‘വാഴ’യിലെ പുതുമുഖങ്ങള്‍ക്കു നേരെ സംഘടിത ആക്രമണം: പ്രതികരിച്ച് നടന് ജിബിൻ ഗോപിനാഥ്
Mail This Article
നടൻ ജിബിൻ ഗോപിനാഥ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. സിനിമയിൽ നിലനിൽക്കാൻ ആഗ്രഹിക്കുന്നവനെ, പുതിയതായി കയറി വരുന്നവനെ മാനസികമായി തളർത്തുന്ന ചില ആളുകളിലുണ്ടെന്നാണ് ജിബിൻ പറയുന്നത്.‘വാഴ’ സിനിമയിൽ അഭിനയിച്ച പുതുമുഖ താരങ്ങൾക്കെതിെര സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഒടിടിയിൽ എത്തുമ്പോൾ സിനിമകൾ കീറിമുറിക്കപ്പെടുന്നത് പതിവാണ്, സ്വാഭാവികമാണ്. പക്ഷേ സിനിമയിൽ നിലനിൽക്കാൻ ആഗ്രഹിക്കുന്നവനെ, പുതിയതായി കയറി വരുന്നവനെ മാനസികമായി തളർത്താതെ കമന്റ് ചെയ്തുകൂടെ. പുതുമുഖം എന്ന പരിഗണനയെങ്കിലും കൊടുത്തുകൂടെ. സംഘടിതമായ ആക്രമണം നടക്കുന്നത് കണ്ടതുകൊണ്ട് എഴുതിപോകുന്നതാണ്. പ്ലീസ്...(ഞാനെന്ന വ്യക്തി ഇതൊക്കെ ഒത്തിരി അനുഭവിച്ചതാണ്. ഇപ്പോ ഇത്തരം പ്രോബ്ലെംസ് എന്നെ ബുദ്ധിമുട്ടിക്കാറുമില്ല. പക്ഷേ പുതുമുഖങ്ങളെ സംബന്ധിച്ച് ഈ നിമിഷം കടന്ന് കൂടുക എന്നത് വലിയൊരു പ്രശ്നം തന്നെയാണ്.)’’–ജിബിന്റെ വാക്കുകൾ.
ബോക്‌സ്ഓഫിസില്‍ തരംഗമായി മാറിയ ‘വാഴ’ സെപ്റ്റംബർ 23ന് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ചിരുന്നു. പുതുമുഖങ്ങളായഹാഷിർ, സാഫ് ബോയ്, ജോമോൻ ജ്യോതിർ, സിജു സണ്ണി, അലൻ, വിനായക്, അജിൻ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് മേനോൻ സംവിധാനം നിർവഹിച്ച ചിത്രമാണിത്.
'ജയ ജയ ജയ ജയഹേ', 'ഗുരുവായൂർ അമ്പലനടയിൽ' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റേതാണ് തിരക്കഥ. വെറും നാല് കോടി ചെലവഴിച്ച് നിര്‍മിച്ച ചിത്രമാണ് വാഴ. ചിത്രം വലിയ വിജയം നേടിയതോടെ രണ്ടാം ഭാഗവും അണിയറക്കാർ പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങൾക്കൊപ്പം ഇൻസ്റ്റഗ്രാം താരങ്ങളായ ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകും. നവാഗതനായ സവിൻ എസ്.എ. ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഖിൽ ലൈലാസുരനാകും ഛായാഗ്രഹണം.