ADVERTISEMENT

കുപ്രസിദ്ധ ഗുണ്ടാ നേതാവായ ഓം പ്രകാശിനെ ഹോട്ടലിലെത്തി സന്ദർശിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി നടി പ്രയാഗ മാർട്ടിൻ. ഓം പ്രകാശ് എന്ന വ്യക്തിയെ നേരിട്ടോ അല്ലാതെയോ തനിക്ക് പരിചയമില്ലെന്നും ഹോട്ടലിൽ പോയെങ്കിലും ഓം പ്രകാശിനെ കണ്ടിട്ടില്ല എന്നും പ്രയാഗ പറഞ്ഞു. സുഹൃത്തുക്കളോടൊപ്പം അവരുടെ സുഹൃത്തുക്കളെ സന്ദർശിക്കാനാണ് ഹോട്ടലിൽ പോയത്, ആ സുഹൃത്തുക്കളുടെ പേരോ പശ്ചാത്തലമോ അന്വേഷിക്കേണ്ട കാര്യം തനിക്കില്ല. അവിടെ വച്ച് ഓം പ്രകാശിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഒരു ഉദ്ഘാടന ചടങ്ങ് ഉളളതിനാൽ ഏഴു മണിക്ക് തന്നെ അവിടെനിന്ന് മടങ്ങി, പ്രയാഗ പറയുന്നു.  തന്റെ ജീവിതം തനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാനുള്ളതാണ്.  അതിനെപ്പറ്റി മറ്റുള്ളവർ പറയുന്ന അഭിപ്രായങ്ങൾ ചെവിക്കൊള്ളാറില്ല. എന്നാൽ, തന്നെപ്പറ്റി വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിക്കുന്നത് കേട്ട് മിണ്ടാതിരിക്കാൻ കഴിയില്ലെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ ഒരു അടിസ്ഥാനവുമില്ലെന്നും പ്രയാഗ മാർട്ടിൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.

പ്രയാഗയുടെ വാക്കുകൾ: ‘‘ഞാൻ ഇന്ന് (തിങ്കളാഴ്ച) കോഴിക്കോട് നിന്ന് നാലരയ്ക്ക് എത്തി ഒരു ഉറക്കം കഴിഞ്ഞ് എണീറ്റ് ഒരു കോൾ എടുത്ത ഓർമ്മയേ ഉള്ളൂ. അപ്പോഴാണ് എന്റെ അടുത്ത് ഈ ഓം പ്രകാശ് എന്ന ആളെ പറ്റി ഇങ്ങനെ കേൾക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞ് മീഡിയ വിളിച്ചത്. ഇത് എനിക്ക് എന്താണെന്ന് അറിയില്ല, എനിക്ക് പുള്ളിക്കാരനെയും അറിയില്ല. സോഷ്യൽ മീഡിയ സോഷ്യൽ മീഡിയയുടെതായിട്ടുള്ള കഥകൾ മെനഞ്ഞ് ഉണ്ടാക്കിയെടുക്കും. അത് ഞാൻ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല. ഓം പ്രകാശ് എന്ന ആളിനെ എനിക്ക് അറിയില്ല. ആ പേര് ഞാൻ കേൾക്കുന്നത്  ഒരാൾ എന്നെ വിളിച്ചു ചോദിച്ചപ്പോഴാണ്. എന്റെ സുഹൃത്തുക്കളുമായിട്ട് അവരുടെ സുഹൃത്തുക്കളെ കാണാൻ ആണ് ഞാൻ ക്രൗൺ പ്ലാസയിൽ പോയത്. 

രാവിലെ നാലര–അഞ്ച് ആയി അവിടെ എത്തിയപ്പോൾ. എനിക്ക് അന്ന് രാവിലെ എട്ടരയ്ക്കുള്ള വന്ദേഭാരതിന് കോഴിക്കോട് പോകണം. അതു കാരണം, ഞാൻ ആ സ്യൂട്ട് റൂമിൽ തന്നെ അൽപം വിശ്രമിച്ചോട്ടെ എന്നു ചോദിച്ചു. അവിടെ നാലഞ്ചു വയസ്സുള്ള ഒരു കുഞ്ഞുണ്ടായിരുന്നു. ആ കുഞ്ഞിനൊപ്പമാണ് ഞാൻ കുറച്ചു നേരം കിടന്നത്. ഏകദേശം രണ്ടു മണിക്കൂർ കിടന്നു. എന്റെ സമയം മോശമാണ് എന്നതിന് വലിയ ഉദാഹരണമാണ് ഇത്. ഈ ഓം പ്രകാശിനെ സത്യം പറഞ്ഞാൽ ഞാൻ കണ്ടിട്ടില്ല. എനിക്ക് കോഴിക്കോട് ഒരു ഉദ്ഘാടന ചടങ്ങുണ്ടായിരുന്നു. വന്ദേഭാരത് എട്ടരയ്ക്കാണ്. ഞാൻ അവിടെ നിന്ന് 7 മണിയായപ്പോൾ പോയി. വന്ദേഭാരതിൽ കോഴിക്കോട് എത്തി. പിന്നെ അവിടെ നിന്ന് തിരിച്ചു വന്നത് ഇന്നാണ്. ഒരു ഉറക്കം കഴിഞ്ഞു എഴുന്നേറ്റപ്പോഴാണ്  ഈ വക കാര്യങ്ങളും ന്യൂസും ഫോൺ കോൾസും എല്ലാം ആയിട്ട്  ബഹളം ആയിട്ട് ഇരിക്കുന്നത് അറിഞ്ഞത്.  

