കൊറിയൻ ചിത്രങ്ങളോടു കിടപിടിക്കുന്ന സിനിമ; ജോജുവിനെ പ്രശംസിച്ച് അനുരാഗ് കശ്യപ്
Mail This Article
ജോജു ജോർജ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘പണി’യെ പ്രശംസിച്ച് പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ്. കൊറിയൻ ന്യൂ വേവ് ചിത്രങ്ങളോടു കിട പിടിക്കുന്ന ചിത്രമാണ് ജോജു ജോർജിന്റേത് എന്നായിരുന്നു അനുരാഗ് കശ്യപിന്റെ പരാമർശം. സിനിമയുടെ പ്രിവ്യൂ കണ്ടതിനുശേഷമാണ് സംവിധായകന്റെ പ്രതികരണം.
അനുരാഗ് കശ്യപിന്റെ വാക്കുകൾ: "മലയാളം സിനിമ വീണ്ടും ഞെട്ടിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നു. ജോജു ജോർജിന്റെ അതിശക്തമായ ത്രില്ലർ സിനിമ കണ്ടു. ആത്മവിശ്വാസമുള്ള ഒരു സൂപ്പർ സംവിധായകനായി ജോജു ജോർജ് ബഹുദൂരം പിന്നിട്ടിരിക്കുന്നു. ചില കൊറിയൻ ന്യൂ വേവ് സിനിമകളോടു കിട പിടിക്കുംവിധമാണ് സിനിമ. ഒരിക്കലും ഈ സിനിമ മിസ് ആക്കരുത്. ഒക്ടോബർ 24നാണ് ചിത്രത്തിന്റെ റിലീസ്."
സമൂഹമാധ്യമ അക്കൗണ്ടിലൂടെയായിരുന്നു അനുരാഗ് കശ്യപിന്റെ പ്രതികരണം. സംവിധായകന്റെ വാക്കുകൾക്ക് നന്ദി അറിയിച്ച് ജോജു ജോർജും കമന്റ് ചെയ്തു. ‘ഒരുപാട് നന്ദി സർ. താങ്കൾ എപ്പോഴും സിനിമയിലേക്കുള്ള എന്റെ പ്രചോദനമായിരുന്നു. താങ്കളുടെ ഈ വാക്കുകൾ എന്നെ വിനയാന്വിതനാക്കുന്നു,’ ജോജു കുറിച്ചു.
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഒരേ സമയം റിലീസിമ് എത്തുന്ന ചിത്രം ഹെവി ആക്‌ഷൻ പാക്ക്ഡ് ഫാമിലി എന്‍റർടെയ്നറാണ്. ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലുള്ള സിനിമകളിലും മുമ്പ് അഭിനയ വേഷമിട്ടിട്ടുണ്ട്.
സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജോജുവിന്‍റെ തന്നെ പ്രൊഡക്‌ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.