ഇന്ത്യൻ 2 ബജറ്റ് 300 കോടി; നെറ്റ്ഫ്ലിക്സ് എടുത്തത് 200 കോടിക്ക്; ഇന്ത്യൻ 3 നേരിട്ട് ഒടിടിയിലേക്ക്?
Mail This Article
തിയറ്ററിൽ ദുരന്തമായി മാറിയ ഇന്ത്യൻ 2വിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് ഏകദേശം ഇരുന്നൂറ് കോടി രൂപയ്ക്കാണ്. ഇതിൽ മൂന്നാം ഭാഗത്തിന്റെ ഡിജിറ്റൽ റൈറ്റ്സും ഉൾപ്പെടും. എന്നാൽ ചിത്രം കനത്ത പരാജയമായതോടെ ഒടിടിയിലും ഇന്ത്യൻ 2 ശ്രദ്ധിക്കപ്പെട്ടില്ല. ഇതിന്റെ നഷ്ടം നികത്താൻ ഇന്ത്യൻ മൂന്നാം ഭാഗം നേരിട്ട് ഒടിടിയിലൂടെ റിലീസിനെത്തിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യൻ 2 അവസാനിക്കുന്ന സമയത്ത് ടെയ്ൽ എൻഡ് ആയി മൂന്നാം ഭാഗത്തിന്റെ ടീസർ കാണിക്കുന്നത്. സ്വാതന്ത്ര്യസമര പോരാളിയായ സേനാപതിയുടെ പ്രീക്വൽ ആണ് ഇന്ത്യൻ 3. സ്വാതന്ത്ര്യത്തിനും മുമ്പുള്ള കാലഘട്ടമാണ് സിനിമയിൽ പറയുന്നത്. വീരശേഖരൻ എന്ന കഥാപാത്രമായി കമൽഹാസൻ എത്തുമ്പോൾ അമൃതവല്ലിയായി കാജൽ അഗർവാൾ എത്തുന്നു. നേരത്തെ നടി സുകന്യയാണ് ഇന്ത്യൻ ആദ്യഭാഗത്തിൽ അമൃതവല്ലിയെ അവതരിപ്പിച്ചത്.നാല്‍പതുകാരനായി കമൽഹാസൻ ഇന്ത്യൻ മൂന്നാം ഭാഗത്തിൽ എത്തുന്നു.
ഇന്ത്യൻ 2 വിന് തിയറ്റർ റിലീസിന് പിന്നാലെ വ്യാപക വിമർശനങ്ങളായിരുന്നു ലഭിച്ചത്. സേനാപതിയെന്ന കഥാപാത്രമായി കമൽഹാസൻ വീണ്ടുമെത്തിയപ്പോൾ സിദ്ധാർത്ഥ്, എസ് ജെ സൂര്യ, രാകുൽ പ്രീത്, പ്രിയ ഭവാനി ശങ്കർ, ബോബി സിംഹ എന്നിവരായിരുന്നു മറ്റ് താരങ്ങൾ. കമലിന്റെ മേക്കപ്പും കഥയിലെ പുതുമയില്ലായ്മയുമാണ് വിനയായി മാറിയത്.
ഇന്ത്യൻ രണ്ടാം ഭാഗത്തേക്കാൾ മൂന്നാം ഭാഗത്തിനായാണ് താന്‍ കാത്തിരിക്കുന്നതെന്ന് കമൽഹാസൻ പറഞ്ഞിരുന്നു. ‘ഇന്ത്യൻ 3: വാർ മോഡ്’ എന്നാണ് മൂന്നാം ഭാഗത്തിന്റെ ടൈറ്റിൽ.