‘ഷൂട്ടിങ്ങിനിടെ ‘കീരിക്കാടനി’ൽ നിന്നും മോഹൻലാലിനു ശരിക്കും ഇടി കിട്ടി’
Mail This Article
സ്ക്രീനിൽ ആരെയും പേടിപ്പിക്കുന്ന കൊടും വില്ലനായിരുന്നെങ്കിലും ജീവിതത്തിൽ തികഞ്ഞ സാധുവായിരുന്നു മോഹൻരാജ്. ‘കീരിക്കാടൻ ജോസ്’ എന്ന കഥാപാത്രത്തിന്റെ പേരിലറിയപ്പെടുന്ന മോഹൻരാജ് സ്വന്തം പേരിൽ പലർക്കും പരിചിതനാകില്ല. സിനിമയിൽ നിലയുറപ്പിച്ചു നിർത്തിയ കഥാപാത്രത്തിന്റെ പേരു പിന്നീടു സ്വന്തം പേരു പോലെ അദ്ദേഹത്തിനൊപ്പം ചേർന്നുനിന്നു.
‘കിരീട’ത്തിലെ കീരിക്കാടനായി പുതിയതും വ്യത്യസ്തമായതുമായ ഒരാളെ ഞങ്ങൾക്കു വേണമായിരുന്നു. സിനിമയുടെ ഇടവേളയ്ക്കു ശേഷമാണു കീരിക്കാടൻ സ്ക്രീനിൽ വരുന്നത്. പലരെയും ഓഡിഷൻ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് അന്ന് എന്റെ അസോഷ്യേറ്റ് ആയിരുന്ന കലാധരൻ ഒരാളെക്കുറിച്ച് പറഞ്ഞത്. വെളുത്ത ജൂബ്ബ ധരിച്ച് എന്റെ മുറിയിലേക്കു വന്ന അതികായനായ മനുഷ്യനെ കണ്ടപ്പോൾത്തന്നെ ഞാൻ ഉറപ്പിച്ചു; ഇതു തന്നെ കീരിക്കാടൻ ജോസ്. തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന ലോഹിതദാസിനോട് ഓടിച്ചെന്നു ഞാൻ പറഞ്ഞത് ‘നമ്മുടെ കീരിക്കാടൻ വന്നിട്ടുണ്ട്’ എന്നായിരുന്നു. മോഹൻരാജ് എന്ന പേരു ഞാൻ മറന്നുപോയി.
അതിനു മുൻപ് ‘മൂന്നാംമുറ’ എന്ന സിനിമയിലെ പല വില്ലൻമാരിൽ ഒരാളായി മോഹൻരാജ് അഭിനയിച്ചിരുന്നു. ‘കിരീട’ത്തിൽ മോഹൻരാജ് ആദ്യം ചെയ്തതു സ്റ്റണ്ട് രംഗങ്ങളാണ്. അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അദ്ദേഹത്തിനു വഴക്കം വന്നിട്ടില്ലെന്ന് അതിനിടെ മനസ്സിലാക്കിയിരുന്നു. കാരണം, ഷൂട്ടിങ്ങിനിടെ മോഹൻലാലിനു ശരിക്കും ഇടി കിട്ടുന്നുണ്ട്. ക്യാമറയ്ക്കു പിന്നിൽ നിന്ന ഞാൻ ലാലിന്റെ ദേഹത്ത് ഇടി വീഴുന്ന ശബ്ദം കേൾക്കുന്നുമുണ്ട്. പിന്നീട് ലാൽ തന്നെ ആ സ്റ്റണ്ട് രംഗങ്ങൾ ഏറ്റെടുത്തു നന്നായി പൂർത്തിയാക്കി. രണ്ടാം ഭാഗം ‘ചെങ്കോലി’ലും മോഹൻരാജ് ഉണ്ടായിരുന്നു. ഒട്ടേറെ മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ മോഹൻരാജ് സജീവമായെങ്കിലും ഞങ്ങൾക്കു പിന്നീട് ഒന്നിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞില്ല. എന്നാലും, എവിടെ കണ്ടാലും സ്നേഹത്തോടെ സംസാരിക്കാറുണ്ട്. ആ ഓർമകൾക്കു പ്രണാമം.