ നടി നിഖില വിമലിനെതിരായി പോസ്റ്റുകളും ട്രോളുകളും സജീവമാകുന്നതിന് ഇടയിൽ താരത്തിന് പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മി എത്തിയത്. ‘മനസ്സിലുള്ളതു പറയുന്നത് തുടരുക പെണ്ണെ’ എന്ന വരികൾ കുറിച്ചാണ് ഐശ്വര്യ തന്റെ ഇഷ്ടവും പിന്തുണയും നിഖിലയെ അറിയിച്ചത്. അഭിമുഖങ്ങളിൽ കുറിക്കു കൊള്ളുന്ന മറുപടി നൽകുന്ന നിഖില വിമലിന്റെ ശൈലി വ്യാപക വിമർശനം ഏറ്റുവാങ്ങുന്ന സാഹചര്യത്തിലാണ് ഐശ്വര്യ ലക്ഷ്മിയുടെ പ്രതികരണം.
‘ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല എന്റേത്. ഞാൻ പറയുന്നത് എല്ലാവർക്കും ഇഷ്ടപ്പെടില്ല’ എന്ന നിഖില വിമലിന്റെ പ്രതികരണം പങ്കുവച്ചായിരുന്നു ഐശ്വര്യ ലക്ഷ്മി തന്റെ നിലപാട് വ്യക്തമാക്കിയത്. ‘മനസിൽ തോന്നുന്നത് തുറന്നു പറയുന്ന നിഖിലയെ ഞാൻ ഇഷ്ടപ്പെടുന്നു. അനുവദിക്കപ്പെട്ടിട്ടുള്ള സ്മാര്‍ട്ട്‌നെസിന്റെ ഉള്ളില്‍ നില്‍ക്കുന്ന സ്ത്രീകളെ മാത്രമേ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് തെളിയിച്ചു തന്ന സമൂഹത്തിനും മാധ്യമങ്ങൾക്കും നന്ദി. ഇനിയും മനസ്സിലുള്ളതു പറയുന്നത് തുടരുക പെണ്ണെ! നീ സ്മാർട്ട് ആണ്, നന്നായി രസിപ്പിക്കുന്നവളാണ്, പിന്നെ എല്ലാത്തിലും കഴിവിന്റെ പരമാവധി നീ ചെയ്യുന്നുണ്ട്. നിഖില വിമൽ ഇഷ്ടം’ ഐശ്വര്യ ലക്ഷ്മി കുറിച്ചു.
അഭിമുഖങ്ങളിൽ ‘ഉരുളയ്ക്ക് ഉപ്പേരി’ പോലുള്ള നിഖിലയുടെ മറുപടികളും നിലപാടുകളും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതുമൂലം ‘തഗ് റാണി’ എന്നൊരു വിളിപ്പേരും സൈബർ ലോകം നിഖിലയ്ക്ക് നൽകിയിട്ടുണ്ട്. അതിനിടെ നിഖിലയെ പരോക്ഷമായി വിമർശിക്കുന്ന നടി ഗൗതമി നായരുടെ ഒരു പോസ്റ്റും ചർച്ചയായി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ ചില അഭിനേതാക്കൾ പരിഹസിക്കുന്നതിനെ വിമർശിച്ചുകൊണ്ടായിരുന്നു ഗൗതമിയുടെ പോസ്റ്റ്. ആരുടെയും പേര് പരാമർശിച്ചായിരുന്നില്ല ഗൗതമിയുടെ പ്രതികരണം.
ഗൗതമിയുടെ വാക്കുകൾ: ‘മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ആർട്ടിസ്റ്റുകൾ പരിഹാസരൂപേണ പ്രതികരിക്കുന്ന നിരവധി അഭിമുഖങ്ങൾ ശ്രദ്ധയിൽ പെട്ടു. പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിൽ മാധ്യമങ്ങൾ അവരുടെ ജോലിയാണ് ചെയ്യുന്നത്. ഇത്രയും അഹന്തയോടെ പെരുമാറാൻ ഇവിടെ ആർക്കും ഓസ്കാർ ലഭിച്ചിട്ടൊന്നും ഇല്ല. ഇവിടെ മാധ്യമങ്ങൾ നിരപരാധികളാണെന്ന് ഞാൻ പറയുന്നില്ല. എന്നെക്കുറിച്ചും ഒന്നിലധികം ക്ലിക്ക് ബെയ്റ്റുകൾ ഉണ്ടായിട്ടുണ്ട്, അഭിമുഖങ്ങളിൽ ചോദിക്കുന്ന ചോദ്യങ്ങൾ ചിലപ്പോൾ അങ്ങേയറ്റം പ്രകോപനപരം ആയിരിക്കും, എങ്കിലും ഓരോരുത്തർക്കും അവർ ചോദിക്കാൻ തിരഞ്ഞെടുക്കുന്ന ചോദ്യങ്ങളും അവയോടുള്ള പ്രതികരണവും പരസ്പര ബഹുമാനത്തോടെയുള്ളതകാൻ ശ്രമിക്കാം. മറ്റുള്ളവരെ ബഹുമാനിക്കാനും താഴ്മയോടെ പെരുമാറാനും പഠിക്കൂ.’
ഈ പ്രതികരണം നിഖില വിമലിനെതിരെയാണെന്ന തരത്തിൽ ചർച്ചകൾ സജീവമായതോടെ ഗൗതമി പോസ്റ്റ് നീക്കം ചെയ്തു. റീച്ച് കിട്ടുന്നതിനായി ചില ഓൺലൈൻ മാധ്യമങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അതേ നാണയത്തിൽ നിഖില വിമൽ മറുപടി നൽകാറുണ്ട്. നിഖിലയുടെ ഇത്തരം മറുപടികൾക്ക് ആരാധകർ ഏറെയാണ്.