സ്റ്റേജിൽ ആളു കൂടി, വേദി തകർന്നു; നടി പ്രിയങ്ക മോഹൻ ഉൾപ്പടെ താഴേക്ക്; വിഡിയോ
Mail This Article
തെന്നിന്ത്യൻ നടി പ്രിയങ്ക മോഹൻ പങ്കെടുത്ത ഉദ്ഘാടന പരിപാടിയുടെ വേദി തകർന്ന് അപകടം. തെലങ്കാനയിലെ തൊരൂരാണ് സംഭവം. ഒരു വസ്ത്രവ്യാപാരസ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. വേദിയിൽ പ്രിയങ്ക മോഹനും മറ്റ് അതിഥികളും നിൽക്കുമ്പോൾ പെട്ടെന്ന് സ്റ്റേജ് തകർന്നു വീഴുകയായിരുന്നു. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു.
അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടെന്ന് പ്രിയങ്ക മോഹൻ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. ആശങ്കപ്പെടുന്നതുപോലെ വലിയ പരിക്കുകളൊന്നും പറ്റിയില്ലെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും പ്രിയങ്ക പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെയും പ്രിയങ്ക കുറിച്ചു.
ഉദ്ഘാടനത്തിനിടെ വേദി തകർന്ന് വീഴുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നവർ അതിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ കൂടി ഉറപ്പുവരുത്തണമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായം. പരിപാടിക്ക് അനുമതി കൊടുക്കുന്നവർ സംഘാടകർ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നും ഉറപ്പു വരുത്തണമെന്ന് ആരാധകർ അഭിപ്രായപ്പെട്ടു.