‘നിങ്ങൾ മാറി നിൽക്കൂ, ഇതൊരു പൂജയാണ്, ബഹുമാനം വേണം’; രോഷാകുലയായി കജോൾ, വിഡിയോ
Mail This Article
ദുര്‍ഗ പൂജയ്ക്കിടെ രോഷാകുലയായി നടി കജോൾ. മുംബൈയില്‍ നടന്ന ദുര്‍ഗ പൂജ ചടങ്ങുകള്‍ക്കിടെയാണ് നിയന്ത്രണം വിട്ട് നടി പൊട്ടിത്തെറിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പൂജ പന്തലിൽ ചിലർ ചെരുപ്പ് ധരിച്ചെത്തിയതാണ് കജോളിനെ അസ്വസ്തയാക്കിയത്. അവരെ നോക്കി അനിഷ്ടത്തോടെ പ്രതികരിച്ച കജോൾ, അവരോട് മാറി നിൽക്കാൻ മൈക്കിലൂടെ ആവശ്യപ്പെടുകയും ചെയ്തു.
ചെരുപ്പിട്ട് പന്തലില്‍ കയറിയ പലരും വിഗ്രഹങ്ങള്‍ക്കരികിലേക്ക് എത്തിയതാണ് കജോളിനെ പ്രകോപിതയാക്കിയത്. ‘ദയവായി ചെരുപ്പ് ധരിക്കരുത്. ചെരിപ്പ് ധരിച്ചവരെല്ലാം മാറിനില്‍ക്കൂ. ഇത് ഒരു പൂജയാണ്. എല്ലാവരും ബഹുമാനം കാണിക്കൂ’ എന്ന് നടി മൈക്കിലൂടെ വിളിച്ചു പറഞ്ഞു.
അതിനിടെ, ദുര്‍ഗ പൂജ പന്തലില്‍ വിടാതെ പിന്തുടർന്ന പാപ്പരാസികളോടും കജോള്‍ കോപത്തോടെ പ്രതികരിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൂജയ്‌ക്കെത്തുന്ന അതിഥികളെ പിന്തുടര്‍ന്ന് നിര്‍ത്താതെ ചിത്രങ്ങൾ പകർത്തിയതിനും അവരുടെ വഴി തടസ്സപ്പെടുത്തിയതിനുമാണ് നടി പ്രതികരിച്ചത്.
മുംബൈ സാന്റാക്രൂസില്‍ എല്ലാ വര്‍ഷവും കജോളും കുടുംബവും ദുര്‍ഗ പൂജ ചടങ്ങുകള്‍ സംഘടിപ്പിക്കാറുണ്ട്. ബോളിവുഡിലെ പ്രമുഖ താരങ്ങളടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുക്കാനെത്തുന്നതും പതിവാണ്. ജയ ബച്ചന്‍, റാണി മുഖര്‍ജി, സുസ്മിത സെന്‍ തുടങ്ങിയ നിരവധി പേർ ഇത്തവണത്തെ പൂജയിൽ പങ്കെടുത്തു.