എന്താണ് സംഭവിച്ചതെന്ന് കണ്ടുപിടിക്കേണ്ടത് പൊലീസിന്റെ പണി ആണ്. എന്നെ പറ്റി എന്തെങ്കിലും തെറ്റായ ആരോപണങ്ങൾ ആരെങ്കിലും പറഞ്ഞു നടക്കുന്നുണ്ടെന്നുണ്ടെങ്കിൽ അത് തെറ്റാണ് എന്ന് പറയുക എന്റെ ഉത്തരവാദിത്തമാണ്. പൊലീസ് എന്നെ  ചോദ്യം ചെയ്യാനോ ഒന്നും വിളിച്ചിട്ടില്ല.  ഇതൊക്കെ തെറ്റായ വാർത്തകളാണ്. അത്തരം തെറ്റായ വാർത്തകൾ പ്രചരിക്കുമ്പോൾ  അത് തെറ്റാണ് എന്ന് പറയേണ്ട കടമ എനിക്കുണ്ട്.  

prayaga-martin-23

ഞാൻ കുറച്ചു നാളായി ഒരു ബ്രെയ്ക്ക്‌  എടുത്തിരിക്കുകയായിരുന്നു. ഇനി ജോലിയിലേക്ക് തിരിച്ചു വരാം എന്ന് തീരുമാനിച്ചു. അതിനു മുന്നോടി ആയിട്ടാണ് എന്റെ ആരോഗ്യവും ശരീരവും ഒന്ന് ശ്രദ്ധിക്കാം എന്ന് തീരുമാനിച്ചത്. കുറച്ചു നാളായി വെജിറ്റേറിയൻ ഡയറ്റും യോഗയും ചെയ്ത് വണ്ണമൊക്കെ കുറച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ ഈ പറയുന്ന ലഹരി പദാർത്ഥങ്ങൾ ഒന്നും ഉപയോഗിക്കാറില്ല. എന്നെപ്പറ്റി ഒരു ആരോപണം ഇങ്ങനെ സോഷ്യൽ മീഡിയ വഴി പ്രചരിക്കുമ്പോൾ ഞാൻ അത് കേട്ട് മിണ്ടാതെ നിൽക്കേണ്ട കാര്യമില്ല. പൊലീസ് ഇതുവരെ എന്നെ വിളിച്ചിട്ടില്ല, വിളിച്ചാൽ വിളിക്കട്ടെ, ഞാൻ പോകും. ഇത് തന്നെയാണ് എനിക്ക് പൊലീസിനോടും പറയാനുള്ളത്. അവർ അവരുടെ ജോലി ചെയ്യട്ടെ.  

ഞാൻ എന്റെ സുഹൃത്തുക്കളോടൊപ്പമാണ് അവിടെ  പോയത്. അവർ കാണാൻ പോയ സുഹൃത്തുക്കൾ എവിടെ നിന്ന് വരുന്നു, അവരുടെ പശ്ചാത്തലം, നാട് ഒന്നും ചോദിക്കേണ്ട കാര്യമെനിക്കില്ല.  ഞാൻ യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന, ഒരുപാട് സുഹൃത്തുക്കൾ ഉള്ള ഒരാളാണ്.  ഈ സ്ഥലത്ത് പോയപ്പോൾ അവിടെ ഇങ്ങനെ ഓംപ്രകാശ് ഉണ്ടായിരുന്നല്ലോ എന്നാണ് കഥ.  പക്ഷേ, എനിക്ക് ഇയാളെ അറിയില്ല. ഞാൻ ഇയാളുടെ അടുത്ത് ഹലോ പോലും പറഞ്ഞിട്ടില്ല. കണ്ടിട്ട് പോലുമില്ല.  

prayaga-fashion3

സത്യത്തിൽ ഈ ഓം പ്രകാശിനെ ഞാൻ ഗൂഗിൾ ചെയ്താണ് കണ്ടത്. ഒരു മീഡിയ എന്നെ വിളിച്ചപ്പോൾ  ഓം പ്രകാശോ, അത് ആരാണ്, നിങ്ങൾ എന്താണ് പറയുന്നത് എന്നാണ് ചോദിച്ചത്. പിന്നെ എനിക്ക് ഫോൺ താഴെ വയ്ക്കാൻ സമയം കിട്ടിയിട്ടില്ല. ഞാൻ ആകെ അന്തം വിട്ടു. ആരാണ് ഈ ഓംപ്രകാശ് എന്നാണ് ഞാൻ ചിന്തിച്ചത്. പിന്നെ ഞാൻ വാർത്തകൾ ഒക്കെ നോക്കി. ഇയാൾ ആരാണ്, എന്റെ പേര് വരാൻ കാരണം എന്താണ് എന്നൊക്കെ തിരഞ്ഞു നോക്കി. അങ്ങനെയാണ് അയാളെപ്പറ്റി അറിഞ്ഞത്. ഞാൻ വളരെ  സ്ട്രൈറ്റ് ഫോർവേർഡ് ആയിട്ട് സംസാരിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് എനിക്ക് എന്നെപ്പറ്റി ഒരു ആരോപണം വന്നപ്പോൾ നേരിട്ട് തന്നെ പ്രതികരിക്കണം എന്ന് തോന്നി. അതാണ് ഇപ്പോൾ പ്രതികരിക്കാൻ തയാറായത്,’’–പ്രയാഗ പറഞ്ഞു.

English Summary:

I Don't Know Him": Prayaga Martin Breaks Silence on Hotel Visit Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com