കേന്ദ്രമന്ത്രി ആകണ്ടേയെന്ന് സുരേഷ് ഗോപി; രസികൻ മറുപടിയുമായി മമ്മൂട്ടി
Mail This Article
മഴവിൽ എന്റർടെയ്ന്‍മെന്റ് അവാർഡ്‌സിന്റെ അണിയറക്കാഴ്ചകൾ വൈറൽ ആകുന്നു. മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും മുതൽ പുതുതലമുറയിലെ ഷെയ്ൻ നിഗവും സജിൻ ഗോപുവും വരെ വിഡിയോയിൽ ഉണ്ട്. മലയാള സിനിമയിലെ സൗഹൃദക്കൂട്ടായ്മയാണ് ഈ വിഡിയോയിലൂടെ വെളിവാകുന്നതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
പരിപാടിയുടെ റിഹേഴ്സൽ കാണാനും സഹപ്രവർത്തകരുടെ വിശേഷങ്ങൾ തിരക്കാനുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയും എത്തിയിരുന്നു. തിരികെ പോകവെ മമ്മൂട്ടിയുമായി താരം നടത്തിയ രസകരമായ സംഭാഷണം വൈറലായി. തിരികെ പോകാൻ കാറിൽ കയറാൻ ഒരുങ്ങിയ സുരേഷ് ഗോപി മമ്മൂട്ടിയോട് പറഞ്ഞത് ഇങ്ങനെയാണ്, ‘‘അവിടുന്ന് (കേന്ദ്രത്തിൽ നിന്ന്) എന്നെ പറഞ്ഞ് അയച്ചാൽ ഞാൻ ഇങ്ങ് വരും കേട്ടോ’’ എന്നാണ്. ഉടൻ മമ്മൂട്ടിയുടെ മറുപടിയെത്തി. ‘‘നിനക്ക് ഇവിടത്തെ (സിനിമ) ചോറ് എപ്പോഴുമുണ്ട്!’’
ശേഷം സമീപത്ത് കൂടി നിന്ന സിനിമാക്കാരിൽ ആരോ മമ്മൂട്ടിയെയും കേന്ദ്രമന്ത്രിയാക്കണമെന്ന് പറഞ്ഞു. ഉടൻ സുരേഷ് ഗോപിയുടെ മറുപടിയെത്തി, ‘‘ഞാൻ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്.... കേൾക്കണ്ടേ!’’ സുരേഷ് ഗോപിയുടെ വാക്കുകൾ കേട്ട് മമ്മൂട്ടി സമീപത്ത് നിന്ന് പൊട്ടിച്ചിരിക്കുകയാണ്. ശേഷം തൊഴുതുകൊണ്ട് മമ്മൂട്ടിയുടെ വക ഒരു കൗണ്ടർ എത്തി. ‘‘ഇതല്ലേ അനുഭവം... ഞാൻ ഇങ്ങനെ അങ്ങ് ജീവിച്ച് പൊയ്ക്കോട്ടേ!’’ അതോടെ സുരേഷ് ഗോപിയടക്കം ചുറ്റും കൂടി നിന്നവരെല്ലാം ചിരിയായി.
താരങ്ങളുടെ വിഡിയോ ആരാധകർ ഏറ്റെടുത്തു. അടുത്ത സുഹൃത്തുക്കൾ തമ്മിലുള്ള സരസമായ സംസാരം കേട്ടിരിക്കാൻ തന്നെ സുഖമാണെന്നാണ് കമന്റുകൾ. സ്‌കിറ്റിന് വേണ്ടി വേഷം മാറി നിൽക്കുന്ന മോഹൻലാലിനെ കണ്ട് ഇതാര് എന്ന് ചോദിക്കുന്ന മമ്മൂട്ടിയും സമീപത്തേക്ക് വന്ന് കെട്ടിപിടിക്കുന്ന സുരേഷ് ഗോപിയെയുമെല്ലാം ആരാധകർ ആഘോഷിക്കുന്നുണ്ട്.