ADVERTISEMENT

ബാലയ്ക്കെതിരെ പൊലീസിനു നൽകിയ പരാതിയിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വെളിപ്പെടുത്തി ‘ചെകുത്താൻ’ എന്നറിയപ്പെടുന്ന യൂട്യുബർ അജു അലക്സ്. വീട്ടിൽ തോക്കുമായി വന്ന് വധ ഭീഷണി മുഴക്കിയെന്ന പരാതിയിലാണ് നാളിതുവരെയായിട്ടും പൊലീസ് നടപടി എടുക്കാത്തതെന്ന് അജു പറയുന്നു. മുൻഭാര്യയുടെയും മകളുടെയും പരാതിയിൽ പൊലീസ് ബാലയെ അറസ്റ്റ് ചെയ്തുവെന്നറിഞ്ഞ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു അജു.

‘‘ബാലയെ അറസ്റ്റ് ചെയ്തുവെന്ന് അറിഞ്ഞ് കാണാൻ വന്നതാണ്. കഴിഞ്ഞ വർഷം ബാലയ്ക്കെതിരെ ഒരു പരാതി പൊലീസിനു ഞാൻ നൽകിയിരുന്നു. എന്റെ വീട്ടിൽ അതിക്രമിച്ചു കയറി സാധനങ്ങളൊക്കെ വലിച്ചെറിഞ്ഞ് ഇയാൾ വധ ഭീഷണി മുഴക്കിയിരുന്നു. എന്റെ സുഹൃത്തിനു നേരെ തോക്ക് ചൂണ്ടി എന്നെയും കൊല്ലും അവനെയും കൊല്ലും എന്നു പറഞ്ഞുപോയവനെതിരെ പരാതി കൊടുത്തിട്ട് ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

ഇപ്പോൾ പോലും അതിന്റെ റിപ്പോർട്ട് എനിക്കു കിട്ടിയിട്ടില്ല. ഇങ്ങനെയുള്ള നൊട്ടോറിയസ് ആളുകൾ ഇവിടെ അഴിഞ്ഞാടുകയാണ്. ഇതുകൂടാതെ തന്നെ മാനേജറെ ബാല തല്ലി എന്ന വാർത്തയും പുറത്തുവന്നിരുന്നു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഓൺലൈനില്‍ മാത്രമല്ല, ബാല പുറത്ത് നേരിട്ടിറങ്ങി  പ്രശ്നമുണ്ടാക്കുന്ന ആളാണ്.

തോക്ക് വരെ സ്വന്തമായി കൊണ്ടുനടക്കുന്നു. ആ തോക്കിനെപ്പറ്റിയും അന്വേഷണമില്ല. കമ്മിഷണർ ഓഫിസിലും പരാതി നൽകിയിരുന്നു. ഇതുപോലുള്ള ആളുകളെ ഇങ്ങനെ അഴിഞ്ഞാടാന്‍ വിടുന്നത് പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്. ഇപ്പോഴും അവന്റെ മുന്നിൽ അവർ ഓച്ചാനിച്ച് നിൽക്കുകയാണ്. ഈ അതിഥി സെലിബ്രിറ്റിയെയൊന്നും പൊക്കി നടക്കേണ്ട ആവശ്യം പൊലീസിനില്ല.

എന്നെ പിടിച്ചപ്പോൾ പൊലീസ് എല്ലാക്കാര്യങ്ങളും ദ്രുതഗതിയിലായിരുന്നു. തെളിവെടുക്കാന്‍ കൊണ്ടുപോകുന്നു, എന്തൊക്കെ. എന്റെ പരാതിയിൽ മൂന്ന് ദിവസത്തിനു ശേഷമാണ് പൊലീസ് ബാലയുടെ വീട്ടിൽപോകുന്നത്. എന്നിട്ട് മൊഴിയെടുത്ത ശേഷം തിരിച്ചുപോയി. അന്ന് ആറാട്ടണ്ണൻ ബാലയുെട വീട്ടിൽ ഉണ്ടായിരുന്നു. അവരത് കണ്ടുപോലുമില്ല. അയാളെ ബാല അന്ന് പിടിച്ചുവച്ചിരിക്കുകയായിരുന്നു.’’–അജു അലക്സിന്റെ വാക്കുകൾ.

നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് കാണിച്ച് ബാല മാസങ്ങൾക്കു മുമ്പ് താരസംഘടനയായ ‘അമ്മ’യിലും പാലാരിവട്ടം പൊലീസിലും ‘ചെകുത്താനെ’തിരെയും സന്തോഷ് വർക്കി എന്ന ആറാട്ടണ്ണനെതിരെയും പരാതി നൽകിയിരുന്നു.

തുടർന്ന് ബാലയുടെ പരാതി ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ദീഖ് ഗൗരവമായി എടുക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ബാലയുടെ പരാതിയിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ സന്തോഷ് വർക്കിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മേലിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് എഴുതി ഒപ്പുവപ്പിച്ചു. ഇനിയും ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ കേസെടുക്കുമെന്ന് പൊലീസ് ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English Summary:

YouTuber Chekuthan Claims Police Inaction After Actor Bala's Alleged Gun Threat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com