'500ന്റെ നോട്ടിൽ തന്റെ തല'; പ്രതികരിച്ച് അനുപം ഖേർ
Mail This Article
500 രൂപയുടെ വ്യാജനോട്ടിൽ തന്റെ മുഖം കണ്ട് അമ്പരന്ന് അനുപം ഖേർ. അഹമ്മദാബാദിൽ നിന്നും കണ്ടുകെട്ടിയ ഒരു കോടി അറുപത് ലക്ഷം രൂപയുടെ കള്ളനോട്ടുകളിലാണ് മഹാത്മാ ഗാന്ധിക്കും പകരം നടൻ അനുപം ഖേറിന്റെ മുഖം അച്ചടിച്ചിരുന്നത്.
‘‘ഗാന്ധിക്ക് പകരം എന്റെ മുഖമോ? ഇങ്ങനെ എന്തും സംഭവിക്കാം’’–വാർത്തയുടെ വിഡിയോ പങ്കുവച്ച് നടൻ സമൂഹമാധ്യമത്തിൽ കുറിച്ചു
തമാശരൂപേണയും അല്ലാതെയും നിരവധി അഭിപ്രായങ്ങളാണ് പോസ്റ്റിനു കീഴെ വരുന്നത്. ''ഇനി എന്നാണ് ഗുജറാത്തിലേക്ക്?'', ''നിങ്ങൾക്ക് ശരിക്കും ഗാന്ധിയുടെ ഛായയുണ്ട്'' തുടങ്ങിയ കമന്റുകൾ നിറയുമ്പോഴും വിഷയത്തിന്റെ പ്രസക്തി തിരച്ചറിഞ്ഞും കമന്റുകൾ ഉണ്ട്.
ഷാഹിദ് കപൂറിന്‍റെ ‘ഫഴ്സി’ എന്ന വെബ് സീരീസില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വ്യാജ കറൻസി യൂണിറ്റ് പ്രവര്‍ത്തിച്ചതെന്ന് പൊലീസ് കമ്മീഷണര്‍ രാജ്ദീപ് നുകും പറഞ്ഞു. ഓൺലൈൻ വസ്ത്രവ്യാപാരം നടത്താനെന്ന വ്യാജേനയാണ് പ്രതികൾ ഒരു വാണിജ്യ കെട്ടിടത്തിൽ ഓഫീസ് വാടകയ്ക്ക് എടുത്തത് പ്രവർത്തിച്ചിരുന്നത്.
സൂറത്ത് സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. 1.20 ലക്ഷം രൂപ മൂല്യമുള്ള വ്യാജ കറൻസി ഇവരിൽ നിന്നു പിടിച്ചെടുത്തു. സംഭവസ്ഥലത്ത് വെച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും നാലാമത്തെ ആളെ പിന്നീട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.