ചില ചിത്രങ്ങൾ മാറിപ്പോയി, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി; സിനിമകൾ കുറയുന്നതിനെക്കുറിച്ച് ദുൽഖർ സൽമാൻ
Mail This Article
ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം പുതിയ സിനിമയുമായി എത്തുകയാണ് യുവതാരം ദുൽഖർ സൽമാൻ. തെലുങ്ക് ചിത്രം ‘ലക്കി ഭാസ്‌കര്‍’ ആണ് താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രം. കഴിഞ്ഞ വര്‍ഷം ഓണം റിലീസായെത്തിയ കിങ് ഓഫ് കൊത്തക്ക് ശേഷം ദുല്‍ഖറിന്‍റേതായി പുറത്തിറങ്ങുന്ന ചിത്രമാണിത്.
ഇത്രയും നീണ്ട ഇടവേളയുണ്ടാകാനുള്ള കാരണത്തെക്കുറിച്ച് താരം ഒരു അഭിമുഖത്തിനിടെ മനസ്സുതുറന്നു. ചെറിയൊരു ഇടവേള വേണ്ടിവന്നു. അത് ആരുടെയും തെറ്റല്ല, ചില സിനിമകള്‍ മാറിപ്പോയി. മാത്രമല്ല ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നു എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. 'കഴിഞ്ഞ വര്‍ഷം ആകെ ഒരു സിനിമ മാത്രമാണ് ചെയ്യാനായത്. ഒരുപക്ഷേ അതെന്‍റെ തെറ്റാവാം, ഞാനെന്‍റെ ആരോഗ്യം ശ്രദ്ധിച്ചില്ല' എന്നും താരം കൂട്ടിച്ചേര്‍ത്തു.
ദുല്‍ഖര്‍ സിനിമയില്‍ എത്തിയിട്ട് പതിമൂന്നു വര്‍ഷമായി, ഇതിനകം 43 ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അഭിമുഖത്തില്‍ പരാമര്‍ശമുണ്ടായി. ഇതിനുപിന്നാലെയാണ് ഇടവേളയെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമെല്ലാം ദുല്‍ഖര്‍ പറഞ്ഞത്. അഭിമുഖത്തിനിടെ മമ്മൂട്ടിയെക്കുറിച്ചും താരം പറഞ്ഞുപോകുന്നുണ്ട്. 42–43 സിനിമകള്‍ താന്‍ ചെയ്തുവെന്ന് ദുല്‍ഖര്‍ പറയുമ്പോള്‍, നിങ്ങളുടെ അച്ഛന്‍ 400 സിനിമ പിന്നിട്ടുകഴിഞ്ഞു, താങ്കള്‍ക്ക് ഇനിയും ഒരുപാട് ദൂരം മുന്നോട്ടുപോകാനുണ്ടെന്ന് അവതാരക പ്രതികരിക്കുന്നു.
പിന്നാലെ ഇപ്പോഴും അദ്ദേഹത്തിന് സിനിമയോടും ഓരോ കഥാപാത്രങ്ങളോടുമുള്ള അഭിനിവേശത്തെക്കുറിച്ച് ദുല്‍ഖര്‍ സൂചിപ്പിക്കുന്നുണ്ട്. പെട്ടെന്നായിരിക്കും ‘ഹാ... എനിക്ക് കിട്ടി’ എന്ന് അദ്ദേഹം പറയുന്നത്, എന്താണെന്ന് ചോദിക്കുമ്പോള്‍ 'ഇപ്പോഴാണ് എനിക്ക് ആ കഥാപാത്രത്തെക്കുറിച്ച് വ്യക്തമായത്' എന്നായിരിക്കും മറുപടി എന്നാണ് മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖര്‍ പറയുന്നത്.
ലക്കി ഭാസ്‌കറിന്‍റെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു ഈ വെളിപ്പെടുത്തല്‍. സിനിമയില്‍ ദുല്‍ഖറിന്‍റെ നായികയായെത്തുന്ന മീനാക്ഷി ചൗധരിയും അഭിമുഖത്തിന്‍റെ ഭാഗമായിരുന്നു. പറയുന്ന കാര്യങ്ങള്‍ ക്ഷമയോടെ കേള്‍ക്കുന്നയാളാണ് ദുല്‍ഖര്‍ എന്ന് മീനാക്ഷി പറഞ്ഞു. ദുല്‍ഖറിന്‍റെ ഭാര്യ ഭാഗ്യം ചെയ്തയാളാണ് എന്നാണ് ഇതിന് അവതാരക പറയുന്നത്. ദുല്‍ഖറും ഇതുകേട്ട് ചിരിക്കുന്നുണ്ട്.
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ലക്കി ഭാസ്‌കര്‍ പ്രദര്‍ശനത്തിനെത്തുക. വെങ്കി അട്ടലൂരി രചിച്ച് സംവിധാനം ചെയ്ത സിനിമ നിര്‍മിച്ചിരിക്കുന്നത് സിതാര എന്റര്‍റ്റെയ്ന്‍മെന്‍റ്സാണ്. ഒക്ട്ബർ 31നാണ് ചിത്രത്തിന്‍റെ റിലീസ്.