സിനിമയുടെ കഥ മുഴുവൻ 5 മിനിറ്റുള്ള ട്രെയിലറിലുണ്ട്; ട്രോൾ ഏറ്റുവാങ്ങാൻ ‘സിങ്കം എഗെയ്ൻ’ ട്രെയിലർ എത്തി
Mail This Article
രോഹിത് ഷെട്ടി കോപ് യൂണിവേഴ്സിൽ നിന്നും എത്തുന്ന മൾടിസ്റ്റാർ ചിത്രം ‘സിങ്കം എഗെയ്ൻ’ ട്രെയിലർ എത്തി. അഞ്ച് മിനിറ്റാണ് ട്രെയിലറിന്റെ ദൈർഘ്യം. ഇന്ത്യൻ സിനിമയിൽ ഇതുവരെ ഇറങ്ങിയതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ സിനിമാ ട്രെയിലർ ഈ സിനിമയുടേതാണ്. ചിത്രത്തിന്റെ കഥ മുഴുവൻ ട്രെയിലറിൽ അതുപോലെ തന്നെ എടുത്തുവച്ചിട്ടുണ്ട്. രാമായണവുമായി ബന്ധപ്പെടുത്തിയാണ് രോഹിത് ഷെട്ടി ഇത്തവണ തന്റെ കഥ പറയുന്നത്.
ഇതുവരെ നാലു ചിത്രങ്ങളാണ് ഈ ഫ്രാഞ്ചെസിയിൽ എത്തിയിരിക്കുന്നത്. അജയ് ദേവ്ഗൺ, രൺവീർ സിങ്, അക്ഷയ് കുമാർ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രങ്ങളായിരുന്നു ഇവ. “സിങ്കം, സിങ്കം റിട്ടേൺസ്, സിംബ, സൂര്യവംശി. എന്നീ ചിത്രങ്ങളാണ് രോഹിത് ഷെട്ടിയുടെ സംവിധാനത്തിൽ ബോളിവുഡിനെ ഇളക്കി മറിച്ച കോപ് യൂണിവേഴ്സ് സിനിമകള്‍.
പുതിയ ചിത്രത്തിലും അജയ് ദേവ്ഗണ്ണിനൊപ്പം രൺവീറും അക്ഷയ് കുമാറും എത്തും. ഇവരെ കൂടാതെ ദീപിക പദുക്കോൺ, ടൈഗർ ഷ്രോഫ് എന്നിവരും ഈ സിനിമയിലെ പ്രധാന താരങ്ങളാണ്. അർജുൻ കപൂർ ആണ് വില്ലൻ വേഷത്തിൽ. ജാക്കി ഷ്രോഫ്, ദയാനന്ദ് ഷെട്ടി, കരീന കപൂർ, ശ്വേത തിവാരി, രവി കിഷൻ എന്നിവരും അഭിനയിക്കുന്നു. ദംബങ് സിനിമയിലെ ഛുൽബുൽ പാണ്ഡെയായി സൽമാൻ ഖാൻ അതിഥിവേഷത്തിൽ എത്തിയേക്കും എന്നു റിപ്പോർട്ടുണ്ട്.
2011ലാണ് സൂര്യയുടെ സൂപ്പർഹിറ്റ് ചിത്രമായ സിങ്കം സിനിമ രോഹിത് ഷെട്ടി റീമേക്ക് ചെയ്യുന്നത്. 40 കോടി മുതല്‍മുടക്കിലെടുത്ത ചിത്രം 150 കോടിയാണ് ബോക്സ്ഓഫിസിൽ നിന്നും വാരിയത്. 2014ൽ സിങ്കം റിട്ടേൺസ് റിലീസ് ചെയ്തു. പിന്നീട് 2018ൽ ഇതേ യൂണിവേഴ്സിലെ സിംബ എന്ന ചിത്രം. രൺവീർ സിങ് ആയിരുന്നു നായകൻ. 2021 ൽ അക്ഷയ് കുമാറും ഈ യൂണിവേഴ്സിൽ ചേർന്നു.
350 കോടിയാണ് ‘സിങ്കം എഗെയ്ൻ’ സിനിമയുടെ ബജറ്റ്. ചിത്രം നവംബർ ഒന്നിന് തിയറ്ററുകളിലെത്തും.