ADVERTISEMENT

ആലിയ ഭട്ടിന്റെ ഏറ്റവും പുതിയ ചിത്രം ‘ജിഗ്ര’യുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ബോളിവുഡിലെ പുതിയ ചർച്ച. ‘ജിഗ്ര’ തന്റെ ‘സാവി ‘എന്ന ചിത്രം കോപ്പിയടിച്ചതാണെന്നും ആലിയ ഭട്ട് സിനിമയുടെ ബോക്സ്ഓഫിസ് കണക്കുകളില്‍ കൃത്രിമം കാണിച്ചതായുമുള്ള നടിയും സംവിധായികയുമായ ദിവ്യ ഖോസ്ല കുമാറിന്റെ ആരോപണം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. പിന്നാലെ ദിവ്യയുടെ ആരോപണത്തിനെതിരെ നിർമാതാവായ കരണ്‍ ജോഹര്‍ നല്‍കിയ മറുപടിയും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

‘മൗനമാണ് വിഡ്ഢികള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല മറുപടി’ എന്നായിരുന്നു കരൺ ജോഹറിന്റെ പ്രതികരണം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ദിവ്യയുടെ പേര് പറയാതെയായിരുന്നു കരൺ പ്രതികരിച്ചത്. പിന്നാലെ സംവിധായകന് പരോക്ഷ മറുപടിയുമായി ദിവ്യയും രംഗത്തെത്തി. ‘മറ്റുള്ളവർക്കുള്ളത് മോഷ്ടിക്കാൻ നിങ്ങൾ ലജ്ജയില്ലാതെ ശീലിക്കുമ്പോൾ, നിങ്ങൾ എല്ലായ്പ്പോഴും നിശബ്ദതയിൽ അഭയം തേടും. നിങ്ങൾക്ക് ശബ്ദവും നട്ടെല്ലും ഉണ്ടാകില്ല,’ എന്നായിരുന്നു ദിവ്യയുടെ പ്രതികരണം.

karan-alia2

കഴിഞ്ഞ ദിവസമായിരുന്നു നടി ആലിയ ഭട്ട്, ജിഗ്രയുടെ ബോക്‌സ്ഓഫിസ് കണക്കുകളില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് ദിവ്യ രംഗത്ത് വരുന്നത്. വ്യാജ കലക്‌ഷന്‍ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നതിനായി ആലിയ ചിത്രത്തിന്റെ ടിക്കറ്റുകള്‍ മുഴുവൻ വാങ്ങിയെന്നായിരുന്നു ദിവ്യയുടെ ആരോപണം. തിയറ്ററില്‍ ഒഴിഞ്ഞുകിടക്കുന്ന കസേരകളുടെ ചിത്രവും നടി പങ്കുവച്ചു.

താൻ അഭിനയിച്ച ‘സാവി’യിൽ നിന്ന് കോപ്പി അടിച്ചതാണ് ‘ജിഗ്ര’ എന്നായിരുന്നു ദിവ്യ നേരത്തെ ആരോപിച്ചിരുന്നത്. സത്യവാന്റെയും സാവിത്രിയുടെയും കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുങ്ങിയ സാവി ഇംഗ്ലണ്ടിലെ ജയിലിൽ നിന്ന് ഭർത്താവിനെ മോചിപ്പിക്കാൻ ശ്രമിക്കുന്ന ഒരു വീട്ടമ്മയുടെ കഥയാണ് പറഞ്ഞത്. ഇക്കഴിഞ്ഞ മേയിലാണ് ദിവ്യ ഖോസ്ലെ അഭിനയിച്ച ‘സാവി’ റിലീസ് ചെയ്തത്.

അതേസമയം വിദേശത്ത് ജയിലിൽ കുടങ്ങിക്കിടക്കുന്ന സ്വന്തം സഹോദരനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന സഹോദരിയുടെ കഥയാണ് ആലിയ ഭട്ട് നായികയായ ‘ജിഗ്ര’ പറയുന്നത്. ധര്‍മ പ്രൊഡക്ഷന്‍സിന്റെയും ഏറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ കരണ്‍ ജോഹര്‍, അപൂര്‍വ മെഹ്ത, ആലിയ ഭട്ട്, ഷഹീന്‍ ഭട്ട്, സൗമന്‍ മിശ്ര എന്നിവര്‍ ചേർന്നാണ് നിര്‍മാണം.

അതേസമയം മോശം പ്രതികരണമാണ് സിനിമയ്ക്ക് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. 80 കോടി മുതൽമുടക്കിൽ നിർമിച്ച ചിത്രത്തിന് ഇതുവരെ നേടാനായത് 25 കോടിയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആലിയ ഭട്ട് സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും മോശം കലക്‌ഷൻ കൂടിയാണിത്.

English Summary:

Karan Johar Shares Cryptic Post After Divya Khossla Called Jigra Box Office ‘Fake’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com