സിനിമ ഉപേക്ഷിച്ച് ഹരിദ്വാറിൽ തീർത്ഥാടനത്തിന്; പക്ഷേ ആ വീഴ്ച ടി.പി. മാധവന്റെ ജീവിതം മാറ്റി മറിച്ചു
Mail This Article
എട്ട് വർഷം മുമ്പാണ് ടി.പി. മാധവൻ സിനിമാ ലോകം വിട്ട് തീർഥാടനത്തിനായി ഹരിദ്വാറിലേക്കു യാത്ര തിരിക്കുന്നത്. പക്ഷേ അവിടെ വച്ച് ഉണ്ടായ വീഴ്ചയെ തുടർന്ന് ആരോഗ്യം മോശമായി. മരണം വരെ പ്രാർഥനയും മറ്റുമായി ഹരിദ്വാറിൽ കഴിയാമെന്ന ആഗ്രഹത്തിന് അതോടെ വിരാമമായി. എന്തുകൊണ്ടാണ് ഹരിദ്വാറിൽ പോകാൻ തീരുമാനിച്ചതെന്ന് സഫാരി ചാനലിനു നല്‍കിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.
സഫാരി ചാനലിനു നൽകിയ അഭിമുഖത്തിൽ ടി.പി. മാധവൻ പറഞ്ഞത്: ‘‘അറുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. ഇനി ആരുമറിയാതെ എവിടെയെങ്കിലും പോയി സ്വച്ഛമായി ഇരിക്കാം എന്നുള്ള ഉദ്ദേശമായിരുന്നു എന്റേത്. ഞാനൊരു ഈശ്വര വിശ്വാസി കൂടി ആയതുകൊണ്ട് ഹരിദ്വാറിലേക്ക് പോയി. അവിടെയൊരു അയ്യപ്പക്ഷേത്രം ഉള്ളത് എനിക്ക് അറിയാം. അവിടെ മുൻപ് ഞാൻ താമസിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ ആളുകൾ അങ്ങനെ രാഷ്ട്രീയം സംസാരിക്കലില്ല. രാഷ്ട്രീയം തന്നെ എന്താണെന്ന് അറിയില്ല. കൊടികളില്ല. പത്രങ്ങളില്ല. അഭയസ്തവിദ്യരായ ആളുകൾ കുറവാണ്. അയ്യപ്പക്ഷേത്രത്തിൽ താമസിക്കാൻ അഞ്ചാറു മുറികളുണ്ട്. അവിടുത്തെ ട്രസ്റ്റിയെ ഞാൻ അറിയും. അങ്ങനെ അവിടെ പോയി താമസിക്കാമെന്നാണ് ഞാൻ കരുതിയത്. ‘അമ്മ’യുടെ പെൻഷനും കിട്ടും. അതു വച്ച് ജീവിക്കാം എന്നു കരുതിയാണ് പോയത്.
പക്ഷേ, അവിടെ ചെന്നപ്പോൾ ഞാൻ സ്റ്റൂളിൽ നിന്ന് താഴെ വീണതും കഷ്ടകാലത്തിന് അവിടെയുണ്ടായിരുന്ന ഒരു മലയാളി ചായക്കടക്കാരൻ ഒരു സ്വകാര്യ ടെലിവിഷൻ ചാനലിനെ വിളിച്ച് അറിയിക്കുകയും ഞാനെന്തോ വയ്യാതെ കിടക്കുകയാണെന്ന മട്ടിൽ വാർത്ത പ്രചരിക്കുകയും ചെയ്തു. അടുത്ത ദിവസം ഞാൻ നോക്കുമ്പോൾ എന്റെ അനിയത്തിമാരും മറ്റും ടിക്കറ്റ് ഒക്കെ എടുത്ത് അവിടെ വന്നിരിക്കുകയാണ്. എന്നെ തിരിച്ചു കൊണ്ടുപോകാൻ! ഞാൻ പിന്നെ അവിടേക്ക് തന്നെ തിരിച്ചു പോകാമെന്നു കരുതി ഇരിക്കുമ്പോഴാണ് എന്റെ സുഹൃത്തും സംവിധായകനുമായ നൂറനാട് പ്രസാദ് പത്തനാപുരത്തെ ഗാന്ധിഭവനെക്കുറിച്ചു പറയുന്നത്. ചേട്ടന് ആശ്രമവാസം പോലെ കഴിയാവുന്ന ഇടത്ത് കൊണ്ടാക്കാം എന്നു പറഞ്ഞാണ് അവിടേക്ക് പോകുന്നത്.
സത്യമാണ്. അത് ഒരു ആശ്രമം തന്നെയാണ്. ഹരിദ്വാറിലേക്ക് തിരികെ പോകാതിരുന്നത് നന്നായി. ഏഷ്യയിലെ ഏറ്റവും ശുചിത്വമുള്ള ആതുരാലയമായി ഏഷ്യൻ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ സ്ഥാപനമാണ് അത്. അവിടെയാണ് ഞാൻ താമസിക്കുന്നത്. പത്തനാപുരത്ത് ആയതുകൊണ്ട് ഒരുപാട് സിനിമാക്കാരും രാഷ്ട്രീയക്കാരും അവിടെ വരുന്നുണ്ട്. അവിടെ എന്നും ഞങ്ങളുടെ ഒരു സർവമത പ്രാർഥനയുണ്ട്. ഒരുപാട് വിഐപികൾ അവിടെ വന്ന് പ്രസംഗിക്കാറുണ്ട്. അതുകൊണ്ട് എനിക്ക് ഒരു മുഷിച്ചലുമില്ല. ഇവരെയൊക്കെ കാണുമ്പോൾ കൂടുതൽ ഊർജം കിട്ടുകയാണ്. രോഗം വന്നവരോട് ദയ കാണിക്കുകയും അല്ലാത്തവരോട് ആദരവ് കാണിക്കുകയും ചെയ്തതുകൊണ്ട് മുന്നോട്ടു പോവുകയാണ്. ഇതെല്ലാം ചെയ്യുന്നതിൽ ഞാനേറെ സന്തോഷവാനാണ്.’’