ADVERTISEMENT

ഗുരുതര ആരോപണങ്ങളുന്നയിച്ച മകളുടെ വിഡിയോയ്ക്കു പിന്നാലെ പ്രതികരണവുമായി നടൻ ബാല. മകളോട് തർക്കിക്കാനില്ലെന്നും തോറ്റുകൊടുക്കുകയാണെന്നും ബാല സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച വിഡിയോയിലൂടെ പറഞ്ഞു. മൈഫാദർ എന്ന് പറഞ്ഞതിന് മകളോട് നന്ദി പറഞ്ഞാണ് വിഡിയോ ആരംഭിക്കുന്നത്. അനുഭവിച്ചതിൽ വച്ച് ഏറ്റവും വലിയ വേദനയാണിതെന്നാന്നും ബാല പറയുന്നു.

‘‘പാപ്പു സംസാരിച്ച വിഡിയോ ഞാൻ കണ്ടിരുന്നു. ആദ്യമായി ഒരു പോസിറ്റീവ് കാര്യം പറയാം. ‘മൈ ഫാദർ’ എന്ന് പറഞ്ഞു, അതിന് താങ്ക് യു. നിന്നോട് തർക്കിക്കാൻ അപ്പയില്ല. മകളോട് തർക്കിക്കുകയാണെങ്കിൽ ഒരു അപ്പൻ ആണേയല്ല. പിന്നെ പാപ്പു ചില കാര്യങ്ങൾ പറഞ്ഞു. എന്നെ വിട്ട് പാപ്പു രണ്ടര മൂന്ന് വയസ്സിലാണ് പോയത്. മൂന്ന് വയസ്സ് ആകുമ്പോൾ എന്നെ വിട്ട് നീ അകന്ന് പോയി എന്നൊക്കെ. ഗ്ലാസ് എടുത്ത് അടിച്ചു എന്നൊക്കെ പറയുന്നതും കേട്ടു.

ഞാനിത് തകർക്കിക്കാൻ അല്ല പറയുന്നത്. അഞ്ച് ദിവസം വീട്ടിലിരുന്നു, ഭക്ഷണം കൊടുത്തില്ല എന്നൊക്കെ പറയുന്നു. പാപ്പു, തർക്കിച്ചാൽ ജയിക്കാൻ പറ്റും, പക്ഷേ ഇന്ന് ഞാൻ തോറ്റ് കൊടുക്കുകയാണ്. നീ ജയിക്കണം. വാക്ക് വാക്കായിരിക്കും പാപ്പു. നിന്റെ വിഡിയോ മുഴുവൻ ഞാൻ കണ്ടു. നിന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഇനി നിന്നോടും നിന്റെ കുടുംബത്തോടും ബന്ധപ്പെടല്ലേ എന്ന് പറഞ്ഞു. ഞാനും നിന്റെ കുടുംബം ആണെന്നാണ് വിചാരിച്ചത്.

ഞാൻ അന്യനായി പോയി നിനക്ക്. പക്ഷേ ഒരു വാക്ക് മാത്രം ഞാൻ ഇന്ന് പറയാം. ഇനി തൊട്ട് ഞാൻ വരില്ല. ഞാൻ ഹോസ്‌പിറ്റലിൽ മരിക്കാൻ കിടന്നപ്പോൾ നീ വന്നത് കൊണ്ടാണ് ഞാൻ തിരിച്ചു വന്നതെന്ന് ഞാൻ കരുതിയിരുന്നു. പക്ഷേ നിർബന്ധത്തിന്റെ പേരിലാണ് നീ വന്നതെന്ന് പറഞ്ഞു. അത് അന്ന് തന്നെ എന്റെടുത്ത് മുഖത്ത് നോക്കി പറഞ്ഞിരുന്നെങ്കിൽ ഈ അച്ഛൻ ഇപ്പൊ നിന്റെയടുത്ത് സംസാരിക്കാൻ ഉണ്ടാവില്ലായിരുന്നു.

നീ കാരണമാണ് പപ്പ ഇന്ന് ഇവിടെ ഇരിക്കുന്നത്. എന്റെ മകൾക്ക് എല്ലാ ഐശ്വര്യവും ഉണ്ടാവും. നന്നായി പഠിക്കണം നീ. നന്നായി വളരണം. നിന്നോട് മത്സരിച്ചു ജയിക്കാൻ ഒരിക്കലും എനിക്ക് പറ്റില്ല. നീ എന്റെ ദൈവമാടാ കണ്ണാ.. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ.’’–ബാലയുടെ വാക്കുകൾ.

വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാന്‍ പോലും മുന്‍ ഭാര്യ ഗായിക അമൃത സുരേഷ് തയാറാകുന്നില്ലെന്നും തന്റെ മകളെ തന്നില്‍ നിന്നും അകറ്റുകയാണെന്നും പലപ്പോഴായി ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന തന്റെ അവകാശം അവഗണിക്കുകയാണെന്ന് ബാല ഈയിടെ അഭിമുഖത്തിലും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബാലയുടെയും അമൃതയുടെയും മകളായ അവന്തിക വിശദീകരണവുമായി എത്തുന്നത്.മദ്യപിച്ച് വിട്ടിലെത്തുന്ന അച്ഛൻ തന്നെയും അമ്മയെയും ഉപദ്രവിക്കാറുണ്ടെന്നും ഒരിക്കൽ ചില്ല് കുപ്പി തനിക്കുനേരെ എറിയാൻ ശ്രമിച്ചെന്നുമായിരുന്നു ബാലയുടെ മകൾ വിഡിയോയിൽ പറഞ്ഞത്. 

‘‘അച്ഛൻ അമ്മയെ നന്നായി ഉപദ്രവിച്ചിട്ടുണ്ട്. എന്നെയും അമ്മയെയും മാനസികമായി ഉപദ്രവിച്ചിട്ടുണ്ട്. ഞാൻ കുഞ്ഞായിരിക്കുമ്പോൾ മദ്യപിച്ച് വന്ന് ഒരു ചില്ല് കുപ്പി എൻറെ മുഖത്തേക്ക് എറിയാൻ ശ്രമിച്ചു.  അത് എന്റെ തലയിൽ തട്ടുമായിരുന്നു. അമ്മ കൈവെച്ച് തടഞ്ഞത് കൊണ്ടാണ് എനിക്കൊന്നും സംഭവിക്കാതിരുന്നത്.

എന്റെ അമ്മ എന്നെ വളരെ നന്നായി നോക്കുന്നുണ്ട്. ഒറ്റക്കാര്യത്തിന് പോലും തല്ലിയിട്ടില്ല. അച്ഛന്‍ അമ്മയെ ഭയങ്കരമായി ദ്രോഹിച്ചിട്ടുണ്ട്. അദ്ദേഹം പല അഭിമുഖത്തിലും പറയുന്നുണ്ട് എന്നെ ഇഷ്ടമാണ്, എന്നെ ഭയങ്കര മിസ് ചെയ്തു, എനിക്ക് ഗിഫ്‌റ്റൊക്കെ അയക്കാറുണ്ടെന്നൊക്കെ. ഇതൊന്നും ശരിയല്ല. എന്റെ അച്ഛനെ സ്‌നേഹിക്കാന്‍ എനിക്കൊരു കാരണം പോലുമില്ല. അത്രയും എന്നേയും എന്റെ കുടുംബത്തേയും മാനസികമായും ശാരീരികമായും ദ്രോഹിച്ചിട്ടുണ്ട്. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ അദ്ദേഹം കുടിച്ച് വന്നിട്ട് അമ്മയെ ഉപദ്രവിക്കുമായിരുന്നു. എനിക്ക് എന്ത് ചെയ്യാന്‍ പറ്റും ഞാന്‍ കുഞ്ഞല്ലേ.

ഒരു തവണ കോടതിയില്‍ നിന്ന് എന്നെ വലിച്ചിഴച്ച് ചെന്നൈയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഒരു മുറിയില്‍ പൂട്ടിയിട്ട് എനിക്ക് ഭക്ഷണം പോലും തന്നിട്ടില്ല. എന്റെ അമ്മയെ വിളിക്കാന്‍ പോലും സമ്മതിച്ചില്ല. ഇങ്ങനെയുള്ള ആളുകളെ വിശ്വസിക്കരുത്. അദ്ദേഹം പറയുന്നത് പച്ചക്കളളമാണ്.’’–ബാലയുടെ മകളുടെ വാക്കുകൾ.

ഒരു മ്യൂസിക് റിയാലിറ്റി ഷോയിലൂടെയാണ് ബാലയും അമൃത സുരേഷും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. 2010ലായിരുന്നു വിവാഹം. 2012ല്‍ അവന്തിക ജനിച്ചു. 2016 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞു താമസം ആരംഭിക്കുകയായിരുന്നു. 2019ൽ ഇവർ വിവാഹമോചിതരായി. അന്ന് ഏഴു വയസുള്ള ഏകമകളെ അമ്മയ്‌ക്കൊപ്പം വിടാനായിരുന്നു ഇവര്‍ തമ്മില്‍ ധാരണയായത്.

English Summary:

Bala responded on daughter Pappu' sallegations about his misbehaviour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com